'നഷ്ടം സഹിക്കേണ്ടിവന്നാലും തെറ്റുകണ്ടാൽ തെറ്റെന്നു പറയു'മെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, നയം കടുപ്പിച്ച് ഇന്ത്യ

By Web TeamFirst Published Jan 15, 2020, 12:27 PM IST
Highlights

"രാജ്യത്തിന് സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നാലും ശരി, 'തെറ്റ്' കണ്ടാൽ ഇനിയും തെറ്റെന്നുതന്നെ ഉറക്കെ വിളിച്ചുപറയും' എന്നായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ അടുത്ത മറുപടി. 

ജമ്മു കശ്മീരിന്റെ വിശിഷ്ടപദവി എടുത്തു കളഞ്ഞതിനെയും, രാജ്യത്ത് NRC, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവ നടപ്പിലാക്കുന്നതിനെയും അതിനിശിതമായി വിമർശിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങൾ അടുത്തിടെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ഭാഗത്തുനിന്ന് തുടർച്ചയായി വരികയുണ്ടായി. ഇന്ത്യൻ ഗവൺമെന്റ് പക്ഷേ, അതിനോട് പ്രതികരിച്ചത് മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിക്ക് ഏതാണ്ട് വിലക്കുതന്നെ ഏർപ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ ഈ നടപടിയെ അപലപിച്ചുകൊണ്ട് മഹാതിർ മുഹമ്മദ് വീണ്ടും പ്രതികരിച്ചു, "രാജ്യത്തിന് സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നാലും ശരി, 'തെറ്റ്' കണ്ടാൽ ഇനിയും തെറ്റെന്നുതന്നെ ഉറക്കെ വിളിച്ചു പറയും.'' 

ഭക്ഷ്യ എണ്ണയുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. നമ്മളെപ്പോലെ ഭക്ഷണത്തിൽ എണ്ണ ചേർക്കുന്നവർ വേറെ കാണില്ലല്ലോ. കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യൻ വ്യാപാരികൾ മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്യുന്നതിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും വലിയ പാമോയിൽ കയറ്റുമതി രാജ്യമാണ് മലേഷ്യ. 

മഹാതിറിന്റെ ഇന്ത്യാ വിരോധം 

കുറച്ചുനാളായി മഹാതിർ മുഹമ്മദ് തുടർച്ചയായി ഇന്ത്യയുടെ ആഭ്യന്തര നയങ്ങളിൽ തനിക്കുള്ള അതൃപ്തി പരസ്യമായി വെളിപ്പെടുത്തുന്നു. കാശ്മീരിൽ ആർട്ടിക്കിൾ 370  റദ്ദാക്കി, സംസ്ഥാനത്തിന്റെ വിശിഷ്ടപദവി ഇല്ലാതാക്കി, രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി ഭാഗിച്ച അന്ന് മഹാതിർ പറഞ്ഞത് 'ഇന്ത്യ കശ്മീരിനുമേൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്' എന്നായിരുന്നു. ഇപ്പോൾ പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലീങ്ങൾക്ക് നേരെ ഉണ്ടായ പക്ഷഭേദത്തിലും ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യക്ക് കടുത്ത പ്രതിഷേധമുണ്ട്, പലേടത്തും മഹാതിർ അതേപ്പറ്റിയും പറയുന്നുണ്ട്. 

എന്നാൽ, ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണം, ഇന്ത്യൻ വ്യാപാരികൾ ഒന്നടങ്കം മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത് മലേഷ്യയിലെ പാമോയിൽ റിഫൈനറികൾക്ക് വലിയ ആഘാതമാണ് ഏൽപ്പിക്കാൻ പോകുന്നത്. എന്നാൽ, മഹാതിർ മുഹമ്മദ് ഓയിൽ റിഫൈനറികളോട് യാതൊരു പരിഭ്രമവും വേണ്ടെന്നും സർക്കാർ നേരിട്ടിടപെട്ട് പ്രതിസന്ധി പരിഹരിക്കും എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. 

