
എയർപോർട്ടിൽ ബാഗ് നഷ്ടപ്പെട്ടാൽ കിട്ടാനെന്തെല്ലാം ചെയ്യും? പലവഴിയും നോക്കും. എന്നാൽ, അതിന് വേണ്ടി മാത്രം ഒരു ഫ്ലൈറ്റ് ടിക്കറ്റെടുക്കുമോ? ഡബ്ലിൻ എയർപോർട്ടിൽ ലഗേജ് നഷ്ടപ്പെട്ട ഒരു അയർലണ്ടുകാരൻ തന്റെ ബാഗ് തിരികെ കിട്ടാനായി ഒരു വിമാന ടിക്കറ്റ് തന്നെ എടുത്തു.
ഡെർമോട്ട് ലെനൻ എന്നയാൾ ജൂൺ 27 -ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്ക് കുടുംബത്തോടൊപ്പം യാത്ര നടത്തുന്നതിനിടെയാണ് നിർഭാഗ്യവശാൽ, അദ്ദേഹത്തിന് തന്റെ ലഗേജ് നഷ്ടപ്പെട്ടത്. ജൂലൈ നാലിന് അവർ തിരികെ എത്തി. എന്നാൽ, അപ്പോഴും ലഗേജ് തിരികെ എത്തിയിട്ടില്ലായിരുന്നു. എയർപോർട്ടിൽ വിളിച്ച് അന്വേഷിച്ചിട്ടും പ്രത്യേകിച്ച് മറുപടി ഒന്നും തന്നെ കിട്ടിയില്ല.
ഒരു ദിവസം മുഴുവനും അദ്ദേഹം എയർപോർട്ടിൽ ചെലവഴിച്ചു. പക്ഷേ, കാര്യമില്ലായിരുന്നു. ലഗേജുകൾ ഉള്ളയിടങ്ങൾ പ്രത്യേക സുരക്ഷാപ്രദേശമായതിനാൽ അങ്ങോട്ട് അദ്ദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, സുരക്ഷാപരിശോധനകളും ഉണ്ടായിരുന്നു. ഇതെല്ലാം കൂടി അദ്ദേഹത്തെ വളരെ മോശം അവസ്ഥയിലെത്തിച്ചു.
അങ്ങനെയാണ് അദ്ദേഹം ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുന്നത്. അതാകുമ്പോൾ അദ്ദേഹത്തിന് ലഗേജുകൾ വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് പോകാൻ കഴിയുമായിരുന്നു. അങ്ങനെ വെബ്സൈറ്റിൽ കയറി ഏറ്റവും വില കുറഞ്ഞ ടിക്കറ്റ് എടുത്തു. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലേക്കുള്ള ടിക്കറ്റായിരുന്നു അത്.
ആ ബാഗ് വച്ചിരിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ബാഗുകളുണ്ടായിരുന്നു. അതിൽ ജൂൺ രണ്ട് മുതലുള്ള ബാഗ് വരെ ഉണ്ടായിരുന്നു എന്ന് ലെനൻ പറയുന്നു. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. സ്വന്തം ബാഗ് കിട്ടിയ ഉടനെ അദ്ദേഹം അതുമായി തിരികെ പോന്നു.