
അപകടകരമായ ജീവികളുമായി അടുത്തിടപഴകുന്ന ആളുകളെ കാണണമെങ്കിൽ സോഷ്യൽ മീഡിയ തുറന്നാൽ മതി. പാമ്പുമായും മുതലയുമായും ഒക്കെ അടുത്തിടപഴകുന്ന, ഭയമില്ലാത്ത അനേകങ്ങളെ വീഡിയോയിൽ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മൈക്ക് ഹോൾസ്റ്റൺ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു മുതലയെ തന്റെ വെറും കൈകൊണ്ട് പിടിച്ചിരിക്കുന്ന മൈക്കിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത് ഒരേസമയം ആളുകളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
ഇതുപോലെയുള്ള ജീവികൾക്കൊപ്പമുള്ള വീഡിയോകൾ നേരത്തെയും മൈക്ക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ദ റിയൽ ലൈഫ് ടാർസൻ (therealtarzann) എന്ന തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലാണ് യുവാവ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, മൈക്ക് ഒരു ചെളിവെള്ളത്തിൽ നിന്നും മുതലയെ എടുക്കുന്നതാണ്. കുറ്റിക്കാടുകളും മറ്റുമുള്ള ഈ പ്രദേശത്തെ ചെറിയൊരു വെള്ളക്കെട്ടിൽ നിന്നാണ് യുവാവ് മുതലയെ എടുക്കുന്നത്.
മൈക്ക് തന്റെ വെറും കൈകൾകൊണ്ട് മുതലയെ എടുത്ത്, അതിനെ കുറിച്ച് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. കുറച്ചുനേരം കഴിയുമ്പോൾ മുതലയെ തിരികെ വെള്ളത്തിലേക്ക് തന്നെ വിട്ടയക്കുന്നതും കാണാം. നിരവധിപ്പേരാണ് മൈക്കിന്റെ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. പലരും യുവാവിന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
എന്നാൽ, അതേസമയത്ത് തന്നെ ഇതിന്റെ അപകടങ്ങളെ കുറിച്ചും, വന്യമൃഗങ്ങളെ അവയുടെ വഴിക്ക് വിടണം എന്നുമൊക്കെ കാണിച്ചുകൊണ്ട് ആളുകൾ കമന്റ് നൽകുന്നുണ്ട്. ഒരു കമന്റിൽ മൈക്ക് ഇതേ കുറിച്ച് വിശദീകരിക്കുന്നതും കാണാം. താൻ ഇത് ആളുകളെ ബോധവൽക്കരിക്കുന്നതിനായി മാത്രം ചെയ്യുന്നതാണ് എന്നും ഇത് അനുകരിക്കരുത് എന്നുമാണ് മൈക്ക് പറയുന്നത്.