
ദക്ഷിണ കൊറിയയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റിനെതിരെ വൻ വിമർശനം. വനിതാ ജീവനക്കാരെക്കൊണ്ട് അശ്ലീലമായ രീതിയിൽ ഡാൻസ് അവതരിപ്പിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് റെസ്റ്റോറന്‌റിനെതിരെ ആക്ഷേപം ഉയരുന്നത്.
വീഡിയോ 1 മില്ല്യൺ പേർ കണ്ടാൽ ഈ ഡാൻസ് ചെയ്യുന്നവർക്ക് ബോണസ് നൽകുമെന്നും റെസ്റ്റോറന്റ് ഉടമകൾ പറഞ്ഞത്രെ. സിയോളിലെ ഗോപ്ചാങ് ഹൗസിലാണ് ഉടമ വനിതാ ജീവനക്കാരോട് വൈറലായ 'ടെർമിനൽ ഡാൻസ്' അനുകരിച്ച് ഉപഭോക്താക്കൾക്ക് മുന്നിൽ അശ്ലീലച്ചുവയോടെ ഡാൻസ് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത്.
ശേഷം ജീവനക്കാർ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. 'Hormone Shop Performing the Terminal Dance' എന്ന ടൈറ്റിലോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇടുപ്പുകളുടെ ചലനങ്ങളുടെയും ഭാവങ്ങളുടെയും ഒക്കെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായതാണ് ടെർമിനൽ ഡാൻസ്. ഇങ്ങനെ ഒരു ഡാൻസ് റെസ്റ്റോറന്റിലെത്തുന്ന കസ്റ്റമറുടെ മുന്നിൽ കാഴ്ച വയ്ക്കാൻ ആവശ്യപ്പെട്ടതിലൂടെ വനിതാ ജീവനക്കാരെ അപമാനിക്കുകയും അവരുടെ അവകാശങ്ങൾ ലംഘിക്കുകയുമാണ് റെസ്റ്റോറന്റ് ചെയ്തത് എന്നാണ് പ്രധാനമായും ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്.
റെസ്റ്റോറന്റ് ജീവനക്കാർ തങ്ങളുടെ യൂണിഫോമിൽ തന്നെയാണ് ഡാൻസ് അവതരിപ്പിച്ചത്. എങ്കിലും അവർ കസ്റ്റമർമാരുടെ മുന്നിൽ ഇടുപ്പ് ഇളക്കുന്നതും ഷോൾഡർ ചലിപ്പിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനിടയിൽ തന്നെ ഒരു ജീവനക്കാരി ഭക്ഷണം വിളമ്പുകയും ചെയ്യുന്നുണ്ട്.
വലിയ വിമർശനമാണ് ഈ റെസ്റ്റോറന്റിന് നേരെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഉയരുന്നത്. സ്ത്രീകളെ വസ്തുവൽക്കരിക്കുന്ന നീക്കമാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. അധികൃതർ ഇതിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. റെസ്റ്റോറന്റ് ഉടമയോട് വീഡിയോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.