Latest Videos

കാൻസർ ബാധിച്ച് നഷ്ടപ്പെട്ട കണ്ണ് ഫ്ലാഷ് ലൈറ്റ് ആക്കി മാറ്റി യുവാവ്

By Web TeamFirst Published Oct 27, 2022, 2:07 PM IST
Highlights

തൻറെ കൃത്രിമ കണ്ണ് പരിചയപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാത്രിയിൽ വെളിച്ചമില്ലാത്തപ്പോൾ നമ്മുടെ കണ്ണുകൾ തന്നെ ഒരു ഫ്ലാഷ് ലൈറ്റ് ആയി പ്രവർത്തിച്ചാൽ എങ്ങനെയിരിക്കും? അങ്ങനെയൊക്കെ സാധിക്കുമോ എന്നാണെങ്കിൽ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് യുഎസിൽ നിന്നുള്ള 33 -കാരനായ ഒരു യുവാവ്. കേട്ടാൽ അമ്പരപ്പ് തോന്നുന്ന ഈ കണ്ടുപിടിത്തം നടത്താൻ അദ്ദേഹത്തിന് ഒരു കാരണമുണ്ട്. അത് ഇതാണ്.

ക്യാൻസർ ബാധിച്ചാണ് ബ്രയാൻ സ്റ്റാൻലി എന്ന 33 -കാരന് തന്റെ ഒരു കണ്ണിൻറെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്. പക്ഷേ, നഷ്ടപ്പെട്ട കണ്ണിനെ കുറിച്ച് ഓർത്ത് ബ്രയാൻ തളർന്നില്ല. പകരം കാഴ്ചശക്തി നഷ്ടപ്പെട്ടുപോയ തൻറെ കണ്ണുകൾ ഉപയോഗിച്ചുകൊണ്ടുള്ള മറ്റൊരു സാധ്യത അദ്ദേഹം കണ്ടെത്തി. ആ സാധ്യതയാണ് ഇന്ന് ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്നത്.

കാഴ്ചശക്തി നഷ്ടപ്പെട്ട തൻറെ കണ്ണിൻറെ സ്ഥാനത്ത് പിടിപ്പിക്കാൻ ഒരു കൃത്രിമ കണ്ണ് ബ്രയാൻ രൂപപ്പെടുത്തിയെടുത്തു. അത് വെറുമൊരു കൃത്രിമ കണ്ണായിരുന്നില്ല. മറിച്ച് ഒരു ഫ്ലാഷ് ലൈറ്റ് പോലെ പ്രവർത്തിക്കുന്ന വെളിച്ചം നൽകുന്ന കണ്ണായിരുന്നു അത്. ഒരു എൻജിനീയർ കൂടിയാണ് ബ്രയാൻ. ഇരുട്ടിൽ വായിക്കാനും മറ്റും ഈ സ്കൾ ലാമ്പ് ഏറെ പ്രയോജനകരമാണെന്നാണ് ബ്രയാൻ പറയുന്നത്. 20 മണിക്കൂർ ബാറ്ററി ലൈഫുള്ള ഇത് ചൂടാവുകയില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഈ കൃത്രിമ കണ്ണ് നഷ്ടപ്പെട്ടുപോയ കണ്ണിൻറെ സ്ഥാനത്ത് വയ്ക്കുമ്പോൾ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നാണ് ബ്രയാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നത്

തൻറെ കൃത്രിമ കണ്ണ് പരിചയപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിങ്ങൾക്കു തന്നെ നിങ്ങളുടെ സ്വന്തം പ്രകാശമാകാം എന്ന് തുടങ്ങി നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ ആളുകൾ രേഖപ്പെടുത്തിയിട്ടുള്ളത്

ഇതാദ്യമായല്ല, ബ്രയാൻ സ്റ്റാൻലി ഒരു കൃത്രിമ കണ്ണ് സൃഷ്ടിക്കുന്നത്, ടെർമിനേറ്റർ എന്ന സിനിമയിലെ അർനോൾഡ് ഷ്വാസ്‌നെഗറുടെ കഥാപാത്രത്തിന് സമാനമായ തിളക്കമുള്ള ഒരു കൃത്രിമ കണ്ണ് അദ്ദേഹം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്.

click me!