സാരിചുറ്റി വട്ടപ്പൊട്ടുമായി ഇറ്റലിയിലെ തെരുവോരങ്ങളിലൂടെ സെൻ, വൈറലായി ചിത്രങ്ങൾ

By Web TeamFirst Published Oct 30, 2021, 2:03 PM IST
Highlights

കഴിഞ്ഞ വർഷം നവംബറിൽ, ലിപ്സ്റ്റിക്ക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കളോട് 'വേഗം സുഖം പ്രാപിക്കുക' എന്ന സന്ദേശം അയച്ചാണ് സെൻ ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 

ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്നുണ്ട്. സ്ത്രീകൾക്ക് ഇന്ന വസ്ത്രം, പുരുഷന്മാർക്ക് ഇന്ന  വസ്ത്രമെന്ന ആ പഴയ ചിന്ത തന്നെ ഇന്ന് കാലഹരണപ്പെട്ടു പോയിരിക്കുന്നു. ഒരു സ്ത്രീക്ക് ജീൻസും, ഷർട്ടും ധരിക്കാമെങ്കിൽ പുരുഷന് എന്ത് കൊണ്ട് സാരി ധരിച്ചുകൂടാ? പുരുഷന്മാർക്കും സാരിയുടുക്കാമെന്ന് തെളിയിച്ച കൊൽക്കത്ത(Kolkata) സ്വദേശിയായ സെനിനെ ഓർക്കുന്നോ? കഴിഞ്ഞ ഏപ്രിലിൽ കറുപ്പും പച്ചയും നിറത്തിലുള്ള സാരി( Saree ) ധരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ കക്ഷി കറുത്ത സാരിച്ചുറ്റി, ചുവന്ന വലിയ വട്ട പൊട്ടും തൊട്ടും ഇറ്റലിയിലെ തെരുവുകളിൽ കൂടി നടക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  
 
ലോകത്തെ പ്രമുഖ ഫാഷൻ നഗരങ്ങളിൽ ഒന്നാണ് മിലാൻ. അവിടത്തെ തെരുവുകളിൽ അദ്ദേഹം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കറുത്ത സാരി ധരിച്ച് വെള്ളയും, കറുപ്പും ഇടലകലർന്ന ബ്ലേസർ ധരിച്ച തന്റെ ചിത്രങ്ങൾ സെൻ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം, കടും ചുവപ്പ് നിറത്തിലുള്ള പൊട്ടും, സൺഗ്ലാസും ധരിച്ച അദ്ദേഹം പുരുഷ ഫാഷൻ സങ്കല്പങ്ങളെ തന്നെ വെല്ലുവിളിച്ചു. "സാരി ധരിച്ച പുരുഷൻ എവിടെയും സ്വീകാര്യനല്ലെന്ന് അവർ പറഞ്ഞു. എന്നാൽ ഇപ്പോൾ ആരാണ് ലോകത്തിലെ പ്രധാന ഫാഷൻ തലസ്ഥാനങ്ങളിലൊന്നായ മിലാൻ തെരുവിലൂടെ നടക്കുന്നതെന്ന് നോക്കൂ?" ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സെൻ എഴുതി.

സാമൂഹിക മാധ്യമങ്ങളിൽ സെന്നിന്റെ ഈ വേഷത്തെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൂടാതെ സാരിയുടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. കഴിഞ്ഞ വർഷം നവംബറിൽ, ലിപ്സ്റ്റിക്ക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കളോട് 'വേഗം സുഖം പ്രാപിക്കുക' എന്ന സന്ദേശം അയച്ചാണ് സെൻ ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. അതേ നിറത്തിലുള്ള ലിപ്സ്റ്റിക്ക് ധരിച്ച തന്റെ ഒരു ചിത്രം സഹിതമാണ് അദ്ദേഹം ആ പോസ്റ്റിട്ടത്. ലിപ്സ്റ്റിക്ക് കൂടാതെ അദ്ദേഹം ഐലൈനറും ധരിച്ചിരുന്നു. ഇത്തരം വ്യത്യസ്‍തമായ ചിത്രങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വ്യക്തിയാണ് സെൻ.  

click me!