പ്രണയിക്കാൻ ഇനി 'ഫ്രീക്ക്' ആകണോ! ജെൻ സികളുടെ 'മാച്ച് യുവർ ഫ്രീക്ക്' ട്രെൻഡ്

Published : Mar 10, 2026, 03:43 PM IST
Freak

Synopsis

പ്രണയസങ്കൽപ്പങ്ങൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലും വിദ്യാഭ്യാസവും ഹോബികളും നോക്കി പങ്കാളിയെ തിരഞ്ഞെടുക്കുന്ന രീതികളിൽ നിന്ന് മാറി, വ്യക്തികളുടെ സവിശേഷമായ സ്വഭാവരീതികൾക്കും വിചിത്രമെന്ന് തോന്നിക്കാവുന്ന താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ‘ഫ്രീക്ക് മാച്ചിംഗ്’ എന്ന പുതിയ ഡേറ്റിംഗ് സംസ്കാരം യുവതലമുറയ്ക്കിടയിൽ ശ്രദ്ധേയമാകുന്നു.

പ്രണയബന്ധങ്ങളിൽ പൊതുവായ താല്പര്യങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. ഒരേപോലെ സിനിമയെ സ്നേഹിക്കുന്നവർ, ഒരേ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ യാത്രകൾ ഇഷ്ടപ്പെടുന്നവർ, ഇത്തരത്തിലുള്ള 'കോമൺ ഇൻട്രസ്റ്റ്' നോക്കിയാണ് പലരും പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതൊക്കെ ഇപ്പോൾ പഴയ സ്റ്റൈലായി മാറിക്കഴിഞ്ഞു. ജെൻ സി ഡേറ്റിംഗ് ലോകത്ത് ഇപ്പോൾ തരംഗമാകുന്നത് 'ഫ്രീക്ക് മാച്ചിംഗ്' എന്ന തികച്ചും വ്യത്യസ്തമായ ഒരു ട്രെൻഡാണ്.

നിങ്ങളുടെ ഏറ്റവും വിചിത്രമായ ശീലങ്ങളും താല്പര്യങ്ങളും മറ്റൊരാളുമായി ഒത്തുപോകുന്നതിനെയാണ് ലളിതമായി പറഞ്ഞാൽ 'ഫ്രീക്ക് മാച്ചിംഗ്' എന്ന് വിളിക്കുന്നത്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും 'Want someone to match my freak' എന്ന വാചകം ഇന്ന് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിലെ കൗതുകകരമായ വിശേഷങ്ങൾ നോക്കാം.

എന്താണ് ഈ 'ഫ്രീക്ക് മാച്ചിംഗ്'?

നമ്മൾ സാധാരണയായി ഒരു ഡേറ്റിംഗിന് പോകുമ്പോൾ നമ്മുടെ ഏറ്റവും മികച്ച വശങ്ങൾ മാത്രമേ പുറത്തു കാണിക്കാറുള്ളൂ. എന്നാൽ ഫ്രീക്ക് മാച്ചിംഗിൽ വായനക്കാർക്കും കേൾക്കുന്നവർക്കും വിചിത്രമായി തോന്നുന്ന കാര്യങ്ങളാണ് പങ്കാളികൾക്കിടയിലെ പ്രധാന ആകർഷണം. ഉദാഹരണത്തിന്, പഴയ കാലത്തെ പരസ്യങ്ങൾ കാണുന്നതിലുള്ള ഭ്രാന്തമായ താല്പര്യം, പേപ്പർ കപ്പുകൾ ശേഖരിക്കുകയോ അല്ലെങ്കിൽ ആരും ശ്രദ്ധിക്കാത്ത വിചിത്രമായ കാര്യങ്ങളിൽ അമിതമായി ശ്രദ്ധിക്കുകയോ ചെയ്യുന്ന സ്വഭാവം, ഇതെല്ലാം ഫ്രീക്ക് മാച്ചിംഗിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിങ്ങളുടെ ഉള്ളിലെ ആ വിചിത്ര സ്വഭാവത്തെ അതുപോലെ തന്നെ സ്വീകരിക്കുകയും, അതിനൊപ്പം നിൽക്കാൻ കഴിയുകയും ചെയ്യുന്ന ഒരാളെ കണ്ടെത്തുന്നതിനെയാണ് ഈ ട്രെൻഡ് പ്രോത്സാഹിപ്പിക്കുന്നത്.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എല്ലാം അൽഗോരിതങ്ങൾ തീരുമാനിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഡേറ്റിംഗ് ആപ്പുകളിൽ നിങ്ങളുടെ ജോലി, പഠനം, ഇഷ്ടപ്പെട്ട ഭക്ഷണം എന്നിവ നോക്കിയാണ് മാച്ചുകൾ വരുന്നത്. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് യുവതലമുറ ആഗ്രഹിക്കുന്നത്. 

ഫ്രീക്ക് മാച്ചിംഗ് കേൾക്കാൻ രസകരമാണെങ്കിലും ഇതിൽ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കേവലം വിചിത്രമായ താല്പര്യങ്ങൾ ഒത്തുപോകുന്നു എന്നത് കൊണ്ട് മാത്രം ഒരു ബന്ധം ദീർഘകാലം മുന്നോട്ട് പോകണമെന്നില്ല. വലിയ കാര്യങ്ങളിൽ, ഉദാഹരണത്തിന് ജീവിത ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, സ്വഭാവം എന്നിവയിൽ യോജിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരം ചെറിയ കാര്യങ്ങളിലെ കെമിസ്ട്രി കൊണ്ട് മാത്രം കാര്യമില്ല. ചിലപ്പോൾ ഒരു ട്രെൻഡിന്റെ ഭാഗമായി നമ്മൾ അമിതമായി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പങ്കാളിയുടെ സ്വഭാവത്തിലെ യഥാർത്ഥ റെഡ് ഫ്ലാഗുകൾ കാണാതെ പോകാൻ സാധ്യതയുണ്ട്.

സിനിമയും സംഗീതവും

ടിനാഷെയുടെ 'നാസ്റ്റി' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ ട്രെൻഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹൊറർ സിനിമകൾ കണ്ട് ചിരിക്കുന്നവർ മുതൽ സ്വപ്നത്തിൽ കണക്ക് കൂട്ടുന്നവർ വരെ ഈ ഹാഷ്‌ടാഗിന് കീഴിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. ബന്ധങ്ങളിൽ തുടക്കത്തിലേ തന്നെ തങ്ങളുടെ വിചിത്രമായ ശീലങ്ങൾ തുറന്നു പറയുന്നത് പങ്കാളിയുമായി പെട്ടെന്ന് ഒരു ആത്മബന്ധം സ്ഥാപിക്കാൻ സഹായിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. ചുരുക്കത്തിൽ, നിങ്ങൾ എത്ര വിചിത്രമായി ചിന്തിക്കുന്ന ആളാണെങ്കിലും അത് മനസ്സിലാക്കി കൂടെ നിൽക്കാൻ ഒരാളെ കണ്ടെത്തുക എന്നതാണ് ഫ്രീക്ക് മാച്ചിംഗിന്റെ സന്ദേശമെന്ന് വിദഗ്ധർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

രസകരം കുളിയെ കുറിച്ചുള്ള ഈ 9 കാര്യങ്ങള്‍! ഇന്റർനാഷണൽ 'ബാത്ത് ഡേ'!
പാസ്‌പോർട്ടിലെ ആ സ്വർണ്ണ ചതുരം എന്താണ്? സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്!