മദ്യപിച്ച് രണ്ട് ടയറുകളില്ലാതെ വാഹനമോടിച്ചത് 16 കിലോമീറ്റോളം

Published : Jul 15, 2022, 02:03 PM IST
മദ്യപിച്ച് രണ്ട് ടയറുകളില്ലാതെ വാഹനമോടിച്ചത് 16 കിലോമീറ്റോളം

Synopsis

ഒരു വശത്തെ രണ്ട് ടയറുകൾ ഇല്ലാതെ അയാൾ വാഹനം ഓടിക്കുന്നത് കണ്ട് റോഡിലെ മറ്റ് ഡ്രൈവർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ്, വാൻ കണ്ട് അന്തം വിട്ടു.

മദ്യപിച്ച് വണ്ടിയോടിക്കുന്നത് അപകടങ്ങൾ വിളിച്ചു വരുത്തുമെന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസം വെയിൽസിൽ ഇതുപോലെ മദ്യപിച്ച് അപകടകരമാം വിധം വാഹനം ഓടിച്ച ഒരു ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മോട്ടോർവേയിലൂടെ 16 കിലോമീറ്ററോളമാണ് അയാൾ വാഹനം ഓടിച്ചത്, അതും പൊട്ടിയ രണ്ട് ടയറുമായി. എന്നാൽ, ഒടുവിൽ പൊലീസ് പിടികൂടിയപ്പോഴോ കൊവിഡ് കാരണമാണ് ഇതെല്ലാം എന്നൊരു വിചിത്ര വാദവും അയാൾ ഉന്നയിച്ചു. 42 -കാരനായ ലോറി റോസറാണ് സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ചതിനെ തുടർന്ന് മോട്ടോർവേയിലൂടെ ഈ സാഹസികയാത്ര നടത്തിയത്. എന്നാൽ, പോകുന്ന പോക്കിൽ മുന്നിലെയും പിന്നിലെയും ടയർ നഷ്ടപ്പെട്ടതും, സ്റ്റീൽ ഹബ്ബുകൾ തേഞ്ഞുപോയതും ഒന്നും അയാൾ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അയാൾ വാഹനം ഓടിച്ചു കൊണ്ടിരുന്നു. ജൂൺ 26 -ന് രാത്രി ലാങ്കിഫെലാച്ചിലെ ജംഗ്ഷൻ 46 -ൽ വച്ചായിരുന്നു സംഭവം.

ഒരു വശത്തെ രണ്ട് ടയറുകൾ ഇല്ലാതെ അയാൾ വാഹനം ഓടിക്കുന്നത് കണ്ട് റോഡിലെ മറ്റ് ഡ്രൈവർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ്, വാൻ കണ്ട് അന്തം വിട്ടു. തുടർന്ന് അയാളെ തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ബ്രീത്ത് അനലൈസറിൽ ഊതിച്ചു. അയാൾ മദ്യപിച്ചിരുന്നു എന്ന് മാത്രമല്ല, നിയമപരമായ പരിധിയുടെ ഇരട്ടിയോളം മദ്യം അകത്ത് ചെന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ അയാൾ മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്. അതേസമയം താൻ മനഃപൂർവ്വം ചെയ്തതല്ലെന്നും, വേഗപരിധി കടന്നുവെന്ന് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയം കൊവിഡ് ആയിരുന്നുവെന്നും, ഇത് തന്റെ തീരുമാനം എടുക്കാനുള്ള കഴിവിനെ ബാധിച്ചുവെന്നും അയാൾ കോടതിയിൽ പറഞ്ഞു. ടയർ ഇല്ലാതെയാണ് വാഹനം ഓടിക്കുന്നതെന്ന് താൻ അറിയാതിരുന്നതും ഇത് മൂലമാണ് എന്നയാൾ ന്യായീകരിച്ചു.  

സംഭവം നടന്നതിന്റെ പിറ്റേന്ന് നടത്തിയ കൊവിഡ് ടെസ്റ്റിൽ അയാൾ പോസിറ്റീവ് ആയിരുന്നുവെന്നും അയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ചത് മൂലം അയാൾക്ക് നേരെ ചിന്തിക്കാൻ സാധിച്ചിരുന്നിരുന്നില്ലെന്നും കോടതിയിൽ അയാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഒടുവിൽ ഇപ്പോൾ സ്വാൻസീ മജിസ്‌ട്രേറ്റ് കോടതി അയാളെ 17 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുകയും 300 പൗണ്ട് പിഴയും ചുമത്തിയിട്ടുമുണ്ട്. ഒരു മരപ്പണിക്കാരനായ അയാൾ നാല് കുട്ടികളുടെ പിതാവും കൂടിയാണ്.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?