വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം പരിശോധിച്ച് പുരുഷാധ്യാപകർ, പ്രതിഷേധം, പാവാട ധരിച്ചെത്തി ആൺകുട്ടികൾ

Published : Feb 24, 2023, 12:01 PM IST
വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം പരിശോധിച്ച് പുരുഷാധ്യാപകർ, പ്രതിഷേധം, പാവാട ധരിച്ചെത്തി ആൺകുട്ടികൾ

Synopsis

അതേ സമയം വിദ്യാലയത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റേത് എന്ന് കരുതപ്പെടുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

മെർസിസൈഡിലെ റെയിൻഫോർഡ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധത്തിലാണ്. കാര്യം വേറൊന്നുമല്ല. നമുക്കറിയാം ഓരോ സ്കൂളിനും ഓരോ യൂണിഫോം പോളിസി ഉണ്ടാകും. അതുപോലെ റെയിന്‍ഫോര്‍ഡിനുമുണ്ട്. അതില്‍ പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പെണ്‍കുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ പരിശോധിച്ചു എന്ന് ആരോപിച്ചാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിക്കുന്നത്. 

അധ്യാപകര്‍ നീളം പരിശോധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളില്‍ പലരും കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത് എന്ന് രക്ഷിതാക്കള്‍ പറയുന്നു. കാലഹരണപ്പെട്ടതും പരിഹാസ്യമായതുമായ പ്രവൃത്തിയാണ് സ്കൂളിന്റെയും അധ്യാപകരുടേയും ഭാ​ഗത്ത് നിന്നുണ്ടായത് എന്ന് കാണിച്ചു കൊണ്ട് ആയിരം പേർ ഒപ്പ് വച്ച ഒരു ഓൺലൈൻ പെറ്റീഷനും നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനികൾ കരഞ്ഞു കൊണ്ട് വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ വഷളായതും രക്ഷിതാക്കൾ ഇതിനെതിരെ പ്രതികരിച്ചതും. 

തന്റെ മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത് എന്ന് ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അവൾ ക്ലാസിലെ മിടുക്കിയാണ്, ഒരു പ്രശ്നത്തിലും ചെന്നുപെടാത്ത ആളാണ്. ഈ സംഭവം അവളെ വളരെ അധികം വേദനിപ്പിച്ചു എന്നും രക്ഷിതാവ് പറഞ്ഞു. ഓഡിറ്റോറിയത്തിൽ വച്ച് ആൺകുട്ടികൾക്കും പുരുഷന്മാർക്കും മുന്നിൽ വച്ചാണ് പുരുഷ അധ്യാപകർ തങ്ങളുടെ പാവാടയുടെ നീളം പരിശോധിച്ചത് എന്ന് പല വിദ്യാർത്ഥികളും വീട്ടിൽ ചെന്ന് കരഞ്ഞു പറഞ്ഞു എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. 

അതേ സമയം വിദ്യാലയത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റേത് എന്ന് കരുതപ്പെടുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ നിരവധി ആൺകുട്ടികൾ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്, യൂണിഫോമിന് മുകളിൽ ചെറിയ പാവാട ധരിച്ച് വിദ്യാലയത്തിൽ എത്തിയിരിക്കുന്നത് കാണാം. 

അതേ സമയം പ്രധാനാധ്യാപിക പറയുന്നത്, തങ്ങളുടെ അധ്യാപകർ മോശമായ തരത്തിൽ കുട്ടികളോട് പെരുമാറിയതിന് തെളിവൊന്നും തന്നെ ഇല്ല എന്നാണ്. 

PREV
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു