ഒട്ടും എളുപ്പമല്ല, രാജകുമാരിയുടെ കാമുകനാവാന്‍, രാജ്ഞിയുടെ ഭര്‍ത്താവാകാന്‍!

By P R VandanaFirst Published Sep 20, 2022, 5:43 PM IST
Highlights

നമ്മുടെ രാജകുമാരിക്ക് ഇതിലും നല്ല ആളെ കിട്ടില്ലേ എന്ന് രാജാവിന്റെ ഉപദേശകരില്‍ പലരും നെറ്റി ചുളിച്ചു. പ്രിയപുത്രിയുടെ ജീവിതം ആലോചിച്ച് ജോര്‍ജ് ആറാമന്‍ രാജാവ് തലപുകച്ചു. പക്ഷേ എലിസബത്ത് കുലുങ്ങിയില്ല. പ്രണയത്തില്‍ ഉറച്ചുനിന്നു. വിവാഹം എന്നാല്‍ ഫിലിപ്പിനെ മാത്രം എന്ന് ഒറ്റക്കാലില്‍ നിന്നു. 

ഈ ക്രിസ്മസിന് ഫിലിപ്പിന്റെ പ്രിയ 'കാബേജ് ' ഒറ്റക്കല്ല. നക്ഷത്രങ്ങളുടെ അനശ്വര ലോകത്ത് ഫിലിപ്പും എലിസബത്തും സ്വസ്ഥമായിരുന്ന് ആഘോഷിക്കും. മകളുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന സന്തോഷത്തില്‍ ജോര്‍ജ് ആറാമന്‍ അത് കണ്ടിരിക്കും. ലിലിബെറ്റിന്റെ ഒരേ ഒരു ദൗര്‍ബല്യം കണ്ട് അമ്മ മഹാറാണിയും മാര്‍ഗരറ്റ് രാജകുമാരിയും ഊറിച്ചിരിക്കും. 

 

 

ബ്രിട്ടനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച എലിസബത്ത് റാണിക്ക് പ്രിയവസതിയായ വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ അന്ത്യവിശ്രമം. തൊട്ടടുത്ത് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍. അച്ഛനും അമ്മയും സഹോദരിയും നിത്യനിദ്രയിലാണ്ടുള്ളത് അവിടെ തന്നെ.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം എല്ലാ വാര്‍ത്തകളിലും ഓര്‍മക്കുറിപ്പുകളിലും ആവര്‍ത്തിച്ച ഒരു വാചകമുണ്ട്. എലിസബത്ത് റാണി വീണ്ടും ഫിലിപ്പ് രാജകുമാരനൊപ്പം ഒന്നിച്ചു എന്നതായിരുന്നു അത്. അനശ്വരതയില്‍ അവര്‍ രണ്ടു പേരും വീണ്ടും ഒന്നു ചേര്‍ന്നുവെന്ന് പറയാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത് ആ ബന്ധത്തിന്റെ ശക്തിയും പ്രത്യേകതയും തന്നെ. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ മാത്രമല്ല പ്രണയകഥകളുടെ കൂട്ടത്തില്‍ തന്നെ തിളക്കമേറിയ ഒന്നാണ് എലിസബത്ത് -ഫിലിപ്പ് ബന്ധം. 

അകന്ന ബന്ധുവായ ഫിലിപ്പ് രാജകുമാരനെ കുട്ടിയായിരിക്കുമ്പോള്‍ രണ്ടു തവണ കണ്ടിട്ടുണ്ട് എലിസബത്ത് രാജകുമാരി. ഡാര്‍ട്ട്മൗത്ത് നാവിക കോളേജില്‍ തന്റെയൊപ്പം എത്തിയ പെണ്‍മക്കളെ അവിടം ചുറ്റി നടന്നു കാണിക്കാന്‍  ജോര്‍ജ് ആറാമന്‍ രാജാവ് ഏല്‍പിച്ചത് അവിടെ കേഡറ്റായിരുന്ന ഫിലിപ്പിനെ. നല്ല പൊക്കമുള്ള നന്നായി സംസാരിക്കുന്ന സുന്ദരന്‍ പയ്യന്‍ ടീനേജുകാരിയായ രാജകുമാരിയുടെ ഹൃദയത്തില്‍ അന്ന് കയറി ഇരിപ്പായി. ഫിലിപ്പിന് പ്രായം 18. എലിസബത്തിന് 13. അന്ന് അവിടം വിട്ടതിന് ശേഷം എലിസബത്ത് ഫിലിപ്പിന് കത്തുകള്‍ എഴുതി. ഫിലിപ്പ് തിരിച്ചും. യുദ്ധകാലത്തെ ഫിലിപ്പിന്റെ നാവികസേനാ സേവനവും  രാജ്യത്തെ സ്ഥിതിയും പരസ്പരം കാണാതിരിക്കുന്ന അവസ്ഥയും ഒന്നും രണ്ടു പേരുടെയും ബന്ധത്തെ ബാധിച്ചില്ല.  തന്റെ പ്രണയം എലിസബത്ത് വീട്ടിനകം പരസ്യമാക്കിയത് കട്ടിലിന് അരികില്‍ ഫിലിപ്പിന്റെ ഫോട്ടോ വെച്ചായിരുന്നു.

 

 

കാര്യം രാജകുമാരിയും കിരീടാവകാശിയും ഒക്കെ ആയിരുന്നെങ്കിലും എലിസബത്തിന്റെ പ്രണയത്തിനും പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഫിലിപ്പിന്റെ പശ്ചാത്തലം രാജകുടുംബത്തിന് അത്ര പ്രിയമായിരുന്നില്ല. ഗ്രീസിന്റെയും ഡെന്‍മാര്‍ക്കിന്റേയും രാജകുമാരന്‍ എന്ന പദവിയുണ്ടായിരുന്നെങ്കിലും ഫിലിപ്പിന് രാജ്യമോ എന്തിന് വീടു പോലും ഉണ്ടായിരുന്നില്ല. യുദ്ധകാലത്തെ പലായനവും ചിന്നിച്ചിതറിയ കുടുംബവും ഫിലിപ്പിന് എക്കാലത്തും വേദനിപ്പിക്കുന്ന ഓര്‍മകളായിരുന്നു, പ്രണയിനിയുടെ കുടുംബത്തിന് തലവേദനയും. തീര്‍ന്നില്ല. ഫിലിപ്പിന്റെ സഹോദരിമാര്‍ ജര്‍മനിയില്‍ നിന്നാണ് വിവാഹം കഴിച്ചത് എന്നത് രാഷ്ട്രീയമായി ബ്രിട്ടീഷ് രാജകുടുംബത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധക്കാലത്തിന് ശേഷം ബ്രിട്ടനില്‍ ജര്‍മന്‍വിരുദ്ധ വികാരം ശക്തമായിരുന്നു എന്നതിനാല്‍. രാജകുമാരിയുടെ അമ്മ അയാള്‍ ഒരു ജര്‍മന്‍കാരന്‍ ആണെന്ന് പറഞ്ഞ് ഫിലിപ്പിനെ പരിഹസിച്ചിരുന്നു എന്നും കേട്ടിരിക്കുന്നു. നമ്മുടെ രാജകുമാരിക്ക് ഇതിലും നല്ല ആളെ കിട്ടില്ലേ എന്ന് രാജാവിന്റെ ഉപദേശകരില്‍ പലരും നെറ്റി ചുളിച്ചു. പ്രിയപുത്രിയുടെ ജീവിതം ആലോചിച്ച് ജോര്‍ജ് ആറാമന്‍ രാജാവ് തലപുകച്ചു. പക്ഷേ എലിസബത്ത് കുലുങ്ങിയില്ല. പ്രണയത്തില്‍ ഉറച്ചുനിന്നു. വിവാഹം എന്നാല്‍ ഫിലിപ്പിനെ മാത്രം എന്ന് ഒറ്റക്കാലില്‍ നിന്നു. 

