ഇത് എല്ലാം മാറ്റിവെച്ച് പരസ്‍പരം ചേര്‍ന്നു നില്‍ക്കേണ്ട സമയമാണ്...

By Web TeamFirst Published Aug 11, 2019, 3:30 PM IST
Highlights

ഒരപകടത്തില്‍ പെട്ട് കൈനീട്ടും മുമ്പ് നമുക്ക് എന്തൊക്കെ ചോദിക്കാന്‍ അവസരം കിട്ടും? ജാതി, മതം, തെക്കന്‍-വടക്കന്‍, സാമ്പത്തികാവസ്ഥ??? ഒന്നിനും അവസരമുണ്ടാകില്ല രക്ഷപ്പെടണമെന്നല്ലാതെ അപ്പോള്‍ മനസിലൊന്നുമുണ്ടാകില്ല. അത്രേയുള്ളൂ... 

തിരുവനന്തപുരം: ദിവസങ്ങള്‍ തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ, ഉരുള്‍പൊട്ടല്‍... കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന്‍റെ നോവുമായും മുമ്പ് കേരളം മറ്റൊരു ദുരന്തം കൂടി കണ്‍മുന്നില്‍ കണ്ടിരിക്കുന്നു. പലയിടങ്ങളിലും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ജില്ലകളിലെല്ലാം കളക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം മുതലേ തളര്‍ന്നിരുന്ന കളക്ഷന്‍ സെന്‍ററുകള്‍ സജീവമാകുന്നുവെന്ന ആശ്വാസകരമായ വാര്‍ത്തകള്‍ ഇപ്പോള്‍ കേരളത്തിന്‍റെ പലഭാഗത്തുനിന്നും എത്തുന്നുണ്ട്. കളക്ഷന്‍ സെന്‍ററുകള്‍ സജീവമാകണം, ഇനിയെന്ത് എന്നറിയാതെ പകച്ചുനില്‍ക്കുന്നവര്‍ക്ക് ആശ്വാസമാകണം. അപ്പൊഴേ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ നേരിട്ട പോലെ ഈ കനത്ത മഴയേയും നമുക്ക് നേരിടാനാകൂ. 

കഴിഞ്ഞ പ്രളയകാലമോര്‍മ്മയില്ലേ? ജീവിതത്തിലൊരിക്കലും കാണാത്ത മഹാപ്രളയത്തില്‍ കേരള ജനതയൊന്നാകെ പകച്ചു നിന്ന നാളുകളായിരുന്നു അത്. രക്ഷിക്കൂ രക്ഷിക്കൂ... എന്ന നിലവിളികള്‍, ഒരു കഷ്ണം റൊട്ടിക്കും ഒരു തുള്ളി വെള്ളത്തിനുമായി മനുഷ്യര്‍ പൊട്ടിക്കരഞ്ഞ നാളുകള്‍... പക്ഷേ, ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ഇതാണ് കേരളം എന്ന് പറഞ്ഞ് ആ ദുരിതത്തെ നമ്മള്‍ നേരിട്ടു. രാപ്പകലില്ലാതെ മനുഷ്യര്‍ ഉണര്‍ന്നിരുന്നു. ഓരോ മൊബൈലും കമ്പ്യൂട്ടറുകളും ഓരോ രക്ഷാപ്രവര്‍ത്തനകേന്ദ്രങ്ങളായി. മനുഷ്യര്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് പരസ്പരം ചേര്‍ത്തു നിര്‍ത്തി. ഓഖി ദുരന്തത്തിന്‍റെ അടയാളം മായും മുമ്പായിരുന്നു സ്വന്തം ജീവന്‍ പോലും നോക്കാതെ, ഉപജീവനമാര്‍ഗ്ഗമായ വള്ളവുമെടുത്ത് മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് സൈന്യമായി മാറിയത്. ഇത്തവണയും അവര്‍ ഇറങ്ങിക്കഴിഞ്ഞു.

ഓരോ കളക്ഷന്‍ സെന്‍ററുകളും അന്ന് അവശ്യസാധനങ്ങളാലും സന്നദ്ധ പ്രവര്‍ത്തകരാലും നിറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് അത് കാണാനാകുന്നില്ല. എന്താണ് ഒറ്റ വര്‍ഷം കൊണ്ട് കേരളത്തിന് സംഭവിച്ചത്? പരസ്പരം ചേര്‍ത്തുനിര്‍ത്തേണ്ട മനുഷ്യര്‍ എന്തുകൊണ്ടാണ് അകന്നകന്നു പോകുന്നത്? കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ തെക്കന്‍ ജില്ലകളാണ് ദുരിതമനുഭവിച്ചതെങ്കില്‍ ഇത്തവണ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെല്ലാം സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷികളാവുകയാണ്. കവളപ്പാറയിലേയും പുത്തുമലയിലേയും ദുരന്തം തന്നെ കേരളത്തെ നടുക്കിയിരിക്കുന്നു. അതിനുപുറമെയാണ് ഓരോ ജില്ലയിലേയും മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ പലയിടങ്ങളിലും ആവശ്യത്തിന് സാധനങ്ങളില്ലെന്നും എത്തിക്കാനാളുകളില്ലെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. 
 
