
അടിയന്തര സാഹചര്യങ്ങളിൽ ചിലപ്പോൾ വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനമെത്താതെ തന്നെ മറ്റ് എയർപോർട്ടുകളിൽ ഇറങ്ങേണ്ടി വരാറുണ്ട്. അതേസമയം, യാത്രക്കാരുടെയും മറ്റും ചില തെറ്റായ പെരുമാറ്റവും ഇടപെടലുകളും ഒക്കെക്കൊണ്ടും ഇതു സംഭവിക്കാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. ഒരു യാത്രക്കാരന്റെ പരാമർശമാണ് ഈ അപ്രതീക്ഷിതവും അതിനാടകീയവുമായ സംഭവത്തിന് പിറകിൽ. തന്റെ ഭാര്യയുടെ ലഗേജിൽ ബോംബുണ്ട് എന്ന് ഒരു യാത്രക്കാരൻ പറഞ്ഞതോടെയാണ് ആകെ പരിഭ്രാന്തി നിറഞ്ഞ സാഹചര്യമുണ്ടായത്.
ഞായറാഴ്ചയാണ് സംഭവം. ഡാളസിൽ നിന്ന് ഷിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ മിസോറിയിൽ അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു. ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ആകെ സാഹചര്യം പരിഭ്രാന്തി നിറഞ്ഞതായി മാറുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 8.40 ഓടെ വിമാനം സെന്റ് ലൂയിസ് ലാംബർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഉടനെ തന്നെ എമർജൻസി സർവീസിൽ നിന്നുള്ളവരും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ലഗേജ് പരിശോധിക്കുകയും ചെയ്തു.
എന്നാൽ, ബാഗിൽ ഒരു ബോംബും ഉണ്ടായിരുന്നില്ല. അതോടെ യുവാവിന്റേത് വ്യാജ ആരോപണമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ, ഇയാളെ പിടികൂടുകയും ചെയ്തു. എയർപോർട്ട് ഡയറക്ടർ റോണ്ട ഹാം-നീബ്രൂഗെ പറയുന്നത്, ആകെ പരിഭ്രാന്തി പരന്നെങ്കിലും ആർക്കും പരിക്കൊന്നുമേറ്റിട്ടില്ല എന്നാണ്. വിമാനത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷം അപകടകരമായ സാഹചര്യമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ ഉച്ചകഴിഞ്ഞ് വിമാനം സെന്റ് ലൂയിസിൽ നിന്ന് പറന്നുയർന്ന് ചിക്കാഗോയിൽ സുരക്ഷിതമായി ഇറങ്ങിയതായും യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.