സ്വന്തം വ്യക്തിത്വത്തേയും വേരുകളേയും ചോദ്യം ചെയ്യുന്ന അസുഖകരമായ അവസ്ഥയിലും ഫിലിപ്പും സമ്മര്‍ദങ്ങളെ നേരിട്ടു. തന്റെ ഗ്രീക്ക് ഡാനിഷ് പദവികള്‍ ഉപേക്ഷിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സിയില്‍ നിന്ന് മാറി. ഉപാധികള്‍ അംഗീകരിച്ച ഫിലിപ്പിന് രാജകുടുംബം ഡ്യൂക്ക് ഓഫ് എഡിന്‍ബ്രോ എന്ന പദവി നല്‍കി. 
1946-ല്‍ ഫിലിപ്പിന്റെ വിവാഹ വാഗ്ദാനം എലിസബത്ത് സ്വീകരിച്ചെങ്കിലും ഔദ്യോഗികമായി നിശ്ചയം രാജകുടുംബം ലോകത്തെ അറിയിച്ചത് 1947 സെപ്തംബറില്‍. ഫിലിപ്പിന്റെ അമ്മ ആലീസ് രാജകുമാരിയുടെ കിരീടത്തില്‍ നിന്നെടുത്ത  വജ്രങ്ങള്‍ പതിപ്പിച്ച മോതിരമാണ് ഫിലിപ്പ് ഭാവിവധുവിന്റെ വിരലില്‍ അണിയിച്ചത്. അക്കൊല്ലം നവംബറില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ വെച്ച് വിവാഹം. മരണം വേര്‍പിരിക്കുംവരെ പരസ്പരം സ്‌നേഹിച്ച് ജീവിക്കുമെന്ന് പരസ്പരം വാഗ്ദാനം ചെയ്ത ഫിലിപ്പും എലിസബത്തും ആ വാക്ക് പാലിച്ചു. കഴിഞ്ഞ വര്‍ഷം  99-ാം വയസ്സില്‍ കണ്ണടയും വരെ ഫിലിപ്പ് എലിസബത്തിനൊപ്പം നിന്നു. നിഴലായും കരുത്തായും ഫിലിപ്പിന് അപ്പുറം ഒരു സാന്നിദ്ധ്യവും ഒരാളും എലിസബത്തിന് ഒരു കാലത്തും ഉണ്ടായിരുന്നില്ല. 

 

 

പ്രണയം നേടാന്‍ എലിസബത്ത് പോരാടി. പ്രണയസാഫല്യത്തിന് ശേഷമായിരുന്നു ഫിലിപ്പിന് വലിയ പ്രതിസന്ധികള്‍ ഉണ്ടായത്.  ജര്‍മന്‍ ബന്ധം കാരണം സഹോദരിമാരെ സ്വന്തം വിവാഹത്തിന് ക്ഷണിക്കാന്‍ കഴിഞ്ഞില്ല.  ഭാര്യ ബ്രിട്ടന്റെ റാണി ആയതോടെ ഏറ്റവും പ്രിയങ്കരമായ നാവികസേന ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം മക്കള്‍ക്ക് പിതാവിന്റെ പേര് നല്‍കാന്‍ കഴിഞ്ഞില്ല. പദവികളും പ്രോട്ടോക്കോളുകളും ദാമ്പത്യത്തിന്റെ നാളുകള്‍ക്ക് കടിഞ്ഞാണുകളിട്ടു. കുടുംബം എന്ന യൂണിറ്റിന്റെ പൊതുനിര്‍വചനത്തിന് എതിരായിരുന്നു അവരുടേത്. ഭാര്യയാണ് മുന്നില്‍ നടന്നതും നിന്നതും. ഭര്‍ത്താവ് പിന്നിലും. സൈനികന്റെ വീര്യവും സ്വജീവിതം തന്ന കാര്‍ക്കശ്യവും എല്ലാം ഒതുക്കി വെച്ച് ഫിലിപ്പ്, എലിസബത്തിനൊപ്പം നിന്നു. 73വര്‍ഷവും റാണിയുടെ കൈ പിടിച്ചു . അതൊരു ചെറിയ കാര്യം ആയിരുന്നില്ല. 

രാജ്യം കടന്നു പോയ ദശാസന്ധികളും രാജകുടുംബം നേരിട്ട വെല്ലുവിളികളും മക്കളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടായ പൊല്ലാപ്പുകളും എല്ലാം എലിസബത്ത് റാണി നേരിട്ടത് തൊട്ടരികില്‍ നിന്ന് ഭര്‍ത്താവ് നല്‍കിയ ആത്മസ്ഥൈര്യത്തിലാണ്. All these years Philip has been simply my strength and stay എന്ന് റാണി ഉള്ളില്‍ തട്ടിതന്നെയാണ് പറഞ്ഞത്. തന്റെ ചില ശാഠ്യങ്ങളും അസ്വസ്ഥതകളുമെല്ലാം ഉള്‍ക്കൊണ്ട റാണിയുടെ ക്ഷമയെ പറ്റി ഫിലിപ്പ് രാജകുമാരന്‍ പ്രശംസിച്ചതും അങ്ങനെ തന്നെ. 

രാജ്ഞിക്ക് ജീവിതത്തിന്റെ പ്രണയം ആയിരുന്നു ഫിലിപ്പ്. രാജഭരണത്തിന്റെ ചിട്ടവട്ടങ്ങളും ഉത്തരവാദിത്തങ്ങളും എല്ലാം കൈകാര്യം ചെയ്യാന്‍ അവര്‍ക്കുള്ള ഊര്‍ജം. ഏത് അവസ്ഥയിലും അവര്‍ക്ക് ഒരു ചെറുചിരി സമ്മാനിക്കാന്‍ പോന്ന സാന്നിധ്യം. തുറന്നു പറച്ചിലുകളിലൂടെ ചില ചില്ലറ തലവേദനകളും രസംപിടിപ്പിക്കാനുള്ള നുറുങ്ങുകളും സമ്മാനിച്ച മാന്ത്രികത. കഴിഞ്ഞ വര്‍ഷം ഫിലിപ്പ് രാജകുമാരന്‍ മരിച്ചപ്പോള്‍ റാണിയുടെ ബലം കുറഞ്ഞത് പ്രായം കൊണ്ടായിരുന്നില്ല. മാനസിക കരുത്ത് ചോര്‍ന്നതു കൊണ്ടാണ്. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ ഒറ്റക്കിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഫോട്ടോ  കൊവിഡ് കാലത്തെ വേര്‍പിരിയലുകള്‍ നൊമ്പരപ്പെടുത്തിയ എല്ലാ മനസ്സുകളുടെയും നേര്‍ചിത്രം മാത്രമായിരുന്നില്ല. മക്കളും ചെറുമക്കളും അവരുടെ മക്കളും എല്ലാം ഉള്ള വലിയ കുടുംബവും ഭരിക്കുന്ന രാജ്യവും നാട്ടാരും കൊട്ടാരവും കോട്ടയും പത്രാസും ഒക്കെ ഉണ്ടായിട്ടും പെട്ടെന്ന് ഒറ്റക്കായി പോയ ഒരു സ്ത്രീ മാത്രമായിരുന്നു അന്ന് അവര്‍. പ്രിയപ്പെട്ടവന്‍ പോയതോടെ ശൂന്യത വന്നു മൂടിയ ഒരുവള്‍. പിന്നെ വന്ന ക്രിസ്മസ് സന്ദേശത്തിലും പ്രിയ ഫിലിപ്പ് ഇല്ലാത്ത വിടവിനെ പറ്റി എലിസബത്ത് രാജ്ഞി സംസാരിച്ചു. 

കാലം പരീക്ഷിച്ച, പരിശോധിച്ച പ്രണയവും ജീവിതവും ആയിരുന്നു എലിസബത്തിന്റേയും ഫിലിപ്പിന്റേയും. തല്ലുകൂടലും തെറ്റിദ്ധാരണകളും ശുണ്ഠിയും പിണക്കവും ഇണക്കവും എല്ലാം കണ്ട ദാമ്പത്യം തന്നെയായിരുന്നു അതും. പക്ഷേ പരസ്പരം മനസ്സിലാക്കലും ഉത്തരവാദിത്തവും ചുമതലകളും എന്നതിന് അപ്പുറം പ്രണയം കൊണ്ടു തന്നെയാണ് ഔപചാരിക ചിട്ടവട്ടങ്ങളാല്‍ ശ്വാസം മുട്ടുമായിരുന്ന ആ ദാമ്പത്യം 73വര്‍ഷം മുന്നോട്ടു പോയത്. 

ഈ ക്രിസ്മസിന് ഫിലിപ്പിന്റെ പ്രിയ 'കാബേജ് ' ഒറ്റക്കല്ല. നക്ഷത്രങ്ങളുടെ അനശ്വര ലോകത്ത് ഫിലിപ്പും എലിസബത്തും സ്വസ്ഥമായിരുന്ന് ആഘോഷിക്കും. മകളുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന സന്തോഷത്തില്‍ ജോര്‍ജ് ആറാമന്‍ അത് കണ്ടിരിക്കും. ലിലിബെറ്റിന്റെ ഒരേ ഒരു ദൗര്‍ബല്യം കണ്ട് അമ്മ മഹാറാണിയും മാര്‍ഗരറ്റ് രാജകുമാരിയും ഊറിച്ചിരിക്കും. 
 

click me!