
ഒരു മനുഷ്യന് എത്രകാലം വരെ ഭൂമിയിൽ ജീവിക്കാൻ സാധിക്കും? ശാസ്ത്രസാങ്കേതിക വിദ്യ പുരോഗമിച്ചതോടെ മനുഷ്യന്റെ ആയുസും വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും കൃത്യമായ ഒരു കണക്ക് പറയാൻ പ്രയാസമാണ്. എന്നാൽ, ഇപ്പോൾ ഒരാളുടെ പരമാവധി ആയുർദൈർഘ്യം 150 വയസാണെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗീറോ എന്ന ബയോടെക് കമ്പനിയിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിന്റെ പിന്നിൽ. ശാസ്ത്രജ്ഞർ യുകെയിലെയും യുഎസ്സിലെയും സന്നദ്ധപ്രവർത്തകരിൽ നിന്ന് ശേഖരിച്ച മെഡിക്കൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ശാസ്ത്രജ്ഞർ ആദ്യം സന്നദ്ധപ്രവർത്തകരുടെ ആരോഗ്യവും, ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും, രക്തസാമ്പിളുകളും വിശകലനം ചെയ്തു. അവരുടെ പഠനമനുസരിച്ച്, മനുഷ്യന്റെ ആയുസ് രണ്ട് വസ്തുതകളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒന്ന് അവരുടെ പ്രായവും, രണ്ടാമത്തേത് ചുറുചുറുക്കുമാണ്. ഒരാളുടെ പ്രായം സമ്മർദ്ദം, ജീവിതശൈലി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അസുഖത്തിനെയോ മാനസിക ആഘാതത്തിനെയോ തുടർന്ന് ആരോഗ്യകരമായ നിലയിലേക്ക് മടങ്ങാനുള്ള ഒരാളുടെ കഴിവിനെയാണ് ചുറുചുറുക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കണ്ടെത്തലുകളുടെയും, പ്രവണതകളുടെയും അടിസ്ഥാനത്തിൽ ഗവേഷകർ കരുതുന്നത് ഏകദേശം 120 മുതൽ 150 വയസ്സിനിടയിൽ മനുഷ്യശരീരം പൂർണമായും ദുർബലമായി തീരുന്നു എന്നാണ്. അസുഖത്തിൽ നിന്നോ, മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്ത് വരാനുള്ള കഴിവ് ശരീരത്തിന് ഇല്ലാതാകുന്നു.
ന്യൂയോർക്കിലെ റോസ്വെൽ പാർക്ക് കോംപ്രഹെൻസീവ് കാൻസർ സെന്റർ ഈ പഠനവുമായി സഹകരിച്ചിരുന്നു. സെന്ററിലെ പ്രൊഫസർ ആൻഡ്രി ഗുഡ്കോവ് ഈ കണ്ടെത്തലിനെ 'ആശയപരമായ മുന്നേറ്റം' എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മനുഷ്യന്റെ ദീർഘായുസിന്റെ അടിസ്ഥാന ഘടകങ്ങളെ നിർണയിക്കാൻ ഈ പഠനം സഹായിക്കുന്നു. "ഇന്ന് പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ഏറ്റവും ഫലപ്രദമായ ചികിത്സയ്ക്ക് പോലും ശരാശരി ആയുസ് വർധിപ്പിക്കാനുള്ള കഴിവേയുള്ളൂ, പരമാവധി ആയുസ് വർദ്ധിപ്പിക്കാൻ അതിന് കഴിയില്ല” എന്ന് ഗവേഷണം വിശദീകരിക്കുന്നു.
1997 ൽ 122 -ാം വയസ്സിൽ അന്തരിച്ച ഫ്രഞ്ച് വനിതയാണ് ജീൻ കാൽമെന്റ് എന്ന ഫ്രഞ്ച് സ്ത്രീയാണ് ഭൂമിയിൽ ഏറ്റവും കാലം ജീവിച്ച വ്യക്തി. 2013 -ൽ മരിക്കുമ്പോൾ 116 വയസായിരുന്ന ജപ്പാനിൽ നിന്നുള്ള ജിറോമൻ കിമുരയാണ് അതിന് തൊട്ടു പിന്നിൽ. അതേസമയം ഇത്തരം കണക്ക് കൂട്ടലുകൾ നടക്കുമ്പോഴും, മനുഷ്യന്റെ ആയുസ് 130 കടന്നതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.