കടന്ന് പോയത്, ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂട് കൂടിയ ജൂണ്‍ മാസം

Published : Jul 08, 2025, 08:55 AM ISTUpdated : Jul 08, 2025, 09:29 AM IST
Hottest moth

Synopsis

ആഗോള താപനം ഭൂമിയുടെ ചൂട് കൂട്ടുകയാണെന്ന് ഒരോ വര്‍ഷം കഴിയുമ്പോഴും കൂടി വരുന്ന താപനില തെളിവ് നല്‍കുന്നു.

 

ജൂണിൽ സ്കൂൾ തുറന്നാല്‍ പിന്നെ കേരളത്തില്‍ മഴയാണ്. ഇത്തവണയും അതില്‍വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വടക്കന്‍ കേരളത്തില്‍ മഴ കൂടിയതൊഴിച്ചാല്‍. എന്നാല്‍, 2025 -ലെ ജൂണ്‍ മാസം ലോകത്തിന് ഏറ്റവും കൂടേറിയ മാസമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നൈജീരിയ മുതല്‍ ജപ്പാന്‍ വരെയും പാകിസ്ഥാന്‍ മുതല്‍ സ്പെയിന്‍ വരെയും ചൂടേറിയ കാലമാണ് കടന്ന് പോയത്. ഏതാണ്ട് 12 ഓളം രാജ്യങ്ങളില്‍ ഇതുവരെ രേഖപ്പടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു കടന്ന് പോയത്. 26 രാജ്യങ്ങളില്‍ ചൂട് പതിവിലും കൂടുതലായും രേഖപ്പെടുത്തിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള താപനത്തിന്‍റെ ഫലമായി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഏകദേശം 790 ദശലക്ഷം പേര്‍ക്ക് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു അനുഭവപ്പെട്ടത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ എന്നിവയുൾപ്പെടെ മറ്റ് 26 രാജ്യങ്ങളിൽ ജൂൺ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ രണ്ടാമത്തെ മാസമായി മാറി.

യൂറോപ്പ്

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ആഗോളതാപനത്തിന്‍റെ ഫലമായി ഇത്തവണ ഉഷ്ണതരംഗങ്ങൾ കൂടുതലായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് അധികം ചൂടാണ് യൂറോപ്പില്‍ ജൂണ്‍ മാസത്തില്‍ അനുഭവപ്പെട്ടത്. വേനൽക്കാലത്തിന്‍റെ തുടക്കത്തിൽ ജൂൺ അവസാനത്തോടെ തെക്ക് പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ ഒരു ഉഷ്ണതരംഗം കഠിനമായിരുന്നു. ഫ്രാൻസിലെ പാരീസിലും ബെൽജിയം, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലും കൊടും ചൂട് അനുഭവപ്പെട്ടു. സ്വിറ്റ്സർലൻഡ്, ഇറ്റലി, ബാൾക്കൻ രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ ഏകദേശം 15 രാജ്യങ്ങളിൽ താപനില ജൂണിലെ ശരാശരിയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. സ്പെയിൻ, ബോസ്നിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു രേഖപ്പെടുത്തപ്പെട്ടത്.

ഏഷ്യ

1898-ൽ കാലാവസ്ഥ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ജപ്പാനിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ ജൂണായിരുന്നു കടന്ന് പോയത്. ജപ്പാനിലെ 14 നഗരങ്ങളിൽ ഉഷ്ണതരംഗത്തിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. തീരദേശ ജലത്തിന്റെ താപനില സാധാരണയേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് കൂടുതലായാണ് രേഖപ്പെടുത്തിയത്. രേഖപ്പെടുത്തപ്പെട്ടതില്‍ വച്ച് ഏറ്റവും ചൂടേറിയ ജൂണാണ് ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും അനുഭവപ്പെട്ടത്. രണ്ട് രാജ്യങ്ങളിലെയും താപനില ശരാശരിയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു.

ചൈനയിലെ 102 കാലാവസ്ഥാ കേന്ദ്രങ്ങൾ ജൂൺ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തി, ചിലയിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്ന് റിപ്പോർട്ട് ചെയ്യാപ്പെട്ടു. പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടുള്ള മാസമായിരുന്നു ജൂണ്‍. കാബൂളില്‍ ജലക്ഷാമം അതിരൂക്ഷമായി.

ആഫ്രിക്ക

മധ്യ, കിഴക്കൻ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും അസാധാരണമാംവിധം ചൂടായിരുന്നു. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ദക്ഷിണ സുഡാൻ, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ 2024 ന് ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂൺ. ദക്ഷിണ സുഡാനിൽ, ജൂൺ മാസത്തിലെ സാധാരണ ശരാശരിയേക്കാൾ 2.1 ഡിഗ്രി സെൽഷ്യസ് താപനില കൂടുതലായിരുന്നു. തലസ്ഥാനമായ ജുബയിൽ ചൂട് കൂടി വിദ്യാർത്ഥികൾ തളർന്ന് വീണതിനാല്‍ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടി. കൂടിയ ചൂട് സ്ഥിരമായി രേഖപ്പെടുത്താറുള്ള ആഫ്രിക്കയെ പോലും തളര്‍ത്തുന്ന തരത്തില്‍ ചൂട് ഉയരുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