കശ്‌മീരി പണ്ഡിറ്റുകൾ : ഒറ്റദിവസം കൊണ്ട് ജന്മനാട്ടിൽ അഭയാർത്ഥികളായവർ, ഒരു തിരിച്ചുപോക്ക് ഇനിയെന്ന് ?

By Web TeamFirst Published Feb 6, 2020, 11:24 AM IST
Highlights

 പണ്ഡിറ്റ് കുടുംബങ്ങൾക്ക് വന്ന പല ഭീഷണി സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, "മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ തുടർന്നാൽ, ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും"

കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന, അവിടത്തെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന ഒരുകൂട്ടം കശ്മീരി പണ്ഡിറ്റുകൾക്ക് അവർ ജനിച്ചുവളർന്ന നാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോരേണ്ടി വന്നിട്ട് മൂന്നു പതിറ്റാണ്ടു തികയുകയാണ്. എന്നും വിവാദങ്ങൾക്കുള്ള വിഷയമാണ് ആ പലായനവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കാര്യങ്ങളും തന്നെ. എന്തിന്റെ പേരിലാണ് അവർക്ക് കൂടും കുടുക്കയുമെടുത്ത് രായ്ക്കുരാമാനം ജീവനും കൊണ്ടോടേണ്ടി വന്നത്? 1990 ജനുവരിക്കും മാർച്ചിനുമിടയിൽ എത്ര പേരാണ് പലായനം ചെയ്തത്? എത്ര പേരാണ് അവിടെ കൊല്ലപ്പെട്ടത് ? ബലാത്സംഗത്തിന് ഇരയായത്? അവർക്ക് നീതികിട്ടിയോ?

കാശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമായ, വിധു വിനോദ് ചോപ്രയുടെ ഷികാര എന്ന ചിത്രം ഫെബ്രുവരി 7 -ന് രാജ്യത്തെങ്ങും റിലീസാകുമ്പോൾ, പ്രസക്തമാകുന്ന മറ്റൊരു ചോദ്യം ഇതാണ്, നാടും വീടും വിട്ടോടിപ്പോകേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് ഇനി എന്നെങ്കിലും സ്വന്തം ജീവിതപരിസരങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമാണോ? 

ഈ ചോദ്യങ്ങൾ എന്നും ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്റെ എരിതീയിൽ എണ്ണപകരാൻ വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രയോജനപ്പെടുത്തിവന്നിട്ടുള്ളത്. ഉത്തരേന്ത്യയുടെ രാഷ്ട്രീയ ധിഷണയ്ക്കുമേൽ വലതുപക്ഷ രാഷ്ട്രീയം ചുവടുറപ്പിക്കുന്ന തൊണ്ണൂറുകളിൽ തന്നെയാണ് ഈ പലായനവും നടന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വർഷങ്ങളായി ഹിന്ദുത്വ രാഷ്ട്രീയം എന്നും മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളിൽ ഒന്നും ഇതുതന്നെയാണ്. 

പലായനത്തിന്റെ പശ്ചാത്തലം 

1975 -ലെ കശ്മീർ ഉടമ്പടിയിൽ ഒപ്പുവെച്ചത് കാശ്മീരികളുടെ പ്രിയ നേതാവ് ഷേക്ക് അബ്ദുള്ള തന്നെയായിരുന്നു. അത് ജമ്മു കശ്മീർ സംസ്ഥാനത്തെ ഇന്ത്യൻ യൂണിയനോട് കൂടുതൽ ചേർത്തുനിർത്താൻ പരിശ്രമിക്കുന്ന ഒന്നായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു ശ്രമത്തിനെതിരെ താഴ്‌വരയിൽ വിമതസ്വരങ്ങൾ ഉയർന്നുവന്നു. താഴ്വര വിഘടനവാദത്തിനുള്ള അരങ്ങായി മാറി. ജമായത്ത്-എ-ഇസ്ലാമി കശ്‌മീർ,  പീപ്പിൾസ് ലീഗ്, ജമ്മു കശ്മീർ ലിബറേഷൻ ഫോഴ്‌സ് (JKLF) എന്നിങ്ങനെ പല കക്ഷികളും എതിർപക്ഷത്ത്‌ അണിനിരന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആ വിഘടനവാദത്തിന് പരമാവധി കാറ്റുപകർന്നുകൊണ്ട് 'ആസാദ് കശ്മീർ' എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിച്ചു. അന്ന് കശ്മീരിലെ പ്രസന്നസാന്നിധ്യമായിരുന്ന 'സൂഫിസ'ത്തെ തുടച്ചു നീക്കിക്കൊണ്ട് 'വഹാബി'സത്തിന്റെ കൂടുതൽ യാഥാസ്ഥിതികമായ വേരുകൾ ഉറപ്പിക്കാൻ ആ കോക്കസ് പരമാവധി ശ്രമിച്ചു. 

ഒരു പരിധിവരെ ആ കക്ഷികളുടെ  താത്പര്യത്തിനൊത്തു തുള്ളാതെ ഷേക്ക് അബ്ദുള്ളയുടെ സർക്കാരിനും, ജനങ്ങൾക്കിടയിൽ നിലനില്പില്ലായിരുന്നു. എൺപതുകളുടെ മധ്യത്തോടെ താഴ്വരയിലെ 2500 -ലധികം സ്ഥലങ്ങളുടെ പേര് ഇസ്ലാമികവൽക്കരിച്ചുകൊണ്ട് അബ്ദുള്ളയും അതിനു കൂട്ടുനിന്നു. കശ്മീരിലെ ആരാധനാലയങ്ങളിൽ ഷേഖ് അബ്ദുള്ള നടത്തിയ പ്രസംഗങ്ങളിൽ താഴ്വരയിലെ ഹിന്ദു ന്യൂനപക്ഷത്തിനെ പലപ്പോഴും പരാമർശിച്ചിരുന്നത് ഇന്ത്യൻ ഗവണ്മെന്റിന്റെ മുഖ്‌ബിറുകൾ (ചാരന്മാർ) എന്നായിരുന്നു. എൺപതുകൾ തീവ്രവാദത്തിന് വളക്കൂറുള്ള ദശകമായിരുന്നു. സോവിയറ്റ് റഷ്യക്കെതിരായി അഫ്‌‌ഗാനിൽ നടന്ന ജിഹാദിസ്റ്റ് മുന്നേറ്റം, ഇറാനിലെ ഇസ്‌ലാമിക വിപ്ലവം, പഞ്ചാബിലെ ഖാലിസ്ഥാനി പ്രസ്ഥാനം അങ്ങനെ നാലുപാടും ഭീകരവാദത്തിന്റെ വിളയാട്ടമായിരുന്നു. 

1984 - കശ്മീരിന്റെ ചരിത്രത്തിലെ ഏറെ നിർണായകമായ വർഷമായിരുന്നു അത്. അക്കൊല്ലമായിരുന്നു മക്ബൂൽ ഭട്ട് എന്ന JKLF തീവ്രവാദിയെ ഇന്ത്യൻ ഗവണ്മെന്റ് തിഹാർ ജയിലിൽ തൂക്കിക്കൊല്ലുന്നത്. അത് താഴ്‌വരയിൽ ഏറെ സംഘർഷങ്ങൾക്ക് വഴിവെച്ചു. നിരവധി അക്രമസംഭവങ്ങൾ നടന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രതികരണങ്ങൾ ഉണ്ടായി. 1982 -ൽ ഷേക്ക് അബ്ദുള്ള മരിച്ച് മകൻ ഫാറൂഖ് അബ്ദുള്ള ഭരണത്തിലേറിക്കഴിഞ്ഞിരുന്നു എങ്കിലും വിഘടന ശക്തികളുമായി അദ്ദേഹത്തിനുണ്ടായിരുന്ന സാമീപ്യം കേന്ദ്രത്തിന് അദ്ദേഹത്തെ അപ്രിയനാക്കി. ഒടുവിൽ കേന്ദ്രത്തിന്റെ സഹായത്തോടെ ഫാറൂഖ് അബ്ദുള്ളയുടെ ഭാര്യാസഹോദരനായ ജി എം ഷാ  ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിപദത്തിലേറുന്നു. തങ്ങളുടെ പ്രിയങ്കരനായിരുന്ന ഫാറൂഖ് അബ്ദുള്ള രായ്ക്കുരാമാനം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെ കശ്മീർ ജനത 'രാഷ്ട്രീയ അട്ടിമറി' എന്നാണ് കണ്ടത്. അത് നാട്ടിൽ ഏറെ സംഘർഷങ്ങൾക്ക് കാരണമായി. 

ജനങ്ങളുടെ പിന്തുണ ഇല്ലെന്നു ബോധ്യപ്പെട്ടതോടെ ഷാ സമീപിച്ചത് ഇസ്ലാമിസ്റ്റുകളായ മൗലവി ഇഫ്തികാർ അഖ്തർ ഹുസ്സൈൻ അൻസാരി, മുഹമ്മദ് ഷാഫി ഖുറേഷി, മൊയിനുദ്ദീൻ സലാത്തിഎന്നിവരെയാണ്. അവരാണെങ്കിൽ വിഘടനവാദത്തിന്റെ നാരായവേരുകളും. അവർക്കൊക്കെ അങ്ങനെ അന്ന് മുഖ്യധാരാ കശ്മീരി രാഷ്ട്രീയത്തിൽ ഇടം കിട്ടി. 1986 -ൽ രാജീവ് ഗാന്ധി ബാബ്‌റി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കുള്ള സൗകര്യം ചെയ്തുകൊടുത്തതിന്റെ അനുരണനവും അങ്ങ് കാശ്മീരിൽ ഉണ്ടായി. അക്കൊല്ലം തന്നെ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മണ്ഡലമായ അനന്ത് നാഗിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നു. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ ബിസിനസ് സ്ഥാപനങ്ങളും, സ്വത്തുവകകളും കൊള്ളയടിക്കപ്പെട്ടു. അതൊക്കെ വിഘടനവാദികളുടെ അക്കൗണ്ടിലാണ് ചെന്നുകയറിയത്.  അതേ കൊല്ലം ഷാ സർക്കാരിനെതിരെ പൊതുജനരോഷം അലയടിച്ചപ്പോൾ രാജീവ് ഗാന്ധി സർക്കാർ വീണ്ടും ഫാറൂഖ് അബ്ദുള്ളയെത്തന്നെ മുഖ്യമന്ത്രിയാക്കി, ഭരണമേല്പിച്ചു. 1989 -ൽ അന്ന് വിപി സിംഗ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നാ മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യാ സയീദിനെ  JKLF തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. തങ്ങളുടെ 13 തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിച്ച ശേഷം മാത്രമേ അവർ റുബയ്യയെ വിട്ടുള്ളൂ. അതും രാഷ്ട്രീയ ഏറെ സംഘർഷങ്ങൾക്ക് കാരണമായി. 

അപ്പോഴേക്കും കശ്മീരി പണ്ഡിറ്റുകൾ കൃത്യമായി ഇരയുടെ സ്ഥാനത്തേക്ക് കൊണ്ട് നിർത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവർക്ക്  . 'ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക' എന്നിങ്ങനെ മൂന്ന് വഴികൾ നിർദേശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ താഴ്‌വരയിൽ എങ്ങും പ്രത്യക്ഷപ്പെട്ടുഅതിനു പിന്നാലെയായി, ഇനി ഇല്ലാതാക്കാൻ പോകുന്ന കശ്മീരി പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റും തീവ്രവാദസംഘടനകൾ  പുറത്തിറക്കുന്നു. അതോടെ താഴ്വരയിലെ കശ്മീരി പണ്ഡിറ്റ് ജനത ആകെ പരിഭ്രാന്തരാകുന്നു. ഏറ്റവും ഒടുവിലായി, ഒരു പ്രാദേശിക പത്രത്തിൽ ഒരു അന്ത്യശാസനം കൂടി അച്ചടിച്ചു വന്നതോടെ എല്ലാം പൂർണമാകുന്നു.

ആയിടെ കശ്മീരിലെ പ്രമുഖരായ പണ്ഡിറ്റ് കുടുംബങ്ങൾക്ക് വന്ന പല ഭീഷണി സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, "മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ തുടർന്നാൽ, ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും". തുടക്കത്തിൽ വന്ന ഈ ഭീഷണികൾക്ക് പിന്നാലെ, ആദ്യ കൊലപാതകം നടക്കുന്നത് 1989  സെപ്റ്റംബർ 13 -നാണ്. ടീകാ ലാൽ ടപ്‌ലു എന്ന താഴ്വരയിലെ പ്രസിദ്ധനായ ബിജെപി നേതാവ് ഭീകരവാദികളുടെ വെടിയേറ്റ് മരിക്കുന്നു.  JKLF നേതാവായ മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ച ജഡ്ജ്, നീൽ കാന്ത് ഗുൻജു, നവംബർ നാലാം തീയതി, ശ്രീനഗർ കോടതിക്ക് പുറത്തുവെച്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ഡിസംബർ 27 സുപ്രസിദ്ധ ജേർണലിസ്റ്റും അഭിഭാഷകനുമായ പ്രേം നാഥ് ഭട്ട് വെടിയേറ്റ് കൊല്ലപ്പെടുന്നു.  

1990 ജനുവരി 19 - ഏറെ നിർണ്ണായകമായ ആ രാത്രി 

കാര്യങ്ങൾ വല്ലാതെ വഷളായ ദിവസമായിരുന്നു അത്.  ഫാറൂഖ് അബ്ദുള്ളയുടെ മന്ത്രിസഭ വീണ്ടും പിരിച്ചുവിടപ്പെട്ടു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. പ്രദേശത്തുള്ള നിരവധി ലൗഡ് സ്പീക്കറുകളിൽ നിന്ന് കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെ നിത്യം ഭീഷണികൾ മുഴങ്ങിത്തുടങ്ങി. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾക്ക് തെരുവുകൾ സാക്ഷ്യം വഹിച്ചു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയായി എന്ന് ബോധ്യപ്പെട്ടതോടെ കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാനുള്ള ശ്രമങ്ങൾ തുടങ്ങി. ജനുവരി 20 -ന്, കയ്യിൽ കിട്ടിയതെല്ലാം ഭാണ്ഡത്തിലാക്കി കശ്മീരി പണ്ഡിറ്റുകളുടെ ആദ്യസംഘം താഴ്‌വര വിട്ടു. അതിനുശേഷവും അവിടെ തുടർന്ന പണ്ഡിറ്റുകളിൽ പലരും പിന്നീടുള്ള ദിവസങ്ങളിൽ താഴ്‌വരയിൽ വധിക്കപ്പെട്ടു. ആ വധങ്ങൾ സൃഷ്‌ടിച്ച ഭീതി ആദ്യത്തേതിനേക്കാൾ വലിയതോതിലുള്ള മറ്റൊരു കൂട്ടപ്പലായനത്തിന് വഴിവെച്ചു. ആദ്യത്തേതിന്റെ ഇരട്ടി പണ്ഡിറ്റുകൾ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന ഈ പലായനത്തിൽ നാടുവിട്ടോടി. 
 


 

ജനുവരി 21 -ന് നടന്ന വെടിവെപ്പിൽ എതിർപക്ഷത്തും വൻ ആൾനാശമുണ്ടായി. സിആർപിഎഫ് ഭടന്മാർ ഗവ്ക്കൽ പാലത്തിൽ വെച്ച് ചുരുങ്ങിയത് 50  കശ്മീരി മുസ്ലിം പ്രതിഷേധക്കാരെയെങ്കിലും വെടിവെച്ചു കൊന്നു. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഗവ്ക്കലിൽ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും,  ഗവ്ക്കൽ കൂട്ടക്കൊലയും ചേർന്ന് ഇരു സമുദായങ്ങളെയും ഇനി ഒന്നിച്ചു ചേരാൻ പറ്റാത്ത വിധം അകറ്റി. അത് തുടക്കമിട്ടത് കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കാണ്.

നിരവധി കാശ്മീരി ഹിന്ദു സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെട്ടു. നിരവധിപേർ ബലാത്സംഗത്തിന് ഇരയായി. സാമൂഹ്യ പ്രവർത്തകനായ സതീഷ് ടിക്കൂ തന്റെ വീടിനു പുറത്തുവെച്ച് വെടിയേറ്റുമരിച്ചു. ഫെബ്രുവരി 13 -ന് ശ്രീനഗർ ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്ന ലാസ്സ കൗൾ വെടിയേറ്റു മരിച്ചു. എം എൻ പോൾ എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു കൊന്നു. ഭർത്താവിന്റെ ജോലി വഴി അവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ഉണ്ടായിരുന്ന വിദൂരബന്ധം മാത്രമായിരുന്നു കാരണം. സർവാനന്ദ് കൗൾ പ്രേമി എന്ന കാശ്മീരി കവിയെയും അവർ അന്ന് വെടിവെച്ചു കൊന്നു. ഭഗവദ് ഗീത കാശ്മീരി ഭാഷയിലേക്ക് മൊഴിമാറ്റിയ വിദ്വാനായ കവിയെ തന്റെ മകനോടൊപ്പം നടന്നു പോകവേ ആയിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത്. മകനെയും അവർ വെറുതെ വിട്ടില്ല. അതോടെ ആകെ ഭയന്നുപോയ കാശ്മീരി പണ്ഡിറ്റുകൾക്ക് തങ്ങളുടെ പുരയിടങ്ങളും, കൃഷിഭൂമികളും, ബംഗ്ലാവുകളും, വീടുകളും, അമ്പലങ്ങളും ഒക്കെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. കയ്യിൽ കിട്ടിയതൊക്കെ എടുത്ത്, കിട്ടിയ വാഹനങ്ങളിൽ കയറി അവർ രാത്രിക്കു രാത്രി ഓടി രക്ഷപ്പെടുകയായിരുന്നു താഴ്‌വരയിൽ നിന്ന്. 

