
ഏഴുവട്ടം വിവാഹിത, വേണ്ടിവന്നാൽ ഒരു വിവാഹം കൂടിയാകാമെന്ന് പറയുകയാണ് ഈ 112 -കാരിയായ മുത്തശ്ശി. സിതി ഹവ ഹുസിൻ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഇവർക്ക് അഞ്ച് മക്കളും 19 പേരക്കുട്ടികളും പേരക്കുട്ടികൾക്ക് 30 മക്കളും ഉണ്ട്.
രക്തസമ്മർദ്ദത്തിന് മരുന്നെടുക്കുന്നുണ്ട് എന്നതൊഴിച്ചാൽ സിതിയുടെ ആരോഗ്യം പക്കാ ആണെന്നാണ് മക്കൾ പറയുന്നത്. മുത്തശ്ശിയുടെ സഹോദരങ്ങളിലും കൂട്ടുകാരിലും ഭൂരിഭാഗം പേരും മരിച്ചു കഴിഞ്ഞു. അപ്പോഴും തികഞ്ഞ ഊർജ്ജസ്വലതയോടെ ജീവിക്കുകയാണ് ഈ 112 -കാരി. കെലന്തനിലെ തുമ്പത്തിലെ കമ്പുങ് കജാങ് സെബിദാങ്ങിലാണ് ഇവർ താമസിക്കുന്നത്.
ഈ പ്രായമെത്തിയെങ്കിലും ദിവസവും അഞ്ച് നേരമുള്ള പ്രാർത്ഥനയ്ക്ക് അവർ മുടക്കം വരുത്താറില്ല. അതുപോലെ തന്നെ ഒറ്റയ്ക്ക് നടക്കാനും തന്റെ കാര്യങ്ങളെല്ലാം ചെയ്യാനും സിതിക്ക് സാധിക്കും. സാധാരണയായി പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ച്ചക്കുറവ്, കേൾവിക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ മാത്രമാണ് സിതിയെ അലട്ടുന്നത്. എന്നാലും, ആരോഗ്യത്തോടെയുള്ള ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണ് എന്ന് ചോദിച്ചാൽ ചോറ് കഴിക്കുമ്പോൾ വെള്ളം കുടിക്കില്ല എന്നാണത്രെ സിതി പറയാറ്. എന്നാൽ, ശരിക്കും ഇവരുടെ ആരോഗ്യത്തിൻറെ രഹസ്യം എന്താണ് എന്ന് അറിയില്ല.
സിതി ഹവയുടെ മക്കളിൽ 58 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരുണ്ട്. ഏഴ് വിവാഹം ചെയ്തതിൽ ചിലർ സ്വരച്ചേർച്ചയില്ലായ്മ കാരണം വിവാഹമോചനം നേടിപ്പോയതാണെങ്കിൽ ചിലർ മരിച്ചു പോയി. ഇപ്പോൾ ഇളയ മകന്റെയും മരുമകളുടെയും കൂടെയാണ് ഇവർ താമസം. അമ്മയെ കൊണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ലെന്നും മിക്ക കാര്യങ്ങളും അവർ തനിച്ച് തന്നെ ചെയ്യുമെന്നും മക്കൾ പറയുന്നു.
ഏഴ് വിവാഹം കഴിച്ചെങ്കിലും പ്രായം ഇത്രയൊക്കെ ആയെങ്കിലും ഒത്തുവന്നാൽ താൻ ഇനിയുമൊരു വിവാഹത്തിന് കൂടി തയ്യാറാണ് എന്നാണ് സിതി ഹവ തമാശയോടെ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം