കാടിനടുത്ത് മദ്യപിക്കുന്നതിനിടെ യുവാവിനെ കടുവ കൊണ്ടുപോയി, തിരിച്ചുകിട്ടിയത് പാതി തിന്ന ശരീരം!

By Web TeamFirst Published Dec 26, 2022, 6:06 PM IST
Highlights

 പിറ്റേ ദിവസം  സമീപത്തെ ഒരു കനാലിന്റെ കരയില്‍ പാതി തിന്ന നിലയില്‍ അയാളുടെ മൃതദേഹം കണ്ടുകിട്ടി. 

കാടിനോടു ചേര്‍ന്ന വിജനമായ സ്ഥലത്ത് കൂട്ടുകാരോടൊപ്പം മദ്യപിക്കുകയായിരുന്നു ആ യുവാവ്. അവരുടെ കളിതമാശകള്‍ക്കിടയിലേക്ക് പൊടുന്നനെ കാട്ടില്‍നിന്നൊരു മൃഗം പാഞ്ഞുവന്നു, ഒരു വമ്പന്‍ കടുവ! 

അത് നേരെ ചെന്നത് അയാളുടെ അടുത്താണ്. മദ്യപിച്ചു കൊണ്ടിരുന്ന അയാളെ കടിച്ചെടുത്ത് വലിച്ചിഴച്ച് കടുവ കാട്ടിലേക്ക് മറഞ്ഞു. ഭയന്നുവിറച്ച കൂട്ടുകാര്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടി ഈ വിവരം നാട്ടുകാരെ അറിയിച്ചു.  പിറ്റേ ദിവസം പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ സമീപത്തെ ഒരു കനാലിന്റെ കരയില്‍ പാതി തിന്ന നിലയില്‍ അയാളുടെ മൃതദേഹം കണ്ടുകിട്ടി. 

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍പ്പെട്ട രാംഗനര്‍ ഫോറസ്റ്റ് ഡിവിഷനിലാണ് കടുവ ഭീതി പരത്തിയത്. രാമനഗറിലെ ഖത്താരി ഗ്രാമവാസിയായ നഫീസ് (32) എന്നയാളെയാണ് കടുവ ആക്രമിച്ചതെന്ന് ടൈഗര്‍ റിസര്‍വ് ഡയരക്ടര്‍ ധീരജ് പാണ്ഡേ പറഞ്ഞു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കടുവ ഇയാളെ കടിച്ച് വലിച്ചിഴച്ച് കാട്ടില്‍ കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു 12 വയസ്സുകാരിയെയും കടുവ ആക്രമിച്ചിരുന്നു. കാടിനോടു ചേര്‍ന്ന പറമ്പില്‍ കെട്ടിയ ആടുകളെ നോക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം പോയപ്പോഴാണ് പിഞ്ചു ബാലികയെ കടുവ ആക്രമിച്ചത്. 

ബഹ്‌റായിച്ചയിലെ ചാക്കിയ ഫോറസ്റ്റ് റേഞ്ചിലാണ് കടുവയുടെ ആക്രമണം നടന്നത്. ഗിജാനിയ ഗ്രാമത്തിലെ തോലാറാമിന്റെ മകള്‍ 12 വയസ്സുകാരിയായ അഞ്ജനിയെയാണ് കടുവ ആക്രമിച്ചത്. ഇവിടെയുള്ള സരയൂ കനാലിനടുത്ത് മുതിര്‍ന്നവര്‍ക്കൊപ്പം പോയപ്പോഴാണ് കടുവ അഞ്ജനിയെ ആക്രമിച്ചത്. ഒഴിഞ്ഞ പറമ്പില്‍ കെട്ടിയ ആടുകളെ നോക്കാന്‍ പോയതായിരുന്നു അഞ്ജനി. ഈ സമയത്ത് കാട്ടില്‍നിന്നും മിന്നല്‍ വേഗത്തില്‍ എത്തിയ കടുവ അഞ്ജനിയെ കടിച്ചു വലിച്ചു കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് കനാലിനരികെ മരിച്ചു കിടന്ന നിലയില്‍ ബാലികയെ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അഞ്ജനിയുടെ കുടുംബത്തിന് സഹായം അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 
  

tags
click me!