സഹായിക്കരുതെന്ന പ്രചാരണം...

അതിനിടയിലാണ് സുരക്ഷിത സ്ഥാനങ്ങളിലിരുന്നുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നുള്ള സന്ദേശം പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ പ്രതികരിച്ചു കഴിഞ്ഞു. ''സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. അത് മലയാളികൾക്കിടയിലല്ല കൂടുതലായും നടക്കുന്നത്. കേരളത്തിന് പുറത്താണ്. ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കരുതെന്ന തരത്തിലുള്ള പ്രചാരണം നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്...''
ഇത് സർക്കാർ ഗൗരവമായി സർക്കാർ കാണും. ഔദ്യോഗിക സംവിധാനത്തിലേക്ക് കിട്ടുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. അത് പാവങ്ങൾക്കുള്ള കൈത്താങ്ങാണ്
എന്നും മുഖ്യമന്ത്രി പറയുന്നു. 

അതുപോലെതന്നെ, സോഷ്യല്‍ മീഡിയയിലടക്കം തെക്കന്‍-വടക്കന്‍ പോര് മുറുകുന്നത്... ആരാണ് നമ്മളെ തെക്കനെന്നും വടക്കനെന്നും മാറ്റിനിര്‍ത്തുന്നത്.  ഒരപകടത്തില്‍ പെട്ട് കൈനീട്ടും മുമ്പ് നമുക്ക് എന്തൊക്കെ ചോദിക്കാന്‍ അവസരം കിട്ടും? ജാതി, മതം, തെക്കന്‍-വടക്കന്‍, സാമ്പത്തികാവസ്ഥ??? ഒന്നിനും അവസരമുണ്ടാകില്ല രക്ഷപ്പെടണമെന്നല്ലാതെ അപ്പോള്‍ മനസിലൊന്നുമുണ്ടാകില്ല. അത്രേയുള്ളൂ... പരസ്പരം ചേര്‍ത്തുനിര്‍ത്താനല്ലെങ്കില്‍ പിന്നെന്തിനാണ് മനുഷ്യര്‍, മനുഷ്യത്വം എന്നൊക്കെ ചൊല്ലി നമ്മള്‍ അഹങ്കരിക്കുന്നത്? 

ഇതിനു പുറമേയാണ്, സഹായാഭ്യാര്‍ത്ഥനയുമായി ചെല്ലുന്ന പലയിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ മുഖം തിരിക്കുന്നത്. നമുക്ക് വരാത്ത ദുരന്തങ്ങളാണ് എന്നതുകൊണ്ടാണോ നമ്മളിങ്ങനെ? ഓര്‍മ്മയില്ലേ, കഴിഞ്ഞ തവണ ഇന്ന് ക്യാമ്പുകളില്‍ കഴിയുന്ന പലരും സുരക്ഷിത സ്ഥാനത്തായിരുന്നിരിക്കും. അവരിലേറെപ്പേരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തെ സഹായിച്ചവരായിരിക്കും. സഹായിക്കത്തവരുമുണ്ടാകാം. പക്ഷേ, ഇത് പ്രകൃതിയുടെ കാര്യമാണ്. എവിടെ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് കരുതി തടയിടാനാവാത്ത ഒന്ന്. ഇന്ന് സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ നാളെ എന്ത് സംഭവിക്കുമെന്ന് പറയുക സാധ്യമല്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ പെട്ടവരാണ് എന്നും പറഞ്ഞ് നമ്മുടെ അരികിലേക്ക് പുതപ്പിനോ വസ്ത്രങ്ങള്‍ക്കോ ആയി എത്തിയവരെ ഓര്‍ക്കുന്നില്ലേ? അന്ന് ഇവിടെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ? ഇന്ന് നമുക്ക് ഉരുള്‍പൊട്ടല്‍ ദുരിതമോ, മഹാപ്രളയമോ ഒന്നും കേട്ടറിവല്ല. അതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അനുഭവിച്ചു കഴിഞ്ഞു. അതുകൊണ്ട്, കൂടെയുള്ളവരെ സഹായിക്കുക എന്നത് മനുഷ്യത്വപരമായുള്ള ഒരു കാര്യം മാത്രമാണ്. 

ഇത് അന്ധമായ വിരോധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സമയമല്ല. നമ്മില്‍ത്തന്നെയുള്ള പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരുമടക്കം ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സഹായിക്കുക എന്നത് തന്നെയാണ് ആദ്യത്തെ മനുഷ്യത്വം. ആ മനുഷ്യത്വത്തിലാണ് ഇപ്പോള്‍ കളക്ഷന്‍ സെന്‍ററുകള്‍ നിറയുന്നത്. 
 

click me!