
പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രകാരനായ നോസ്ട്രഡാമസ് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ കൊണ്ട് പ്രശസ്തനാണ്. ഇംഗ്ലണ്ടിലെ രാജ്ഞി ആയിരുന്ന എലിസബത്ത് മരിക്കുകയും മകൻ ചാൾസ് രാജാവാവുകയും ചെയ്തതോടെ നോസ്ട്രഡാമസിന്റെ ഒരു പ്രവചനം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ചാൾസ് രാജാവിന്റെ ഭരണം ഹ്രസ്വവും മധുരവുമാകുമെന്നായിരുന്നു നോസ്ട്രഡാമസിന്റെ പ്രവചനം. അദ്ദേഹത്തിന്റെ ഇളയ മകൻ ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുത്തേക്കാമെന്നും അഭിപ്രായമുയർന്നു തുടങ്ങിയിരിക്കയാണ് ഇപ്പോൾ.
1555 -ൽ എഴുതിയ നിഗൂഢ കവിതകളിൽ രാജ്ഞിയുടെ മരണത്തിന്റെ കൃത്യമായ വർഷം നോസ്ട്രഡാമസ് പ്രവചിച്ചതായി നോസ്ട്രഡാമസിന്റെ ദർശനങ്ങളിൽ വിദഗ്ദ്ധനും എഴുത്തുകാരനുമായ മരിയോ റീഡിംഗ് അഭിപ്രായപ്പെട്ടിരുന്നു.
"എലിസബത്ത് രാജ്ഞി 2022 -ൽ ഏകദേശം തൊണ്ണൂറ്റിയാറാം വയസ്സിൽ മരിക്കും. അമ്മയുടെ ആയുഷ്കാലത്തിന് അഞ്ച് വർഷം കുറവായിരിക്കും അത്" നോസ്ട്രഡാമസിന്റെ കവിതകളെക്കുറിച്ച് റീഡിംഗ് എഴുതിയത് ഇങ്ങനെയാണ്. നോസ്ട്രഡാമസ് തന്റെ ഒരു കവിതയിൽ 'ദ്വീപുകളുടെ രാജാവ്' എന്ന വാക്കുകൾ പരാമർശിച്ചത് ചാൾസ് രാജാവിനെ ഉദ്ദേശിച്ചാണ്. ചാൾസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് കോമൺവെൽത്തിന്റെ ഭൂരിഭാഗവും തകരുമെന്ന വസ്തുതയാണ് നോസ്ട്രഡാമസ് പരാമർശിച്ചത് എന്നും റീഡിംഗ് പറയുന്നു.
“2022 -ൽ സിംഹാസനം ഏറ്റെടുക്കുമ്പോൾ ചാൾസ് രാജകുമാരന് എഴുപത്തിനാല് വയസ്സ് തികയും. എന്നാൽ, ഡയാന രാജകുമാരിയുമായുള്ള വിവാഹമോചനത്തെത്തുടർന്ന് ബ്രിട്ടീഷ് ജനസംഖ്യയിൽ ഒരു വലിയ വിഭാഗത്തിന് അദ്ദേഹത്തിനെതിരെയുള്ള നീരസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്” എന്നും റീഡിംഗ് അഭിപ്രായപ്പെടുന്നു.
ചാൾസ് രാജാവ് തന്റെ പ്രായം കാരണം രാജാവിന്റെ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ നിർബന്ധിതനാകും. അതിനുശേഷം, സിംഹാസനം ഭരിക്കാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ വരും. ഒരിക്കലും രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും എന്നാണ് പറയുന്നത്. അതിന്റെ അർത്ഥം ചാൾസ് രാജാവിന്റെ മൂത്ത മകൻ വില്യം രാജകുമാരൻ ആയിരിക്കില്ല രാജാവുക എന്നാണ്. പകരം പ്രിൻസ് ഹാരി രാജാവാകും എന്നാണ് കരുതപ്പെടുന്നത് എന്നും റീഡിംഗ് അഭിപ്രായപ്പെട്ടു.
ഏതായാലും ചാൾസ് രാജാവിനെ ചുറ്റിപ്പറ്റി ഈ നോസ്ട്രഡാമസ് പ്രവചനം വലിയ തരത്തിൽ ചർച്ചയാവുകയാണ്.