ഭാര്യയുടെ കുടുംബപ്പേര് സ്വന്തം പേരിനൊപ്പം സ്വീകരിച്ച പുരുഷന് മറ്റ് പുരുഷന്മാരോട് ചിലത് പറയാനുണ്ട്...

By Web TeamFirst Published Feb 15, 2021, 4:39 PM IST
Highlights

അമേരിക്കയിൽ ടീനയ്ക്ക് സ്വന്തം പേരായ ടിന പോസ്റ്റിൽ നിന്ന് ടിന മാറ്റ്സുവോ പോസ്റ്റിലേക്ക് മാറാൻ 15 മിനിറ്റേ എടുത്തുള്ളൂ. എന്നാൽ, ഷുവിന്റെ പേര് ഷുഹെ മാറ്റ്സുവോയിൽ നിന്ന് ഷുഹൈ മാറ്റ്സുവോ പോസ്റ്റായി മാറ്റാൻ എട്ട് മാസമെടുത്തു. 

ഫെമിനിസ്റ്റുകൾ എന്ന് പറയുമ്പോൾ പൊതുവെ നമ്മുടെ മനസ്സിലേയ്ക്ക് കടന്നു വരുന്നത് സ്ത്രീകളുടെ പേരുകളായിരിക്കും. എന്നാൽ, 35 -കാരനായ ടോക്കിയോ വ്യവസായി ഷുഹൈ മാറ്റ്സുവോ പോസ്റ്റ് ഒരു ആൺ ഫെമിനിസ്റ്റാണ് എന്നാണ് സ്വയം പറയുന്നത്. ആൺ ഫെമിനിസ്റ്റ് എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വാക്കാണെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകളിലും കാഴ്ച്ചപ്പാടിലും അത്തരം ആശയക്കുഴപ്പങ്ങൾ ഒന്നും നിഴലിക്കുന്നില്ല. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടിയും, നൂറ്റാണ്ടുകളായി സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന വിവേചനത്തിനും, അവഗണയ്ക്കും എതിരെയും ശബ്‍ദമുയർത്തുന്ന ഒരാളാണ് അദ്ദേഹം. അതും വെറുതെ പ്രസംഗിക്കുകയല്ല, മറിച്ച് സ്വന്തം ജീവിതത്തിൽ അദ്ദേഹം അത് പ്രവർത്തിച്ച് കാണിച്ചു തരികയാണ്. ഇന്ന് വരെ ഒരു പുരുഷനും ചെയ്യാൻ മുതിരാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു കാണിക്കുകയുണ്ടായി. ഭാര്യയുടെ വീട്ടുപേര് സ്വന്തം പേരിനൊപ്പം അദ്ദേഹം ചേർത്തു വച്ചു.

സാധാരണ കല്യാണ ശേഷം സ്ത്രീകൾ ഭർത്താക്കന്മാരുടെ പേരാണ് സ്വീകരിക്കാറുള്ളത്. എന്നാൽ, ഷുഹൈ മാറ്റ്സുവോയും ഭാര്യയും വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ, അവരാരും അവരുടെ കുടുംബപ്പേരുകൾ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. അതിനാൽ അവർ പരസ്പരം പേരുകൾ സ്വീകരിച്ചു. ലിംഗപരമായ പ്രശ്‌നങ്ങളെകുറിച്ച് വളരെയധികം ദുഃഖിതനായ അദ്ദേഹം ഇതിനെ കുറിച്ച് 'I Took Her Name’ എന്ന തലക്കെട്ടിൽ ഒരു പുസ്തകവും എഴുതി. സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പുസ്തകത്തിൽ പറയുന്നു. “ഞാൻ ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും ഒരു പുരുഷ ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. പുരുഷാധിപത്യം പുരുഷന്മാർക്ക് എങ്ങനെ ദോഷകരമാണെന്നും അത് തകർക്കാൻ നമുക്ക് എന്തുചെയ്യാമെന്നും അതിൽ ചർച്ച ചെയ്തു ” അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.    

ഷു സ്വയം ഒരു ഫെമിനിസ്റ്റാണ് എന്ന് പറയുമ്പോഴും, ഒരു ഫെമിനിസ്റ്റായിട്ടല്ല അദ്ദേഹം ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യ 28 വർഷക്കാലം, ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. സ്ത്രീകൾക്ക് ജോലിയിൽ പ്രവേശിക്കാനോ കൂടുതൽ ഉയരാനോ അവിടെ അനുവാദമുണ്ടായിരുന്നില്ല. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിയോ സ്ത്രീയോ എന്താണ് അനുഭവിക്കുന്നത് എന്ന് മനസിലാക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ ടീനയെ കണ്ടുമുട്ടിയപ്പോൾ മുതലാണ് അദ്ദേഹം മാറി ചിന്തിക്കാൻ തുടങ്ങിയത്.

2014 -ൽ ഹോങ്കോങ്ങിൽ താമസിക്കുമ്പോഴാണ് അദ്ദേഹം അമേരിക്കക്കാരിയായ ടീനയെ കണ്ടുമുട്ടിയത്. ജപ്പാനിൽ നിലനിന്ന ലിംഗപരമായ വിവേചനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഫെമിനിസ്റ്റായിരുന്നു അവൾ. 2017 -ൽ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ ഇരുവരും തങ്ങളുടെ കുടുംബപ്പേരുകൾ ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ല. കുടുംബനാമം വ്യക്തിഗത ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമാണെന്ന് അവർ വിശ്വസിച്ചു. അതിനാൽ രണ്ട് പേരുകളും സൂക്ഷിക്കാൻ അവർ തീരുമാനിച്ചു. നിലവിലെ ജാപ്പനീസ് നിയമത്തിൽ വിവാഹിതരായ ദമ്പതികളുടെ കുടുംബനാമങ്ങളിൽ ഒരെണ്ണം മാത്രമേ സ്വീകരിക്കാൻ സാധിക്കൂ. എന്നിരുന്നാലും, ഒരു ജാപ്പനീസ് പൗരനും ഒരു വിദേശ പൗരനും തമ്മിലുള്ള വിവാഹത്തിൽ, ഈ നിയമം ബാധകമല്ല. അവിടെ 96 ശതമാനം ജാപ്പനീസ് സ്ത്രീകളും അവരുടെ ഭർത്താവിന്റെ കുടുംബപ്പേരാണ് വിവാഹശേഷം സ്വന്തം പേരിനൊപ്പം ചേർക്കുന്നത്.  

അമേരിക്കയിൽ ടീനയ്ക്ക് സ്വന്തം പേരായ ടിന പോസ്റ്റിൽ നിന്ന് ടിന മാറ്റ്സുവോ പോസ്റ്റിലേക്ക് മാറാൻ 15 മിനിറ്റേ എടുത്തുള്ളൂ. എന്നാൽ, ഷുവിന്റെ പേര് ഷുഹെ മാറ്റ്സുവോയിൽ നിന്ന് ഷുഹൈ മാറ്റ്സുവോ പോസ്റ്റായി മാറ്റാൻ എട്ട് മാസമെടുത്തു. തുടർന്ന്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ് കാർഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബിസിനസ്സ് കാർഡുകൾ എല്ലാം അദ്ദേഹം മാറ്റി. "മിക്ക പുരുഷന്മാരും ഇത് അനുഭവിച്ചിട്ടില്ല. വിവാഹശേഷം ഒരു സ്ത്രീ പുരുഷന്റെ പേര് സ്വീകരിക്കുന്നത് ഇഷ്ടത്തോടെയാണെങ്കിൽ കൊള്ളാം, ഇല്ലെങ്കിൽ ഒരു സ്ത്രീക്ക് ഇതിലൂടെ സ്വന്തം ഐഡന്റിറ്റിയാണ് നഷ്ടമാകുന്നത്" അദ്ദേഹം പറഞ്ഞു. നിലവിൽ, ഏഴ് മാസത്തെ paternity leave -ലാണ് ഷു. ഇപ്പോൾ ഒരു പുരുഷ ഫെമിനിസ്റ്റായി മാറിയതിന്റെ കഥകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിടുന്നു. പക്ഷേ, ടീനയ്ക്ക് ഇതിൽ വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. “അദ്ദേഹം സ്ത്രീകളെ പ്രതിനിധീകരിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം പുരുഷന്മാരെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, സമൂഹത്തിൽ പുരുഷനും സ്ത്രീക്കും ഒരുമിച്ച് എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തരുന്നു” ടീന പറഞ്ഞു.

ജാപ്പനീസ് സമൂഹത്തിൽ സ്ത്രീകളോടുള്ള വിവേചനം നല്ല രീതിയിൽ ഇപ്പോഴും നിലനിൽക്കുന്നു. ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് അത് അവിടെ. അതേസമയം വിവേചനം അവസാനിപ്പിക്കുന്നതിന്, ആണുങ്ങൾ വീട്ടുജോലികളിൽ കൂടുതൽ സജീവമായി പങ്കെടുക്കണമെന്നും, കുട്ടികളെ നോക്കണമെന്നും ഷു പറഞ്ഞു. സമത്വം സ്വന്തം കുടുംബങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(ചിത്രങ്ങൾക്ക് കടപ്പാട്: Shu Matsuo Post/ facebook) 

click me!