South Korean border : കുഴിബോംബുകൾ വിതറിയ അതിര്‍ത്തിയിലൂടെ രക്ഷപ്പെടല്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Web Desk   | Asianet News
Published : Jan 04, 2022, 05:31 PM ISTUpdated : Jan 04, 2022, 06:22 PM IST
South Korean border : കുഴിബോംബുകൾ വിതറിയ അതിര്‍ത്തിയിലൂടെ രക്ഷപ്പെടല്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Synopsis

കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവുള്ള അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍നിന്നും ഉത്തരകൊറിയയിലേക്ക് അതിസാഹസികമായി രക്ഷപ്പെട്ട ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 

കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവുള്ള അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍നിന്നും ഉത്തരകൊറിയയിലേക്ക് അതിസാഹസികമായി രക്ഷപ്പെട്ട ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഇതേ വഴിയിലൂടെ അതിസാഹസികമായി ദക്ഷിണ കൊറിയയില്‍ എത്തിയ ആളാണ് ഒരു വര്‍ഷത്തിനു ശേഷം അതേ വഴിയിലൂടെ തിരിച്ചുപോയത് എന്നാണ് അറിവായത്. നിവൃത്തികേട് കൊണ്ടാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഉത്തരകാറിയന്‍ ചാരനായിരുന്നോ ഇയാള്‍ എന്ന സംശയവുമുണ്ട്.  എന്തായാലും, ഉത്തരകൊറിയയില്‍നിന്ന് അഭയംതേടി ദക്ഷിണകൊറിയയില്‍ എത്തിയ ആളുടെ തിരിച്ചുപോക്ക് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അഭയം തേടി വരുന്നവര്‍ക്ക് സമാധാനമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് തിരിച്ചുപോക്ക് എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. 

ശനിയാഴ്ചയാണ് കൊറിയന്‍ അതിര്‍ത്തി കടന്ന് ഒരാള്‍ സഞ്ചരിക്കുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ലോകത്തിലെ ഏറ്റവും അപകടകരമായ അതിര്‍ത്തിയാണ് ഇത്. ഇരു ഭാഗത്തും സദാസമയവും സൈനികര്‍ റോന്തു ചുറ്റും. നടന്നുപോവുന്ന വഴിയിലുടനീളം കുഴിബോംബുകള്‍ വിതറിയിട്ടുണ്ട്. 24 മണിക്കൂറും ക്യാമറകള്‍ വെച്ചുള്ള നിരീക്ഷണവും ആകാശത്തുനിന്നുള്ള നിരീക്ഷണവും. എന്നിട്ടും നിരവധി പേരാണ് വര്‍ഷം തോറും അതിര്‍ത്തി മുറിച്ചുകടന്ന് ഉത്തരകൊറിയയില്‍ എത്തുന്നത്. 

കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയില്‍ കടുത്ത ക്ഷാമവും പട്ടിണിയും അനുഭവപ്പെടുകയാണ്. പതിറ്റാണ്ടുകളായി ഇവിടെ ഏകാധിപത്യ സ്വഭാവവമുള്ള ഭരണമാണ് നിലനില്‍ക്കുന്നത്. ഇതിനാലാണ്, ജനാധിപത്യം നിലനില്‍ക്കുന്ന സമ്പന്ന രാജ്യമായ ദക്ഷിണ കൊറിയയിലേക്ക് ആളുകള്‍ സാഹസികമായി കടക്കുന്നത്. ഇങ്ങനെ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങളും പരിഗണനയും നല്‍കാത്തതിനെ തുടര്‍ന്നാണ് ചിലരാക്കെ തിരിച്ചു പോവുന്നത്. 2012 വരെ 30 പേര്‍ ഇങ്ങനെ ഉത്തരകൊറിയയിലേക്ക് തന്നെ മടങ്ങിയതായാണ് പറയുന്നത്. അത്തരമൊരാളാണ് ശനിയാഴ്ച അതിര്‍ത്തി കടന്നത് എന്നാണ് അറിയുന്നത്. 

 

 

ദുരൂഹസാഹചര്യത്തില്‍ ഒരാള്‍ അതിര്‍ത്തി കടന്ന വിവരം പുറത്തുവന്ന ഉടന്‍ തന്നെ ദക്ഷിണ കൊറിയന്‍ സൈന്യം വലിയ തോതില്‍ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ വഴി എത്തിയ ഉത്തരകൊറിയക്കാരനാണ് തിരിച്ചുപോയതെന്നാണ് കണ്ടെത്തിയത്. 30 വയസ്സ് പ്രായമുള്ള ഇയാള്‍ അതിസാഹസികമായാണ് ഉത്തരകൊറിയയില്‍നിന്നും ചൈന വഴി ദക്ഷിണകൊറിയയിലേക്ക് കടന്നത്. അതിനുശേഷം,  ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്ന് വിവിധ വാര്‍ത്താ സ്രോതസ്സുകള്‍ പറയുന്നു. അയല്‍വാസികളുമായി ഇയാള്‍ക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ജിംനാസ്റ്റിക് താരമായിരുന്നുവെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോവുന്നതിന്റെ തലേന്ന് ഇയാള്‍ വീട്ടുസാധനങ്ങള്‍ തെരുവിലേക്ക് കളഞ്ഞതായി സ്‌ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുത്തന്‍ കിടക്കയും വീട്ടുസാധനങ്ങളും മാലിന്യക്കുപ്പയില്‍ നിക്ഷേപിക്കുന്നത് കണ്ടെന്ന് അയല്‍വാസികള്‍ പറയുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഉത്തരകൊറിയയില്‍നിന്നും രക്ഷപ്പെട്ടു വരുന്നവരെ മോശമായാണ് ദക്ഷിണ കൊറിയ കൈകാര്യം ചെയ്യുന്നത് എന്ന ആരോപണം ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. നല്ല ജോലി ഉറപ്പു വരുത്താനോ ജീവിത സുരക്ഷ നല്‍കാനോ പലുപ്പോഴും അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് വിമര്‍ശനം. 

അതിര്‍ത്തിയിലൂടെ കടന്നുപോയ ഇയാളെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. ഒന്നുകില്‍ ഉത്തരകൊറിയന്‍ സൈന്യം, അല്ലെങ്കില്‍, ദക്ഷിണ കൊറിയന്‍ സൈന്യം-ആരെങ്കിലും ഇയാളെ വെടിവെച്ചു കൊല്ലാനാണിട എന്നാണ് നിരീക്ഷകര്‍ പറയുന്നത്.  എന്നാല്‍ ഇയാളെ ഉപദ്രവിക്കരുതെന്ന് ഉത്തരകൊറിയയോട് ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിന്റെ പ്രതികരണം ഉണ്ടായിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