താടിയെല്ലില്ലാത്ത അപൂർവാവസ്ഥ, ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ആവില്ല, പരിഹസിച്ചവർക്ക് മുന്നിൽ ജീവിച്ച് ജോസഫ്

Published : May 24, 2022, 02:32 PM ISTUpdated : Jun 21, 2022, 08:44 AM IST
താടിയെല്ലില്ലാത്ത അപൂർവാവസ്ഥ, ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ആവില്ല, പരിഹസിച്ചവർക്ക് മുന്നിൽ ജീവിച്ച് ജോസഫ്

Synopsis

ജീവിതകാലം മുഴുവൻ തനിച്ചായി പോകുമെന്ന് അദ്ദേഹം ഭയന്നു. ഡേറ്റിംഗും ഒന്നും തനിക്ക് പറ്റിയ പണിയല്ലെന്ന് അദ്ദേഹം കരുതി. ഈ തന്നെ ആര് പ്രണയിക്കാനാണ് എന്നദ്ദേഹം ചിന്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ച് 39 -കാരിയായ വാനിയ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നു.

നിരന്തരമായുള്ള അപമാനങ്ങൾ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നതിൽ സംശയമില്ല. അത്തരം വെല്ലുവിളികളെ മറികടന്ന് ശക്തരായി പുറത്തുവരാൻ എല്ലാവർക്കും സാധിക്കില്ല. 41 -കാരനായ ജോസഫ് വില്യംസ് (Joseph Williams) കുട്ടിക്കാലം മുതൽ അത്തരമൊരു ജീവിതം നയിക്കുന്ന വ്യക്തിയാണ്. ഓട്ടോഫേഷ്യൽ സിൻഡ്രോം (Otofacial Syndrome) എന്ന അപൂർവ വൈകല്യത്തിനുടമയാണ് വില്യംസ്. യുഎസിലെ ചിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹത്തിന് ജനിക്കുമ്പോൾ തന്നെ താടിയെല്ലില്ലായിരുന്നു. ഇക്കാരണത്താൽ, അദ്ദേഹത്തിന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നേരെ ചൊവ്വേ ഒന്ന് ശ്വസിക്കാനോ പോലും കഴിയില്ല. ഈ ശാരീരിക വൈകല്യം മൂലം ആളുകൾ അദ്ദേഹത്തെ അടുപ്പിച്ചില്ല. താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പോലും അദ്ദേഹം കരുതി. എന്നാൽ ഇപ്പോൾ അദ്ദേഹം വിവാഹിതനാണ്. വൈകല്യം തന്റെ ജീവിതത്തെ തകർക്കാൻ അദ്ദേഹം അനുവദിച്ചില്ല. ഇപ്പോൾ യാത്രകളും, പുതിയ കൂട്ടുകെട്ടുകളുമായി ജീവിതം അടിച്ച് പൊളിക്കുകയാണ് അദ്ദേഹം.

എന്നാൽ, പണ്ട് തന്റെ മുഖം കണ്ട് ആളുകൾ ഭയന്ന് ഓടിപ്പോകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യ ചെയ്യാൻ വരെ അദ്ദേഹം ആലോചിച്ചു. ഈ വൈകല്യത്തിൽ നിന്ന് പുറത്ത് വരാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. മാസങ്ങളോളം ചിക്കാഗോയിൽ ചികിൽസ തേടി. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായി, എന്നിട്ടും സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. താടിയെല്ലില്ലാതെ അദ്ദേഹം അങ്ങേയറ്റം കഷ്ടപ്പെട്ടു. ഒടുവിൽ സംസാരിക്കാൻ ആംഗ്യഭാഷ പഠിച്ചു. ചിലപ്പോൾ എഴുത്തിലൂടെയും ആശയവിനിമയം നടത്തി. വയറിൽ ഘടിപ്പിച്ച പ്രത്യേക ട്യൂബ് വഴിയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തിന്റെ രുചി എന്താണെന്ന് ഇന്നും അദ്ദേഹത്തിന് അറിയില്ല. കാരണം മിക്സിയിൽ അടിച്ച ആഹാരം ട്യൂബിലൂടെ നേരെ വയറ്റിൽ ചെല്ലും. അല്ലാതെ നമ്മളെ പോലെ ചവച്ചരച്ച് കഴിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.  

ജീവിതകാലം മുഴുവൻ തനിച്ചായി പോകുമെന്ന് അദ്ദേഹം ഭയന്നു. ഡേറ്റിംഗും ഒന്നും തനിക്ക് പറ്റിയ പണിയല്ലെന്ന് അദ്ദേഹം കരുതി. ഈ തന്നെ ആര് പ്രണയിക്കാനാണ് എന്നദ്ദേഹം ചിന്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ച് 39 -കാരിയായ വാനിയ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നു. ആത്മാഭിമാനം കുറവായിരുന്ന, അപകർഷതാബോധത്തിൽ നീറിയിരുന്ന അദ്ദേഹത്തിന് പുതുവെളിച്ചമായി അവളുടെ സ്നേഹം. ആദ്യം സുഹൃത്തുക്കളായിരുന്ന അവർ ഡേറ്റിംഗ് ആരംഭിച്ച് ഒടുവിൽ പ്രണയത്തിലായി. 2019 -ൽ അവർ വിവാഹിതരായി. തനിക്ക് ആത്മവിശ്വാസം വർധിച്ചതും, ആളുകൾക്കിടയിൽ തലയുയർത്തി നില്ക്കാൻ കെല്പുണ്ടായതും എല്ലാം അതിന് ശേഷമാണ് എന്നദ്ദേഹം പറയുന്നു.  

എന്നാൽ, എങ്ങനെ തന്റെ വിവാഹം നടന്നുവെന്ന് അത്ഭുതപ്പെടുന്ന ആളുകൾ തനിക്ക് ചുറ്റുമുണ്ടെന്ന് വില്യംസ് പറയുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തെ ഇപ്പോൾ അലട്ടുന്നില്ല. "ദൈവം എന്നെ ഇങ്ങനെ ആക്കിയതിന് ഒരു കാരണമുണ്ട്. എനിക്ക് ഈ ഭാരം വഹിക്കാൻ കഴിയുമെന്ന് അവനറിയാവുന്നതിനാലാണ് എനിക്ക് ഈ ഭാരം തന്നത്. ഞാൻ വ്യത്യസ്തനാണെന്നും, വികൃതരൂപിയാണെന്നും, ചിലർ എന്നെ അംഗീകരിക്കില്ലെന്നും എനിക്കറിയാം. പക്ഷേ, ഞാൻ ഇപ്പോഴും ഹൃദയവും വികാരങ്ങളും ബുദ്ധിയുമുള്ള ഒരു വ്യക്തിയാണ്. ഒരു വ്യക്തിയോട് കാണിക്കേണ്ട എല്ലാ ബഹുമാനത്തോടെ വേണം എന്നോട് പെരുമാറാൻ” അദ്ദേഹം പറഞ്ഞു.  ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, വില്യംസ് തന്റെ ഭാര്യയോടൊപ്പം തന്റെ ജീവിതം അടിച്ച് പൊളിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ വെൽഡറായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു ദിവസം ഡിജെ ആകുന്നത് സ്വപ്‍നം കാണുന്നു.  

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം