15 ദിവസം പ്രായമായ കുഞ്ഞുമായി അവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക്...

By Web TeamFirst Published Aug 10, 2019, 12:22 PM IST
Highlights

മിനിയാന്ന് ഒരു ഒന്നരമണിയായതോടു കൂടിയാണ് വെള്ളം കയറിയത്. ടെറസിട്ട വീടാണ്. വെള്ളം കയറുന്നത് കണ്ടതോടെ ടെറസില്‍ കയറി. രാവിലെ ആയപ്പോള്‍ പിന്നേയും വെള്ളം ഉയര്‍ന്നു

കോഴിക്കോട്: തുരുത്തിയാട് അല്‍സലാമ ആശുപത്രിയിലെ ക്യാമ്പില്‍ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും മാറോടടുക്കിപ്പിടിച്ച് ഒരമ്മയുമുണ്ട്. ജൂലൈ അവസാനമാണ് തുരുത്തിയാട് സ്വദേശി അഥീന കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് കനത്ത മഴ പെയ്തു തുടങ്ങിയത്. അതോടെ വെള്ളം വീട്ടിലക്ക് ഇരച്ചുകയറി. അതോടെ അമ്മയും കുഞ്ഞുമടക്കം വീട്ടുകാര്‍ രക്ഷപ്പെട്ട് ക്യാമ്പിലേക്കെത്തുകയായിരുന്നു. 

അഥീന ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു: മിനിയാന്ന് ഒരു ഒന്നരമണിയായതോടു കൂടിയാണ് വെള്ളം കയറിയത്. ടെറസിട്ട വീടാണ്. വെള്ളം കയറുന്നത് കണ്ടതോടെ ടെറസില്‍ കയറി. രാവിലെ ആയപ്പോള്‍ പിന്നേയും വെള്ളം ഉയര്‍ന്നു. അപ്പോത്തന്നെ അല്‍സലാമയിലെ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയിട്ട് തന്നെ കുറച്ച് ദിവസങ്ങളായതേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ക്യാമ്പിലെത്തിയപ്പോള്‍ കുഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. രാത്രിയിലൊക്കെ ഉറങ്ങാനാവാതെ കരച്ചിലാണ്. വീട്ടില്‍ വെള്ളം താഴ്‍ന്നു തുടങ്ങിയിട്ടില്ല. ഇപ്പോഴും അതുപോലെ നില്‍ക്കുകയാണ്. 

വീട്ടില്‍ വെള്ളം കയറിത്തുടങ്ങിയപ്പോഴും അത് വീടിനെയാകെ മുക്കാനൊരുങ്ങിയപ്പോഴും അഥീനയും വീട്ടുകാരും കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു. നേരെയെത്തിയത് ഈ ദുരിതാശ്വാസ ക്യാമ്പിലാണ്. കോഴിക്കോട് മാത്രം 370 ഓളം ക്യാമ്പുകളാണുള്ളത്. 15 ദിവസം പ്രായമായ കുഞ്ഞ് മുതല്‍ വൃദ്ധര്‍ വരെ നിരവധി പേരാണ് ഈ ക്യാമ്പില്‍ തന്നെയുള്ളത്. 21000 ത്തോളം ജനങ്ങള്‍ ജില്ലയിലാകെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. 

(ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ നിന്നും)

click me!