മഹാതിർ മുഹമ്മദ് പത്രസമ്മേളനത്തിൽ ഇപ്രകാരം പറഞ്ഞു, "ഇന്ത്യ ഞങ്ങളുടെ ഏറ്റവും വലിയ പാം ഓയിൽ ക്ലയന്റുകളിൽ ഒരാളാണ്. എന്നുവെച്ച്, അവിടെ വളരെ തെറ്റായ ഒരു കാര്യം നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതേപ്പറ്റി മിണ്ടാതിരിക്കണം എന്നൊന്നുമില്ല. സാമ്പത്തികമായി നഷ്ടമുണ്ടായേക്കാം എന്ന് ഭയന്നുകൊണ്ട് തെറ്റായ കാര്യങ്ങളെ തെറ്റെന്നു പറയാൻ മടിച്ചു നിന്നാൽ, പിന്നെ കാര്യങ്ങൾ നീങ്ങുക തെറ്റായ ദിശയിലേക്ക് മാത്രമാകും. പിന്നെ നമ്മളും തെറ്റുപ്രവർത്തിക്കാനും, മറ്റുള്ളവരുടെ തെറ്റുകൾ സഹിക്കാനും തുടങ്ങും. അത് ശരിയല്ലല്ലോ..! " 

ഇന്ത്യയുടെ 'പാം ഓയിൽ' മറുപടി 

ഇന്ത്യൻ ഗവൺമെന്റ് പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളോട് അനൗപചാരികമായി മലേഷ്യയിൽ നിന്ന് വാങ്ങരുത് എന്നുള്ള നിർദേശം നൽകിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. ഇപ്പോൾ ഇന്ത്യൻ വ്യാപാരികൾക്ക് മലേഷ്യക്ക് പകരം ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ വില നൽകിക്കൊണ്ടാണ് പാം ഓയിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നത്. വിദേശകാര്യമന്ത്രാലയം പറയുന്നത്, പാമോയിൽ എന്നും ഒരു രാജ്യത്തുനിന്നുതന്നെ വാങ്ങിക്കൊള്ളാം എന്ന് ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലലോ എന്നാണ്. രണ്ടു രാജ്യങ്ങൾക്കിടയിലെ വ്യാപാരം എന്നും അവയ്ക്കിടയിൽ രാഷ്ട്രീയ ബന്ധത്തെക്കൂടി ആശ്രയിച്ചിരിക്കും. അതുകൊണ്ട് ഇപ്പോൾ നടക്കുന്നതിൽ വിശേഷിച്ച് തെറ്റൊന്നും പറഞ്ഞുകൂടാ എന്നുമാണ്. 

2019 -ൽ മലേഷ്യ ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്തിട്ടുള്ളത് ഇന്ത്യയിലേക്കാണ്. 40.4 ലക്ഷം മെട്രിക് ടൺ. ഏകദേശം 21,000 കോടി ഇന്ത്യൻ രൂപയ്ക്കുള്ള വ്യാപാരം വരുമിത്.  രാഷ്ട്രീയ ബന്ധങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ഇത് അടുത്ത വർഷം പത്തിലൊന്നായി കുറഞ്ഞേക്കാം എന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയുടെ ഈ 'നയം' മലേഷ്യക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന ഒന്നാണ്. അത് പാകിസ്ഥാൻ, ഫിലിപ്പീൻസ്, മ്യാന്മാർ, വിയറ്റ്‌നാം, എത്യോപ്യ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ മറ്റുരാജ്യങ്ങളിലേക്ക് പാമോയിൽ കൂടുതൽ കയറ്റി അയച്ചുകൊണ്ട് നികത്താനാകും മലേഷ്യയുടെ ശ്രമം. എന്നാൽ, അത് അത്ര എളുപ്പമാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് മലേഷ്യയിലെ പാം ഓയിൽ തൊഴിലാളികളുടെയും റിഫൈനറി ഉടമകളുടെയും സംഘടനകൾ ഇന്ത്യയുമായി നയതന്ത്ര ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. 

മഹാതിറിനുമേൽ പാകിസ്താന്റെ സ്വാധീനം ?

1981 മുതൽ 2003 വരെ തുടർച്ചയായി മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന മഹാതിർ മുഹമ്മദ്  2018 -ൽ ഒരു ഊഴം കൂടി ലഭിച്ചതിനെത്തുടർന്ന് വീണ്ടും പ്രധാനമന്ത്രിയാവുകയായിരുന്നു. രണ്ടാം വരവിൽ മലേഷ്യയും പാകിസ്ഥാനും തമ്മിൽ വളരെ അടുത്ത നയതന്ത്ര ബന്ധങ്ങളാണുള്ളത്. പാകിസ്ഥാനിൽ നിന്നുള്ള സമ്മർദ്ദമാകാം മലേഷ്യയെക്കൊണ്ട് ഇന്ത്യക്കെതിരായ പ്രതികരിപ്പിച്ചത് എന്നൊരു വ്യാഖ്യാനവും ഇന്ത്യൻ നയതന്ത്രവൃത്തങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ പാകിസ്താനെക്കൊണ്ടുതന്നെ കൂടുതൽ പാമോയിൽ വാങ്ങിപ്പിക്കാനും ഇപ്പോൾ മലേഷ്യ ശ്രമിക്കുന്നുണ്ടത്രേ. പാകിസ്താനിലേക്ക് ഇപ്പോൾ മലേഷ്യ പ്രതിവർഷം കയറ്റി അയയ്ക്കുന്നത് പത്തുലക്ഷം മെട്രിക് ടൺ പാമോയിലാണ്. ഇത് ഏകദേശം 5000 കോടി ഇന്ത്യൻ രൂപയ്ക്കുള്ള കച്ചവടമാണ്. 

രണ്ടാമത്തെ കാരണം 

ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റുചെയ്ത് വിചാരണ ചെയ്യാൻ ആഗ്രഹിക്കുന്ന സാക്കിർ നായിക് എന്ന ഇസ്ലാം മത പ്രചാരകന്  നിലവിൽ രാഷ്ട്രീയാഭയം നൽകിയിരിക്കുന്നത് മലേഷ്യയാണ്. സാക്കിർ നായിക്കിന്റെ ഇന്ത്യയിലേക്ക് തിരികെ നാടുകടത്താത്തതും, മലേഷ്യക്കും ഇന്ത്യക്കുമിടയിൽ അസ്വാരസ്യത്തിന് ഒരു കാരണമാണ്. ഇന്ത്യയിൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകളിൽ പാമോയിലിന്റെ പങ്ക് മൂന്നിൽ രണ്ടു ഭാഗമാണ്. പ്രതിവർഷം 90 ലക്ഷം മെട്രിക് ടൺ  അതായത് 1,10,000 കോടി രൂപയ്ക്കുള്ള പാമോയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, പാതിയും ഇതുവരെ മലേഷ്യയിൽ നിന്നാണ് വാങ്ങിയിരുന്നത്. ഇനി, മലേഷ്യ തങ്ങളുടെ നിലപാട് മാറ്റാതെ വരുന്ന സാഹചര്യത്തിൽ, അത് മാറാനും, ഇന്തോനേഷ്യക്ക് ലാഭമുണ്ടാക്കുന്ന രീതിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. 

മലേഷ്യയും പാകിസ്ഥാനും തമ്മിൽ ? 

പാകിസ്ഥാനും മലേഷ്യയും തമ്മിലുള്ള ബന്ധം മലേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്നുതൊട്ടേ നല്ലതാണ്. 1957 -ൽ മലേഷ്യ ഒരു പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചപ്പോൾ, അതിനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. രണ്ടും ഇസ്ലാമിക രാജ്യങ്ങളാണ് എന്നതും മറ്റൊരു കാരണമാണ്. മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയും, ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ആയി തുടരുന്നിടത്തോളം കാലം ഇരുരാജ്യങ്ങളും തമ്മിൽ ഇതുപോലെ നല്ല ബന്ധത്തിൽ തുടരാൻ സാധ്യതയുണ്ട്. അത് മലേഷ്യ ഇന്ത്യയോട് പ്രതികരിക്കുന്ന രീതികളിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പാമോയിൽ നയങ്ങളും ഏറെക്കുറെ ഇങ്ങനെ തന്നെ, അല്ലെങ്കിൽ ഇതിലും മോശമാകാൻ സാധ്യതയുണ്ട്, മലേഷ്യയെ സംബന്ധിച്ചിടത്തോളം. അതിനെ എങ്ങനെയൊക്കെ സ്വാധീനിക്കാനാകും എന്നാകും ഇനിയങ്ങോട്ട് മലേഷ്യയിലെ പാം ഓയിൽ റിഫൈനറി ഉടമകളും, തൊഴിലാളി യൂണിയനുകളും ശ്രമിക്കുക.  

click me!