
പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച ഭർത്താവിന് ഒരു മാസം തടവും 45000 രൂപ പിഴയും വിധിച്ച് കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇ-മെയിൽ വഴിയാണ് ഇയാൾ ഭാര്യക്ക് അശ്ലീല വീഡിയോ അയച്ചത്. രാജാജിനഗർ സ്വദേശിയും 30 -കാരനുമായ യുവാവ് ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ്. പൊലീസ് പറയുന്നത് ഇയാളുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത് എന്നാണ്. 2016 -ന്റെ അവസാനത്തിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. എന്നാൽ, പരസ്പരം അസ്വാരസ്യങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ പിരിയാൻ തീരുമാനിക്കുകയും രണ്ടുപേരും വിവാഹമോചനത്തിന് അപേക്ഷിക്കുകയുമായിരുന്നു.
ഇയാൾ തൻ്റെ സഹോദരിക്ക് ഇമെയിലിൽ അശ്ലീല വീഡിയോ അയച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഇളയ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട്, വിദേശത്തുണ്ടായിരുന്ന യുവതിയും ബംഗളൂരുവിലേക്ക് വരികയും ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് ഭാര്യയ്ക്ക് അശ്ലീലവീഡിയോ അയച്ചതായി കണ്ടെത്തി. അതിനൊപ്പം, യുവതിയെ ചേർത്തുകൊണ്ട് അശ്ലീലകമന്റുകളും ഇയാൾ അയച്ചിരുന്നു. പിന്നാലെയാണ് ഒരുമാസം തടവനുഭവിക്കാനും 45,000 രൂപ പിഴ അടക്കാനും കോടതിയുടെ വിധി വന്നിരിക്കുന്നത്.
സൈബർ കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2000 -ത്തിലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ട് നിലവിൽ വന്നത്. കംപ്യൂട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യാജരേഖകൾ, ദേശവിരുദ്ധ സന്ദേശങ്ങൾ, അപകീർത്തികരമായ പ്രവൃത്തികൾ, അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കൽ തുടങ്ങിയ ക്രൈമുകളെല്ലാം ഈ ആക്ടിന്റെ പരിധിയിൽ വരുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം