
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന് അറിയപ്പെടുന്ന ഒരു വീടുണ്ട്. ഇവിടെ ഒന്നുമല്ല എല്ലിഡേയ് ദ്വീപിലാണ് ഈ വീട്. അതിന്റെ ചിത്രം ഇപ്പോൾ ആളുകളെ ആകർഷിക്കുകയാണ്. ഈ ദ്വീപിൽ കാണുന്ന ഒരേയൊരു വീടാണ് ഇത്. അതിനാൽ തന്നെ ഇതിനെ ചുറ്റിപ്പറ്റി അനേകം ഊഹാപോഹങ്ങളും ഉണ്ട്.
അതിൽ ഒരു കഥ പറയുന്നത്, ഒരു ബില്ല്യണയറാണ് ഈ വീട് നിർമ്മിച്ചിട്ടത് എന്നാണ്. എന്നെങ്കിലും സോംബികളുടെ ആക്രമണം ഉണ്ടാവുകയാണ് എങ്കിൽ ആ സമയത്ത് തനിയെ വന്ന് കഴിയാനാണത്രെ അയാൾ ആ വീട് നിർമ്മിച്ച് വച്ചിരിക്കുന്നത് എന്നും പറയുന്നു.
പിന്നൊരു കഥ ഒരു മത പുരോഹിതന് തനിച്ച് താമസിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്നതാണ് ഈ വീട് എന്നാണ്. എന്നാൽ, വേറെയും ഒരു കഥ കൂടിയുണ്ട്, ഗായകൻ ബിജോർക്കിന് ദ്വീപ് സർക്കാർ സമ്മാനിച്ചതാണ് ഈ വീട് എന്നതായിരുന്നു ആ കഥ. എന്നാൽ, അത് പിന്നീട് തള്ളിക്കളയപ്പെട്ടു.
എന്നാൽ, മറ്റ് ചിലർ പറഞ്ഞത് അതിലും രസകരമായ ഒരു കാര്യമാണ്. അങ്ങനെ ഒരു വീടേ ഇല്ല. അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഫോട്ടോഷോപ്പ് ചെയ്‍തിരിക്കുകയാണ് എന്നതായിരുന്നു അവരുടെ വാദം.
എന്നാൽ, 300 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആളുകൾ താമസിച്ചിരുന്നു എന്ന് പറയുന്നു. അവിടെ അഞ്ച് കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ മീനെ പിടിച്ചും വേട്ടയാടിയും കന്നുകാലികളെ വളർത്തിയും ഒക്കെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ, 1930 -കളിൽ അവസാനത്തെ താമസക്കാരും അവിടെ നിന്നും ഒഴിഞ്ഞു. അതോടെ, അത് ആളുകളില്ലാത്ത ഇടമായി മാറി.
എന്നാൽ, ആ ഒറ്റപ്പെട്ട് നിൽക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ കഥകളും തെറ്റാണ്. പകരം ആ വീട് എന്താണ് എന്നോ? ദ്വീപിലെ ഹണ്ടിംഗ് അസോസിയേഷൻ നിർമ്മിച്ച വീടാണ് ഇത്. ഇവിടെ സുലഭമായി കിട്ടുന്ന മത്സ്യത്തെ വേട്ടയാടുന്നതിന് വേണ്ടിയാണ് അത് നിർമ്മിച്ചത്. വളരെ വിദൂരസ്ഥലത്തായതിനാൽ തന്നെ വൈദ്യുതിയോ, പൈപ്പ് വെള്ളമോ ഒന്നും തന്നെ ഇവിടെ ഇല്ല.
ഏതായാലും, ഇപ്പോഴും ഒരുപാടുപേർ ഈ വീടിനെ ചുറ്റിപ്പറ്റി കഥകളിറക്കുന്നുണ്ട്.