കുക്കി-മെയ്തി സംഘർഷങ്ങളും മണിപ്പുരിന്‍റെ ചരിത്രപശ്ചാത്തലവും

Published : Jul 25, 2023, 09:21 AM ISTUpdated : Jul 25, 2023, 03:18 PM IST
കുക്കി-മെയ്തി സംഘർഷങ്ങളും മണിപ്പുരിന്‍റെ ചരിത്രപശ്ചാത്തലവും

Synopsis

കുക്കി, മെയ്തേയ് കമ്മ്യൂണിറ്റികളുടെ പ്രത്യേക ആവശ്യങ്ങളും ആശങ്കകളും മനസിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് ചരിത്രം നമ്മോട് പറയുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത എഴുത്തുകാരൻ ജയദീപ് മജുംദാർ സ്വരാജ്യ പോർട്ടലിൽ  എഴുതിയ ലേഖനം.

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് നിക്ഷിപ്ത താൽപര്യക്കാർ മണിപ്പുരിലെ ജൂൺ 4-ലെ ഒരു വീഡിയോ വൈറലാക്കുന്നത്. വീഡിയോ രാജ്യത്താകമാനം ചർച്ചയായതിന് പിന്നാലെ പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും പ്രതികരണം സ്ഥിതിഗതികൾ അന്തർദേശീയ തലത്തിലേക്ക് ഉയർത്തി. തൊട്ടുപിന്നാലെ മിസോറാമിലും പ്രശ്നങ്ങളുണ്ടായി. PAMRA (പഴയ എംഎൻഎഫ് വിമതരുടെ സംഘടന) മെയ്തികളോട് മിസോറാം വിടാൻ നിർദ്ദേശിച്ചു. ജൂലൈ 24 ന് മിസോ സ്റ്റുഡന്റിന്റെ  പത്രക്കുറിപ്പും, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആൻഡ് നഴ്‌സിംഗ് സയൻസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആന്റ് നഴ്‌സിംഗ് സയൻസസ് മിസോറാം സർവകലാശാലയിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.

ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ സൂക്ഷ്മതയോടെയും സഹാനുഭൂതിയോടെയും സമീപിക്കുക എന്നത് പ്രധാനമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുക, ചർച്ചകൾ പ്രോത്സാഹിപ്പിക്കുക, സംഘർഷങ്ങളുടെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അനിവാര്യമായ ചുവടുകളാണ്. പലരും നിർദ്ദേശിക്കുന്നതുപോലെ കുക്കികൾക്ക് ഒരു പ്രത്യേക സംസ്ഥാനമോ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റോ നൽകുന്നത് ശാശ്വത പരിഹാരമാകില്ല. ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന എല്ലാ അയൽ സംസ്ഥാനങ്ങളുമായി അസമിന് അതിർത്തി തർക്കങ്ങളുണ്ടായിരുന്നു.

കുക്കി ജനതയുടെ ഉത്ഭവം ചരിത്ര രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കുക്കികൾക്കിടയിലെ വാമൊഴി പാരമ്പര്യങ്ങളും ഐതിഹ്യങ്ങളും സൂചിപ്പിക്കുന്നത് പ്രകാരം അവരുടെ പൂർവ്വികർ ടിബറ്റിൽ നിന്നോ തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നോ എത്തിയെന്നാണ്. കാലക്രമേണ, ഈ ആദ്യകാല കുക്കി ഗ്രൂപ്പുകൾ കൃഷിക്കും മേച്ചിൽപ്പുറത്തിനും മെച്ചപ്പെട്ട ഭൂമി തേടി വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി. ഇന്നത്തെ മണിപ്പൂർ, മിസോറാം, അസം, നാഗാലാൻഡ് എന്നിവിടങ്ങളിലെ കുന്നുകളിലേക്കും താഴ്വരകളിലേക്കുമായിരുന്നു കുക്കി ജനതയുടെ പ്രധാന കുടിയേറ്റം. നൂറ്റാണ്ടുകൾ നീണ്ടുനിന്ന, ഘട്ടം ഘട്ടമായുള്ളതുമായ ഒരു പ്രക്രിയയായിരുന്നു കുക്കി കുടിയേറ്റം. പതി.െ ഈ പ്രദേശത്ത് പ്രത്യേക കുക്കി ഗോത്രങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു. പതിനാറാം നൂറ്റാണ്ടിൽ കുക്കികൾ മണിപ്പൂരിൽ സ്ഥിരതാമസമാക്കാൻ തുടങ്ങി.  പ്രദേശത്തെ കുന്നിൻ പ്രദേശങ്ങളും ഇടതൂർന്ന വനങ്ങളും അവർക്ക് അനുയോജ്യമായിരുന്നു. 

മണിപ്പൂരിലെ കുക്കികൾ ഉൾപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലൊന്നാണ് കുക്കി കലാപം. കുക്കി-ലുഷായി പ്രക്ഷോഭം എന്നും ഈ സംഭവത്തെ പറയുന്നു. 1910 കളുടെ അവസാനത്തിലും 1920 കളുടെ തുടക്കത്തിലും ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കാർഷികോൽപ്പന്നങ്ങൾക്കും കൃഷിക്കും പ്രത്യേക നികുതികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത് കുക്കികൾക്കിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായതാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണം. പിന്നീട് ബ്രിട്ടീഷുകാർക്കെതിരെ സംഘടിതവും അസംഘിടതവുമായ അക്രമങ്ങളുടെ പരമ്പര തന്നെ ഉണ്ടായി.

കടുത്തനാശനഷ്ടമാണ് കുക്കി കലാപം കൊണ്ടുണ്ടായത്. ബ്രിട്ടീഷുകാർ കുക്കി പ്രദേശങ്ങളിൽ സമാധാനത്തിന്റെ വഴിതേടി. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി.  മറ്റ് തദ്ദേശീയ വിഭാഗങ്ങളെപ്പോലെ, ആധുനിക ലോകവുമായി പൊരുത്തപ്പെടുമ്പോഴും കുക്കികൾ അവരുടെ തനത് സാംസ്കാരിക പൈതൃകവും സ്വത്വവും അവകാശങ്ങളും സംരക്ഷിക്കാൻ ബുദ്ധിമുട്ടി. ഇന്ന്, മണിപ്പൂരിലെ കുക്കികൾ സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഘലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഭാ​ഗമാണ്.  ആധുനിക ജീവിതരീതിയുമായി മുന്നോട്ടുപോകുമ്പോൾ തന്നെ തനതായ ആചാരങ്ങളും ഭാഷയും പാരമ്പര്യവും നിലനിർത്തുന്നതിനും ശ്രദ്ധയൂന്നി. കുക്കികളുടെ മണിപ്പൂരിലേക്കുള്ള കുടിയേറ്റവും ചരിത്രവും വടക്കുകിഴക്കൻ മേഖലയിലെ വൈവിധ്യമാർന്ന സാംസ്കാരിക വിസ്മയത്തിന്റെയും സങ്കീർണ്ണതയുടെയും ഉദാഹരണമാണ്.

മണിപ്പുരിലെ മെയ്തി, കുക്കി സമുദായങ്ങൾക്ക് അവരുടേതായ സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ഇരുവിഭാ​ഗവും സഹവർത്തിത്വത്തോടെയാണ് ജീവിക്കുന്നത്. പലപ്പോഴായി മണിപ്പൂരിലെ വിവിധ സമുദായങ്ങൾക്കിടയിൽ ചരിത്രപരമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആകെത്തുകയിൽ കുക്കികളും മെയ്തികളും തമ്മിൽ നല്ല സഹവർത്തിത്വത്തോടെയാണ് ജീവിച്ചത്. 

കുക്കികളും മെയ്തീസും പരസ്പരം പങ്കെടുക്കുന്ന ഉത്സവങ്ങൾ ആഘോഷിക്കുക എന്നത് പതിവായിരുന്നു. കുക്കികൾ ആഘോഷിക്കുന്ന കുട്ട് ഉത്സവത്തിൽ മെയ്തീസ് പലപ്പോഴും പങ്കെടുക്കാറുണ്ട്. അതുപോലെ മെയ്തികലുടെ യോഷാങ് (ഹോളി), ലായ് ഹറോബ തുടങ്ങിയ ഉത്സവങ്ങളിൽ കുക്കികളും പങ്കെടുക്കുന്നു. ഇതെല്ലാം ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ സ​ഹായിക്കുന്നതായിരുന്നു. കുക്കികളും മെയ്റ്റികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന മിശ്ര വിവാഹങ്ങൾ കൂടുതൽ ധാരണമായിക്കൊണ്ടിരിക്കുകയും ചെയ്തു. രണ്ട് വിഭാ​ഗങ്ങളും ഒരുമിച്ച് വിവിധ പരമ്പരാഗത കായിക വിനോദങ്ങളിലും ആധുനിക കായിക ഇനങ്ങളും ഒരുമിച്ച് പങ്കെടുക്കുന്നത് ആരോഗ്യകരമായ മത്സരത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പാത തുറന്നിട്ടു.

മണിപ്പൂരിലെ വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യവും ധാരണയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളുണ്ട്. ഇത്തരം സംഘടനകൾ ഈ മേഖലയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അതുപോലെ വിദ്യാഭ്സായ സ്ഥാപനങ്ങളിൽ വിവേചന രഹിതമായ ഇടപെടലുകളിലൂടെ ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള ഐക്യം വളരാനും സഹായിച്ചു. 

അതെസമയം, നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടുപോലും കുക്കികളും മെയ്തികളും തമ്മിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് വസ്തുത. ഈ ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടലും ചർച്ചകളും പ്രശ്നങ്ങൾ ലഘൂകരിച്ചുവെന്നതാണ് വസ്തുത. മണിപ്പൂരിലെ കുക്കി, മെയ്തേയ് കമ്മ്യൂണിറ്റികളുടെ പ്രത്യേക ആവശ്യങ്ങളും ആശങ്കകളും മനസിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് ചരിത്രം നമ്മോട് പറയുന്നത്.

വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളൽ, വൈവിധ്യങ്ങളോടുള്ള ബഹുമാനം, തുല്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ ഈ വിഭാ​ഗങ്ങൾക്കിടയിൽ ആരോഗ്യകരവും ഐക്യത്തോടെയുമുള്ള ബന്ധം വളർത്തിയെടുക്കുന്നതിന് കേന്ദ്ര സർക്കാരിന് ഗണ്യമായ സംഭാവന നൽകാൻ കഴിയും. അതുകൊണ്ടുതന്നെ കുക്കി-മെയ്‌തി ബന്ധം മെച്ചപ്പെടുത്തുന്നതിനും രണ്ട് സമുദായങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന-സർക്കാറുകൾ ക്രിയാത്മകമായി ഇടപെടണം. 

സമാധാന ശ്രമങ്ങൾ വിജയമാകുന്നതിനായി കുക്കി, മെയ്തി വിഭാ​ഗങ്ങളിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ സജീവ പങ്കാളിത്തം അവിഭാജ്യഘടകമാണ്. ഭരണകക്ഷിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഈ നടപടികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനും സ്വീകരിക്കേണ്ട രാഷ്ട്രീയ നടപടികൾ അതത് രാഷ്ട്രീയ പാർട്ടിക്ക് വിട്ടിരിക്കുന്നു.

നാനാത്വങ്ങൾക്കിടയിലുള്ള ഏകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അനുരഞ്ജനത്തിനും വളരെക്കാലം വേണ്ടിവന്നേക്കാം എന്നതിൽ സംശയമില്ല, എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ശാശ്വതമായ പരിഹാരത്തിന് ഇതുതന്നെയാണ് ഉചിതമായ മാർഗം. മണിപ്പൂരിലെ ജനങ്ങൾ കുടിയേറ്റത്തെ ചരിത്ര സത്യമായി ഉൾക്കൊള്ളണം. ''നിങ്ങൾക്ക് പിന്നോട്ട് പോയി തുടക്കം മാറ്റാൻ കഴിയില്ല, പക്ഷേ നിങ്ങൾ എവിടെയാണോ അവിടെ നിന്ന് ആരംഭിച്ച് അവസാനത്തെ മാറ്റിയെടുക്കാം'' എന്ന പ്രസിദ്ധമായ ഉദ്ധരണി മണിപ്പൂരി ജനത തിരിച്ചറിയണം. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