Ukraine Crisis : ട്രംപ് പ്രസിഡന്റെങ്കില്‍ പുടിന്‍ യുദ്ധം ചെയ്യില്ല, അമേരിക്കക്കാരുടെ വിശ്വാസം ഇതെന്ന് സര്‍വേ

Web Desk   | Asianet News
Published : Mar 01, 2022, 04:58 PM ISTUpdated : Mar 01, 2022, 05:00 PM IST
Ukraine Crisis : ട്രംപ് പ്രസിഡന്റെങ്കില്‍ പുടിന്‍ യുദ്ധം ചെയ്യില്ല,  അമേരിക്കക്കാരുടെ വിശ്വാസം ഇതെന്ന് സര്‍വേ

Synopsis

Ukraine Crisis :യു എസ് പ്രസിഡന്റിന്റെ കസേരയില്‍ ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെങ്കില്‍ യുക്രൈന്‍ വിഷയം എന്തായേനെ? ഇങ്ങനെയൊരു ചോദ്യം മുന്നില്‍ വന്നപ്പോള്‍ ഭൂരിഭാഗം അമേരിക്കക്കാരും പറഞ്ഞത് ഒരൊറ്റക്കാര്യം-ട്രംപ് പ്രസിഡന്റായിരുന്നുവെങ്കില്‍, പുടിന്‍ യുക്രൈനിനെ അക്രമിക്കില്ലായിരുന്നു!  

യു എസ് പ്രസിഡന്റിന്റെ  (US President) കസേരയില്‍ ഡൊണാള്‍ഡ് ട്രംപ് (Donald Trump) ആയിരുന്നുവെങ്കില്‍ യുക്രൈന്‍ (Ukraine crisis) വിഷയം എന്തായേനെ? ഇങ്ങനെയൊരു ചോദ്യം മുന്നില്‍ വന്നപ്പോള്‍ ഭൂരിഭാഗം അമേരിക്കക്കാരും പറഞ്ഞത് ഒരൊറ്റക്കാര്യം-ട്രംപ് പ്രസിഡന്റായിരുന്നുവെങ്കില്‍, പുടിന്‍  (Vladimir Putin) യുക്രൈനിനെ അക്രമിക്കില്ലായിരുന്നു!  

ഹാര്‍വാര്‍ഡ് സെന്റര്‍ ഓഫ് അമേരിക്കന്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം അമേരിക്കക്കാരും പറഞ്ഞത്, കസേരയില്‍ ട്രംപ് എങ്കില്‍ പുടിന്‍ യുദ്ധത്തിനിറങ്ങില്ലായിരുന്നു എന്നാണ്. രസകരമായ മറ്റൊരു വിവരവും സര്‍വേ നല്‍കുന്നുണ്ട്.  ട്രംപിന് അനുകൂലമായി അഭിപ്രായം പറഞ്ഞതെല്ലാം റിപ്പബ്ലിക്കന്‍കാരല്ല. 85 ശതമാനം റിപ്പബ്ലിക്കന്‍കാരും 38 ശതമാനം ഡെമോക്രാറ്റുകളും ട്രംപിന് അനുകൂലമായാണ് 
ചിന്തിക്കുന്നതെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. 

ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വേ നടന്നത്. രജിസ്റ്റര്‍ ചെയ്ത 2026 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 59 ശതമാനം പേരും പറഞ്ഞത് ബൈഡന്‍ ദുര്‍ബലനായതിനാലാണ് പുടിന്‍ യു്രൈകനിനെ ആക്രമിച്ചത് എന്നാണ്. എന്നാല്‍, പുടിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന് ഒരു കാര്യവുമില്ലെന്ന് പറഞ്ഞത് 41 ശതമാനം പേരാണ്. 

യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ബൈഡന്‍ എടുത്ത നിലപാടുകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളെയാണ് പ്രകടിപ്പിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന മറ്റു ചില സര്‍വേകളും സൂചിപ്പിച്ചത്. ഫോക്‌സ് ന്യൂസ് നടത്തിയ ഒരു സര്‍വേയില്‍, പുടിനേക്കാള്‍ മോശമാണ് ബൈഡന്‍ എന്നാണ് റിപ്പബ്ലിക്കന്‍മാരുടെ അഭിപ്രായം എന്നാണ് പറയുന്നത്. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത ഡെമോക്രാറ്റിക്കുകളെ സംബന്ധിച്ച് പുടിനേക്കാള്‍ മോശം ട്രംപാണ്.  

എന്‍പിആര്‍, പിബിഎസ്, മാറിസ്റ്റ് കോളജ് നടത്തിയ സര്‍വേയിലും ബൈഡന്‍ ഭരണകൂടത്തിന് എതിരായിരുന്നു ജനവികാരം. കൊവിഡ് മഹാമാരി, അഫ്ഗാനിസ്താനില്‍നിന്നുള്ള സേനാ പിന്‍മാറ്റം, നാണയപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബൈഡന്‍ സര്‍ക്കാര്‍ തൃപ്തികരമായി പ്രവര്‍ത്തിച്ചില്ലെന്നാണ് ഈ സര്‍വേ പറഞ്ഞത്. 

ബൈഡന്റെ ആദ്യ വര്‍ഷം പരാജയമായിരുന്നു എന്നാണ് 59 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത് എന്നാണ് ഈ സര്‍വേ പറയുന്നത്. 91 ശതമാനം റിപ്പബ്ലിക്കന്‍മാര്‍ ബൈഡന്‍ ഭരണം പരാജയമാണെന്ന് പറഞ്ഞപ്പോള്‍ 80 ശതമാനം ഡെമോക്രാറ്റുകള്‍ ബൈഡന്റെ ആദ്യ വര്‍ഷം വിജയമാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, 15 ശതമാനം ഡെമോക്രാറ്റുകള്‍ ബൈഡന്റെ ആദ്യവര്‍ഷം പരാജയമാണെന്നാണ് അഭിപ്രായപ്പെട്ടത് എന്നാണീ സര്‍വേ പറയുന്നത്. 

കഴിഞ്ഞ ദിവസം ജോ ബൈഡനെ കടന്നാക്രമിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. പുടിനും റഷ്യയ്‌ക്കെതിരെയും നിലപാട് എടുക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നുവെന്ന് ട്രംപ് പരിഹസിച്ചു. ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്ക് ആക്രമിക്കാനുള്ള അവസരം ഒരിക്കലും ഒരുക്കാന്‍ പാടില്ലായിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ച  ട്രംപ് റഷ്യന്‍ ആക്രമണത്തില്‍ നടുക്കവും രേഖപ്പെടുത്തി.

പുടിനുമായി തനിക്ക് സൌഹൃദം ഉണ്ടെന്നും അതിനാല്‍ തന്നെ ഇത്തരം ഒരു ആക്രമണം നടക്കാന്‍ അനുവദിക്കില്ലെന്നും 
ഫ്ളോറിഡയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞിരുന്നു. 

എന്നാല്‍, അതിനു രണ്ട് ദിവസം മുന്‍പ് ട്രംപിന്റെ നിലപാട് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പുടിന്‍ ജീനിയസാണ് എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.  യുക്രൈന്റെ കിഴക്കന്‍ ഭാഗത്തെ രണ്ട് മേഖലകള്‍ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. യുക്രൈന്‍ സംഭവവികാസങ്ങള്‍ ടിവിയിലാണ് താന്‍ കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്ത്തി. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിന്‍ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു കിടിലന്‍ നീക്കമാണെന്നുമാണ് ട്രംപ് ദ് ക്ലേ ട്രാവിസ് ആന്റ് ബക് സെക്സ്റ്റണ്‍ ഷോയില്‍ ട്രംപ് പറഞ്ഞത്. 
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