ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡ്രൈവർക്ക് പ്രത്യേക താമസസൗകര്യം നൽകിയില്ലെന്ന് യുവാവ്, പരിഹസിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Mar 3, 2024, 3:09 PM IST
Highlights

എന്തുകൊണ്ടാണ് ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഡ്രൈവർമാർക്കായി പ്രത്യേക വിശ്രമ ഇടങ്ങൾ ഒരുക്കാത്തത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു 2-3 സ്റ്റാർ ഹോട്ടലിൽ പോകൂ, അവർക്ക് ഈ സേവനം ഉണ്ട്. പിന്നെ എന്തുകൊണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകൾക്ക് ഇല്ല?

യാത്രകളിൽ പലപ്പോഴും ആളുകൾ, ഉയർന്ന നിലവാരമുള്ള ഹോട്ടലിൻ്റെ ആഡംബര സൗകര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, ഒപ്പമുണ്ടാകുന്ന ഡ്രൈവർമാർ പലപ്പോഴും മറ്റെവിടെയെങ്കിലും ചെറിയ ബജറ്റ് മുറികളിലോ അല്ലെങ്കിൽ അവരുടെ വാഹനങ്ങളിൽ തന്നെയോ കിടക്കാറാണ് പതിവ്. 

എന്നാൽ, തങ്ങളുടെ അതിഥികളോടൊപ്പം വരുന്ന ഡ്രൈവർമാർക്കും താമസിക്കാൻ സൗകര്യപ്രദമായ ഒരിടം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒരുക്കണമെന്ന് അടുത്തിടെ ഒരാള്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിഖിൽ ​ഗുപ്ത എന്ന യുവാവാണ് ജയ്പൂർ സന്ദർശനവേളയിലെ തൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് എക്സിൽ ഡ്രൈവർമാർക്കായി ശബ്ദമുയർത്തിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഡ്രൈവർക്ക് സ്ഥലം വേണമെങ്കിൽ സ്വന്തമായി കണ്ടുപിടിച്ചു നൽകണമെന്ന് പരിഹസിച്ചവരും നിരവധിയാണ്.

നിഖിൽ ​ഗുപ്തയുടെ പോസ്റ്റ് ഇങ്ങനെയാണ്, “ഞാൻ പപ്പ, ചാച്ചു, ഡ്രൈവർ അങ്കിൾ എന്നിവരോടൊപ്പം ആണ് ജയ്പൂരിൽ എത്തിയത്. ഞങ്ങൾ മനോഹരമായ ഹോട്ടലായ JW മാരിയറ്റിൽ ആണ് താമസിക്കാൻ തീരുമാനിച്ചത്. അവിടെയെത്തി ഡ്രൈവർക്ക് താമസിക്കാൻ എന്തെങ്കിലും ക്രമീകരണം ഉണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു മറുപടി. അതോ‌ടെ അർദ്ധരാത്രി അദ്ദേഹത്തിന് താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കേണ്ട അവസ്ഥയിലായി ഞങ്ങൾ. എന്തുകൊണ്ടാണ് ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഡ്രൈവർമാർക്കായി പ്രത്യേക വിശ്രമ ഇടങ്ങൾ ഒരുക്കാത്തത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു 2-3 സ്റ്റാർ ഹോട്ടലിൽ പോകൂ, അവർക്ക് ഈ സേവനം ഉണ്ട്. പിന്നെ എന്തുകൊണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകൾക്ക് ഇല്ല?"

നിഖിൽ ഗുപ്തയുടെ പോസ്റ്റ് വൈറലായതോടെ, നിരവധി ആളുകൾ അഭിപ്രായപ്രകടനം നടത്തി. “അത് ഹോട്ടലിൻ്റെ ഉത്തരവാദിത്തമല്ല. ഡ്രൈവർമാർക്ക് പ്രത്യേക താമസസൗകര്യം നൽകുന്ന ഒരു ഹോട്ടലും ഞാൻ കണ്ടിട്ടില്ല” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ  അഭിപ്രായം. “ഹോട്ടൽ അല്ല, താമസം ആസൂത്രണം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതേ ഹോട്ടലിൽ അയാൾക്ക് ബുക്ക് ചെയ്യാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, നിങ്ങൾക്ക്  വിലകുറഞ്ഞ OYO ഓപ്ഷൻ ബുക്ക് ചെയ്യാമായിരുന്നു“ എന്നിങ്ങനെ നീളുന്നു പോസ്റ്റിനെതിരെയുള്ള പരിഹാസവും  വിമർശനവും നിറഞ്ഞ കമന്റുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!