പലായനത്തിന്റെ കണക്ക് 

കണക്കുകൾ പലതുണ്ട്. അതിൽ ഏതാണ് ശരി എന്നറിയുക ക്ലിഷ്ടമാകും എന്നുമാത്രം. പാനൂൻ കശ്മീർ എന്ന സംഘടനയുടെ കണക്കു പ്രകാരം 1990 -നും 2011 -നും ഇടക്ക് കശ്മീർ താഴ്‌വരയിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 1341 ആണ്.  അവർ പറയുന്നത്, 1990 ജനുവരി മുതൽ  2000 വരെ പലപ്പോഴായി നാടുവിട്ടത് ഒന്നരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് എന്നാണ്. എന്നാൽ, അമേരിക്കൻ ചാരസംഘടനയായ സിഐഎ പറയുന്നത് ചുരുങ്ങിയത് പലായനം ചെയ്തവരുടെ എണ്ണം മൂന്നുലക്ഷമെങ്കിലും വരുമെന്നാണ്.  ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് 1989-1990 കാലത്താണ്. കലാപകലുഷിതമായ ഈ മൂന്നു പതിറ്റാണ്ടിനിടയിലും 800 -ലധികം കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ നാടുവിട്ടോടാൻ തയ്യാറാകാതെ അവിടെ തന്നെ തുടർന്നിട്ടുമുണ്ട്.
 


 

പലായനത്തിൽ ഗവർണർ ജഗ്‌മോഹന്റെ പങ്ക് 

അന്ന് പ്രസിഡന്റിന്റെ പ്രതിനിധിയായി ഗവർണർ ജഗ്‌മോഹൻ ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. പുതുതായി സ്ഥാനമേറ്റ അദ്ദേഹം താഴ്‌വരയിൽ എത്തിയ ജനുവരി 19 മുതൽ പണ്ഡിറ്റുകളോട് താഴ്വര വിട്ടുപോകാൻ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. അതോടെ അന്നുവരെ ഒരു കശ്മീരി പ്രശ്നം മാത്രമായിരുന്നാ ആ പ്രതിസന്ധിക്ക് മതത്തിന്റെ ലേബൽ കൂടി ചാർത്തിക്കിട്ടി. "ഹിന്ദു പണ്ഡിറ്റുകൾ എല്ലാം സ്ഥലംവിട്ടുപോയിക്കഴിഞ്ഞാൽ പട്ടാളത്തിന് ബോംബിട്ട് എല്ലാ തീവ്രവാദികളെയും കൊല്ലാമല്ലോ " എന്നായിരുന്നു അന്ന് പണ്ഡിറ്റുകൾക്ക് ഭരണകർത്താക്കളിൽ നിന്ന് കിട്ടിയ ആജ്ഞ എന്ന് പലരും സാക്ഷ്യം പറയുന്നു. 

കാശ്മീരിൽ ഭീതിയുടെ നിഴലിലാണ്ട തദ്ദേശവാസികളായ പണ്ഡിറ്റുകളെ പിടിച്ചുനിർത്താൻ പോന്ന ഒരു നടപടിയും ഗവർണറായ ജഗ്‌മോഹന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് പണ്ഡിറ്റുകൾ നീരസത്തോടെ ഓർക്കുന്നു. എന്തായാലും അന്നത്തെ ആ പലായനത്തെ തടഞ്ഞു നിർത്താൻ വേണ്ടി ഒരു ചെറുവിരൽ പോലും സർക്കാർ അനക്കിയില്ല. 

പണ്ഡിറ്റുകൾക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമോ?

