
വിവാഹത്തോടനുബന്ധിച്ച് വലിയ തുക പണമായി സമ്മാനം ലഭിച്ചാൽ ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾ നേരിടേണ്ടി വരുമോ? സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചർച്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പൂജ' എന്ന യൂസർ തന്റെ കസിൻ സഹോദരന്റെ അനുഭവം പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് വിവാഹസമ്മാനമായി ലഭിച്ചത് ഏകദേശം 10 ലക്ഷം രൂപയാണ്. ചടങ്ങിൽ പങ്കെടുത്ത 110-ഓളം അതിഥികളാണ് ഈ തുക നൽകിയത്. 500, 2,000 മുതൽ 25,000, 50,000 വരെ പലരും സമ്മാനിക്കുകയായിരുന്നു.
എന്നാൽ ഇത്രയും വലിയൊരു തുക പണമായി കയ്യിൽ വന്നതോടെ, ഇതിന്റെ സ്രോതസ്സ് എങ്ങനെ തെളിയിക്കുമെന്നും നികുതി അധികൃതരിൽ നിന്ന് ചോദ്യങ്ങൾ ഉയരുമോ എന്ന ആശങ്കയിലുമാണ് കുടുംബം.
'സർക്കാർ ഉദ്യോഗസ്ഥനായ എന്റെ കസിന് വിവാഹസമ്മാനമായി 10 ലക്ഷം രൂപ പണമായി ലഭിച്ചു. എന്നാൽ ആദായനികുതി വകുപ്പ് ഇതിനെ എങ്ങനെ കാണുമെന്ന ഭയത്തിലാണ് അവനിപ്പോൾ' എന്ന് പൂജ കുറിച്ചു.
നിയമം പറയുന്നത് എന്ത്?
ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം, ഒരാളുടെ വിവാഹവേളയിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് ആദായനികുതി ഇളവുണ്ട്. പണം, സ്വർണാഭരണങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയെല്ലാം ഈ ഇളവിന്റെ പരിധിയിൽ വരും. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമല്ല, സുഹൃത്തുക്കളിൽ നിന്നും അതിഥികളിൽ നിന്നും ലഭിക്കുന്നവയ്ക്കും ഈ ഇളവ് ബാധകമാണ്.
നിയമപരമായി ഇളവുണ്ടെങ്കിലും, രേഖകളില്ലാത്ത വലിയ തുക കൈവശം വെക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പലരും ചൂണ്ടിക്കാട്ടി.
ഭാവിയിൽ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നാൽ വ്യക്തത നൽകാൻ, തുക നൽകിയവരുടെ പേരുവിവരങ്ങളും തുകയും അടങ്ങിയ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കാൻ ഒരാൾ നിർദ്ദേശിച്ചു.
My cousin, who works in a government job, received ₹10 lakh in CASH as wedding gifts,
but now he is worried about how the Income Tax Department will look at it.
Around 110 people gave cash gifts at his wedding.
Some gave ₹500, some ₹2,000,
while a few gave as much as…— Pooja (@poojaofficial5) September 28, 2026
തുക മുഴുവനായി ഒറ്റയടിക്ക് ബാങ്കിലിടാതെ, കുറച്ചുകുറച്ചായി അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും വീട്ടുചെലവുകൾക്ക് യു.പി.ഐ ഇടപാടുകൾക്ക് പകരം ഈ പണം ഉപയോഗിക്കാനും രണ്ടാമതൊരാൾ അഭിപ്രായപ്പെട്ടു. 'ഈ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് നിർബന്ധമായും ഒരു ടാക്സ് അഡ്വൈസറുമായി സംസാരിച്ച് വ്യക്തത വരുത്തുക' എന്നതായിരുന്നു മറ്റൊരു പ്രധാന നിർദ്ദേശം.