
30 വർഷത്തോളം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത ശേഷം അതുപേക്ഷിച്ച് തപാൽക്കാരനായി മാറിയ ഒരാളെ കുറിച്ചാണ് ഇത്. ജിം ലെക്സ എന്ന 63 -കാരനാണ് തന്റെ 53 -ാം വയസ്സിൽ യുഎസ് പോസ്റ്റൽ സർവീസിൽ ചേർന്നത്. ഈ മാറ്റം തന്റെ വരുമാനം മൂന്നിരട്ടിയായി വർധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്തതായിട്ടാണ് അദ്ദേഹം പറയുന്നത്.
1984 -ൽ ടെക്സസിൽ ഒരു സ്പോർട്സ് റിപ്പോർട്ടറായിട്ടാണ് ജിം തന്റെ ജേണലിസം കരിയർ ആരംഭിച്ചത്. പിന്നീട് കോപ്പി ഡെസ്ക് എഡിറ്ററായും മറ്റും ഉയർന്ന ചുമതലകളും വഹിച്ചു. എന്നാൽ പത്ര രംഗം പ്രതിസന്ധിയിലായതോടെ ന്യൂസ് റൂമുകൾ ചുരുങ്ങുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ തന്റെ ശമ്പളം 37,500 ഡോളറിൽ നിന്ന് 30,000 ഡോളറായി (ഏകദേശം 25 ലക്ഷം രൂപ) കുറഞ്ഞതായും അദ്ദേഹം പറയുന്നു.
'പലചരക്ക് കടയിൽ പോകുമ്പോൾ കയ്യിൽ ഒരു കാൽക്കുലേറ്റർ കരുതേണ്ട അവസ്ഥയായിരുന്നു. ഏതെങ്കിലും വളർത്തുമൃഗത്തിന് അസുഖം വന്നാൽ വെറ്ററിനറി ഡോക്ടറുടെ ബില്ല് എങ്ങനെ അടയ്ക്കുമെന്ന് ഞാൻ ആശങ്കപ്പെടുമായിരുന്നു' എന്നാണ് ജിം അക്കാലത്തെ കുറിച്ച് പറയുന്നത്.
അങ്ങനെ, 2015 -ൽ പത്രപ്രവർത്തന ജോലി ഉപേക്ഷിച്ച അദ്ദേഹം ഇല്ലിനോയിസിലേക്ക് മാറി. അവിടെ പെയിന്റിംഗ്, ക്ലീനിംഗ് തുടങ്ങിയ ജോലികളെല്ലാം ജീവിക്കാനായി ചെയ്തു. പിന്നീടാണ് പോസ്റ്റൽ സർവീസിൽ ചേരുന്നത്. നിലവിൽ ബഫല്ലോയിൽ ഫുൾ ടൈം ലെറ്റർ കാരിയറായി ജോലി ചെയ്യുന്ന ജിം, ഓവർ ടൈം ഉൾപ്പടെ വർഷം 85,000 ഡോളറിലധികം (ഏകദേശം 71 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് മാത്രമല്ല, സമ്മർദ്ദം ഒഴിഞ്ഞതും നടപ്പും ഒക്കെ കൂടിയായപ്പോൾ തന്റെ ആരോഗ്യം മെച്ചപ്പെട്ടതായും അദ്ദേഹം പറയുന്നു.