എന്നെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ ഒന്നുമല്ല അന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടോടിപ്പോയത്. എന്നാൽ ആ പലായനത്തിന് ശേഷം താഴ്വര കടുത്ത തീവ്രവാദപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചതോടെ ഇനി ഒരിക്കലും തങ്ങൾക്ക് തിരിച്ചുപോകാൻ സാധിച്ചേക്കില്ല എന്ന് എന്ന് അവർക്ക് ബോധ്യപ്പെട്ടു. കാശ്മീരിൽ നിന്ന് ഓടിപ്പോയവരിൽ പലരും ജമ്മുവിൽ യാതൊരു വിധത്തിലുള്ള സൗകര്യവുമില്ലാതെ, ടെന്റടിച്ച് കഴിഞ്ഞുകൂടി.  അവിടെ നിന്ന് പലരും തങ്ങളുടെ ജീവിതങ്ങളെ ദില്ലി, പുണെ, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ അങ്ങനെ പലയിടത്തേക്കും പറിച്ചുനട്ടു. ജഗ്തി എന്ന പേരിൽ 4000 -5000  കുടുംബങ്ങൾക്ക് പാർക്കാൻ പാകത്തിന് രണ്ടുമുറികളുളള വീടുകളുടെ ഒരു സഞ്ചയം തന്നെ ജമ്മുവിൽ കഴിഞ്ഞ ദശകത്തിൽ പണിതീർക്കപ്പെട്ടിരുന്നു. അവിടെ ഇന്നും ആ കുടുംബങ്ങൾ പാർത്തുപോരുന്നു. അതിനു പുറമെ ജമ്മുവിലെ പുർഖൂ, നഗ്രോട്ട, മുത്തി തുടങ്ങിയ പലയിടത്തും പണ്ഡിറ്റുകളുടെ കോളനികളുണ്ട്. 

തങ്ങൾ ജനിച്ച, കളിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ കശ്മീരി പണ്ഡിറ്റുകൾക്ക് ഉള്ളിൽ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. അത് ഇന്നത്തെക്കാലത്ത് ഒരു അതിമോഹമാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് സത്യം. മാറിമാറി വരുന്ന സർക്കാരുകൾ അവരെ വർഷങ്ങളായി ആ പേരിൽ സ്വപ്‌നങ്ങൾ മാത്രം കാണിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങൾ 1990 -ൽ പിന്നിൽ ഉപേക്ഷിച്ചിട്ടുപോന്ന കശ്മീർ താഴ്‌വരയല്ല ഇന്നവിടെ ഉള്ളതെന്ന് അവർക്കറിയാം. അവർക്കുവേണ്ടി കശ്മീരിന്റെ ചിലഭാഗങ്ങളിലൊക്കെ കെട്ടിപ്പൊക്കിയ സെറ്റിൽമെന്റുകൾ, കമ്പിവേലികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന, പട്ടാളക്കാർ കാവൽകിടക്കുന്ന അഭയാർത്ഥി കേന്ദ്രങ്ങൾ മാത്രമാണ്. അവിടെയൊന്നും സ്വാഭാവിക ജീവിതം നയിക്കുക അത്ര എളുപ്പമല്ല. അവർ ഉപേക്ഷിച്ചു പോയ സ്വത്തുക്കൾ പലതും കലാപകാലത്ത് നശിപ്പിക്കപ്പെടുകയോ, കയ്യേറപ്പെടുകയോ, അനധികൃതമായി വിൽക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കും എന്നാണ് ബിജെപി ഇപ്പോഴും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. #HumWapasJayenge അഥവാ 'നമ്മൾ തിരിച്ചു പോവും' എന്ന ഹാഷ് ടാഗും ട്വിറ്ററിൽ സജീവമാണ്. എന്നാൽ ഇസ്രായേലിൽ ജൂതർക്ക് പണിതുനൽകിയപോലുള്ള  24 മണിക്കൂറും പട്ടാളസുരക്ഷയോടുകൂടിയ ക്യാമ്പുജീവിതം അവർക്ക് സ്വീകാര്യമല്ല.

പണ്ഡിറ്റുകൾ എന്ന അസ്തിത്വവും വെച്ചുകൊണ്ട് കശ്മീർ താഴ്‌വരയിൽ സ്വാഭാവികമായ ഒരു ജീവിതം തങ്ങൾക്കിനി തിരിച്ചു പിടിക്കാനാകുമോ എന്ന ആശങ്കയിലാണ് അവരിന്ന്.

 

click me!