സ്‌ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നൊരു നാടുണ്ട്‌; പക്ഷേ, അത്‌ പ്രണയംകൊണ്ടല്ല!

Published : May 07, 2019, 03:45 PM ISTUpdated : May 07, 2019, 04:28 PM IST
സ്‌ത്രീകള്‍  തമ്മില്‍ വിവാഹം കഴിക്കുന്നൊരു നാടുണ്ട്‌; പക്ഷേ, അത്‌ പ്രണയംകൊണ്ടല്ല!

Synopsis

"എനിക്ക്‌ പുരുഷന്മാരെ സഹിച്ച്‌ മടുത്തു" എന്ന്‌ ചാഹ പറയുമ്പോള്‍ അത്‌ അവളുടെ മാത്രം ജീവിതമല്ല, താന്‍സാനിയയിലെ കുരിയ ഗോത്രത്തിലുള്ള ഒട്ടുമിക്ക സ്‌ത്രീകളുടെയും ജീവിതമാണ്‌.

രുപത്തിഞ്ചാമത്തെ വയസ്സിലാണ്‌ ബോക്കെ ചാഹ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഒരു വിധവയെ വിവാഹം ചെയ്‌തത്‌. പക്ഷേ, അത്‌ പ്രണയമൊന്നുമായിരുന്നില്ല!!

"എനിക്ക്‌ പുരുഷന്മാരെ സഹിച്ച്‌ മടുത്തു" എന്ന്‌ ചാഹ പറയുമ്പോള്‍ അത്‌ അവളുടെ മാത്രം ജീവിതമല്ല, താന്‍സാനിയയിലെ കുരിയ ഗോത്രത്തിലുള്ള ഒട്ടുമിക്ക സ്‌ത്രീകളുടെയും ജീവിതമാണ്‌. "....അതുകൊണ്ട്‌ ഞാനൊരു സ്‌ത്രീയെ വിവാഹം ചെയ്‌തു, എനിക്കിവിടെ സുഖമാണ്‌" ചാഹ തുടരുന്നു.

കുരിയ ഗോത്രം പിന്തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ്‌ ന്യുമ്പാ ന്തൊബു എന്ന്‌ പേരിട്ടുവിളിക്കുന്ന ഈ പെണ്‍വിവാഹങ്ങള്‍. സ്‌ത്രീസുരക്ഷ മാത്രം ലക്ഷ്യം വച്ച്‌ പുരാതന കാലം തുടര്‍ന്നുപോരുന്ന ഒരു സംസ്‌കാരം. പുരുഷന്മാരായ അനന്തരാവകാശികളില്ലാത്ത, പ്രായം ചെന്ന ഏതൊരുസ്‌ത്രീക്കും മറ്റൊരു സ്‌ത്രീയെ തന്റെ ജീവിതപങ്കാളിയാക്കാം. കെനിയന്‍ അതിര്‍ത്തിയായ കിതവാസി ഗ്രാമത്തില്‍ കുരിയ ഗോത്രത്തിലെ 78 ശതമാനം സ്‌ത്രീകളും ഭര്‍ത്താക്കന്മാരാല്‍ പീഡിപ്പിക്കപ്പെടുന്നവരാണ്‌ എന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. ഈ അതിക്രമങ്ങളില്‍ നിന്നുള്ള മോചനമാണ്‌ ഇത്തരം ന്യുബാ ന്തൊബുകള്‍.



ഇവിടെ പെണ്‍വിവാഹങ്ങള്‍ക്ക്‌ പ്രണയത്തിന്റെ അകമ്പടിയില്ല, ലൈംഗികതയുടെ മേമ്പൊടിയില്ല. എല്ലാം സുരക്ഷിതത്വം എന്ന ഒറ്റ ചട്ടക്കൂടില്‍ ഒതുങ്ങുന്നു. ബോക്കെ ചാഹയെ വിവാഹം ചെയ്‌തത്‌ ക്രിസ്‌റ്റീന വാംബുറ എന്ന 64 വയസ്സുകാരിയെയാണ്‌. അവര്‍ വിധവയാണ്‌. ഇപ്പോള്‍ രണ്ടുപേരും സുഖമായി ജീവിക്കുന്നു. ചാഹ പുറത്ത്‌ ജോലിക്ക്‌ പോവുമ്പോള്‍ ക്രിസ്‌റ്റീന കുട്ടികളെ നോക്കുന്നു.

ബോക്കെ ചാഹയുടെ ജീവിതം

15ാം വയസ്സിലായിരുന്നു ചാഹ വിവാഹിതയായത്‌. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മകനുമൊത്ത്‌ അവള്‍ വീട്‌ വിട്ടിറങ്ങിപ്പോന്നത്‌. സ്വന്തം മാതാപിതാക്കളുടെ അടുത്തേക്കാണ്‌ ചാഹ എത്തിയത്‌. പക്ഷേ, ഭര്‍ത്താവ്‌ വിവാഹസമയത്ത്‌ നല്‍കിയ മഹര്‍ തിരികെ നല്‍കാനുള്ളത്‌ അവള്‍ക്കൊരു ബാധ്യതയായിരുന്നു. 9 പശുക്കളെയായിരുന്നു മഹറായി നല്‍കിയത്‌. മാതാപിതാക്കള്‍ക്ക്‌ ആ ബാധ്യത തീര്‍ക്കാനുള്ള പ്രാപ്‌തി ഉണ്ടായിരുന്നുമില്ല. അങ്ങനെയിരിക്കുമ്പാഴാണ്‌ ക്രിസ്റ്റീന വാംബുറ ചാഹയെ വിവാഹമാലോചിച്ച്‌ എത്തിയത്‌. ഭര്‍ത്താവിന്‌ കൊടുക്കാനുള്ള പശുക്കളെ താന്‍ നല്‌കാമെന്ന്‌ ക്രിസ്റ്റീന ചാഹയെ അറിയിച്ചു. അങ്ങനെ ഇരുവരുടെയും വിവാഹക്കാര്യത്തില്‍ തീരുമാനമായി.



ചാഹ ക്രിസ്റ്റീനയ്‌ക്കൊപ്പം ജീവിതം തുടങ്ങിയിട്ടിപ്പോള്‍ അഞ്ച്‌ വര്‍ഷം കഴിഞ്ഞു. ഇതിനിടെ അവള്‍ മൂന്ന്‌ മക്കളെ പ്രസവിച്ചു. പെണ്‍വിവാഹങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌ത്രീകള്‍ക്ക്‌ അന്യപുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിനോ ഗര്‍ഭം ധരിക്കുന്നതിനോ നിയമതടസ്സങ്ങളൊന്നുമില്ല ഇവിടെ . ഗര്‍ഭം ധരിക്കാന്‍ വേണ്ടി മാത്രമാണ്‌ പുതിയ ബന്ധങ്ങള്‍ തേടുന്നതെന്ന്‌ ചാഹ പറയുന്നു. ഗര്‍ഭിണിയാകുന്നതോടെ തന്റെ പുരുഷസുഹൃത്തിനെ ചാഹ ഉപേക്ഷിക്കും. കുഞ്ഞ്‌ മുലകുടി നിര്‍ത്തുന്ന പ്രായമാകുമ്പോഴേക്കും അടുത്ത സുഹൃത്തിനെ തേടും.

ക്രിസ്റ്റീന വാംബുറയുടെ ജീവിതം

11ാമത്തെ വയസ്സിലായിരുന്നു ക്രിസ്റ്റീനയുടെ വിവാഹം. ആദ്യത്തെ കുഞ്ഞ്‌ പ്രസവത്തില്‍ തന്നെ മരിച്ചു. പിന്നീട്‌ അവള്‍ക്ക്‌ ഗര്‍ഭം ധരിക്കാനായില്ല. അതിന്റെ പേരില്‍ ഭര്‍ത്താവ്‌ പീഡനം ആരംഭിച്ചു. ഒടുവില്‍ പീഡനം സഹിക്കാനാവാതെ അവള്‍ ബന്ധം ഉപേക്ഷിച്ചു. ഒരു മത്സ്യഫാക്ടറിയില്‍ ജോലി ചെയ്‌ത്‌ പിന്നീടുള്ള കുറേക്കാലം ക്രിസ്‌റ്റീന ജീവിച്ചു. അതിനു ശേഷമാണ്‌ കിതാവസിയിലേക്ക്‌ ക്രിസ്റ്റീന മടങ്ങിയെത്തിയത്‌. സഹോദരന്റെ സഹായത്തോടെ അവിടെ സ്ഥലം വാങ്ങി വീടുവച്ചു.



ചാഹ വന്നതോടെ തന്റെ ജീവിതം ഏറെ മെച്ചപ്പെട്ടെന്നാണ്‌ ക്രിസ്‌റ്റീന പറയുന്നത്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു പങ്കാളിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ചേലാകര്‍മ്മത്തിനും ബഹുഭാര്യത്വത്തിന്റെ ദുരിതങ്ങള്‍ക്കുമൊക്കെ ഇരയാവേണ്ടി വരുന്നവരാണ്‌ കുരിയ ഗോത്രത്തിലെ സ്‌ത്രീകള്‍. ടാന്‍സാനിയന്‍ നിയമപ്രകാരം സ്‌ത്രീക്കും പുരുഷനും വസ്‌തുവകകളില്‍ തുല്യ അവകാശങ്ങളാണുള്ളത്‌. എന്നാല്‍ കുരിയ പോലെയുള്ള ഗോത്രങ്ങളുടെ കാര്യത്തിലേക്ക്‌ വരുമ്പോള്‍ ആ നിയമം പൂര്‍ണമായും നടപ്പാവാറില്ല. പീഡനവും ദുരിതങ്ങളും മാത്രമാണ്‌ സ്‌ത്രീകള്‍ക്ക്‌ ലഭിക്കുക.

ഇങ്ങനെയുള്ള പെണ്‍വിവാഹങ്ങള്‍ നടക്കുമെങ്കിലും സ്വവര്‍ഗലൈംഗികത നിയമവിരുദ്ധമായ നാടാണ്‌ ടാന്‍സാനിയ. പരസ്‌പരം സ്‌നേഹിക്കുന്ന രണ്ട്‌ സ്‌ത്രീകള്‍ക്ക്‌ അവരുടെ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കാനും ഇവിടെ അനുവാദമില്ല.

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്