
രണ്ട് കുട്ടികളെ കൊന്നു എന്ന കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കഴിഞ്ഞത്. ഒന്നും രണ്ടും കൊല്ലമല്ല 27 കൊല്ലം. അതില്‍ പ്രശ്‍നമൊന്നുമില്ല, കാരണം കുട്ടികളെ കൊന്ന കുറ്റത്തിനല്ലേ.. പക്ഷേ, കാര്യമതല്ല 27 വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരിക്കുന്നു. ചൈനയിലാണ് സംഭവം. സാങ് യുഹ്വാന്‍ എന്ന അമ്പത്തിമൂന്നുകാരനെ ചൊവ്വാഴ്‍ചയാണ് ജിയാങ്സി പ്രവിശ്യയിലെ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് തെളിവുകളുടെ അഭാവത്തില്‍ കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ വെറുതെ വിട്ടതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറേ വര്‍ഷമായി കൊലപാതകക്കേസില്‍ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. 1993 -ലാണ് ജിയാങ്സി പ്രവിശ്യയിലെ നാന്‍ചാങ്ങില്‍ രണ്ട് ആണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അയല്‍വക്കത്തുള്ള സാങ് ആണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. 1995 -ല്‍ സാങിനെ വധശിക്ഷയ്ക്ക് വിധിച്ചു. പക്ഷേ, രണ്ട് വര്‍ഷത്തിനുള്ളില്‍ അയാള്‍ ഈ കൊലപാതകമല്ലാതെ മറ്റ് കുറ്റങ്ങളൊന്നും ചെയ്‍തിട്ടില്ല എന്ന് ബോധ്യപ്പെട്ടാല്‍ ജീവപര്യന്തം തടവനുഭവിച്ചാല്‍ മതിയാവും. പക്ഷേ, സാങ് മേല്‍ക്കോടതിയെ സമീപിച്ചു. താനല്ല കൊലപാതകം നടത്തിയതെന്നും പൊലീസ് തന്നെ ചോദ്യം ചെയ്യലിനിടയില്‍ പീഡിപ്പിച്ചുവെന്നും അറിയിച്ചു. മേല്‍ക്കോടതിയാണ് വിചാരണ വീണ്ടും ആരംഭിക്കാന്‍ ഉത്തരവിട്ടത്. യഥാർത്ഥ വിധി ഇന്റർമീഡിയറ്റ് കോടതി ശരിവച്ചു, പിന്നീട് അപ്പീൽ നിരസിക്കപ്പെട്ടു.
സാങും കുടുംബവും അയാള്‍ നിരപരാധിയാണ് എന്ന് ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജിയാങ്സി സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് കേസ് അന്വേഷണം പുനരാരംഭിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് ചൊവ്വാഴ്‍ച ഇയാളെ വെറുതെ വിടുകയാണുണ്ടായത്. സാങ് കുറ്റം നടത്തി എന്ന് തെളിയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുന്നതിനാല്‍ വെറുതെ വിട്ടിരിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. സാങ് ഇപ്പോള്‍ സ്റ്റേറ്റിനോട് തന്‍റെ ജയിലിനകത്ത് കഴിഞ്ഞ 27 വര്‍ഷത്തെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.
തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെല്ലാം തനിക്ക് ജയിലിലാണ് കഴിയേണ്ടി വന്നത് എന്നാണ് സാങ് പ്രതികരിച്ചത്. അയാളുടെ രണ്ട് കുട്ടികളും മുതിര്‍ന്നു, വിവാഹിതരായി. അവര്‍ക്കും കുട്ടികളുണ്ടായി. 'ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതിനു പകരമാകില്ല നഷ്‍ടപരിഹാരം. എനിക്കും എന്‍റെ കുടുംബത്തിനും അനുഭവിക്കേണ്ടി വന്നതിനും പകരമാകില്ല അത്. പക്ഷേ, എത്രയും പെട്ടെന്ന് നഷ്‍ടപരിഹാരം കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. അതുവഴി എന്‍റെ വീട് നന്നാക്കിയെടുക്കാമെന്നും അമ്മയെ പരിചരിക്കാമെന്നും ഞാന്‍ കരുതുന്നു' എന്നാണ് സാങ് പ്രതികരിച്ചത്.
വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൈനയിലെ നിയമവ്യവസ്ഥയെ വിമര്‍ശിക്കുന്നുണ്ട്. പലരെയും ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ചില പരിഷ്‍കാരങ്ങളെല്ലാം നിയമ വ്യവസ്ഥയില്‍ ചൈന വരുത്തിയിട്ടുണ്ട്. പക്ഷേ, പലപ്പോഴും അതില്‍ പിഴവുകളുണ്ടാകുന്നുണ്ട് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.