ആഗ്രഹം നടന്നു; തന്റെ പ്രിയപ്പെട്ട പിക്കപ്പിനൊപ്പം മക്കള്‍ അയാളെ അടക്കി!

By Web TeamFirst Published Nov 15, 2021, 10:58 PM IST
Highlights

അങ്ങനെ വലിയൊരു ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി അച്ഛന്റെ ശരീരം മകന്‍ വാഹനത്തോടൊപ്പം അടക്കം ചെയ്തു.  
 

മരണത്തിന് മുന്‍പ് പലര്‍ക്കും പല ആഗ്രഹങ്ങളുമുണ്ടാകും. എന്നാല്‍ മരണത്തെ മുന്നില്‍ കണ്ട് കഴിഞ്ഞിരുന്ന രോഗിയായ ഡോണ്‍ അദാന്‍ അരാനയുടെ മനസ്സില്‍ ഉണ്ടായിരുന്നത് തീര്‍ത്തും വിചിത്രമായ ഒരു മോഹമായിരുന്നു. മരിച്ചാല്‍ തന്റെ ശരീരം അടക്കേണ്ടത് ശവപ്പെട്ടിയിലല്ല, തന്റെ പ്രിയപ്പെട്ട പിക്കപ്പ് ട്രക്കിലായിരിക്കണം-അതായിരുന്നു ആ മെക്‌സിക്കന്‍ നിവാസിയുടെ അന്ത്യാഭിലാഷം. 

ആഗ്രഹം കേട്ടപ്പാടെ, മകന്‍ ഒന്നന്ധാളിച്ചു. എന്നാലും അച്ഛന്റെ ആഗ്രഹമല്ലേ, എങ്ങനെ സാധിക്കില്ലെന്ന് പറയും. അങ്ങനെ വലിയൊരു ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി അച്ഛന്റെ ശരീരം മകന്‍ വാഹനത്തോടൊപ്പം അടക്കം ചെയ്തു.  

മെക്‌സിക്കോയിലെ ബജാ കാലിഫോര്‍ണിയ സുറിലാണ് സംഭവം. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡോണ്‍ അദാന്‍ അരാനയ്ക്ക് ഒരു പിക്കപ്പ് ട്രക്ക് സമ്മാനമായി ലഭിച്ചത്. മകന്‍ നല്‍കിയതായിരുന്നു വില കൂടിയ ആ ട്രക്ക്. എന്നാല്‍ അനാരോഗ്യം കാരണം ഒരു തവണ പോലും ട്രക്ക് ഓടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനാലാണ് മരണശേഷം തന്നോടൊപ്പം ട്രക്കും അടക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. 

 

 

ഈ വിചിത്രമായ ആഗ്രഹം കേട്ട് കുടുംബാംഗങ്ങള്‍ ഞെട്ടി. ഇത്രയും വില കൂടിയ ട്രക്ക് തന്നെ അടക്കണോ എന്നവര്‍ അതിശയത്തോടെ ചോദിച്ചു. മരണശേഷം തനിക്ക് അത് ഓടിക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  

പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങളെ മാനിക്കുന്നത് മെക്‌സിക്കോ നിവാസികളുടെ സംസ്‌കാരമാണ്. അതിനാല്‍ അദാന്‍ അരാനയെ തന്റെ പ്രിയപ്പെട്ട ട്രക്കില്‍ തന്നെ അടക്കാന്‍ അവര്‍ തീരുമാനിച്ചു. 

അങ്ങനെ ഒരു വലിയ ക്രെയിനിന്റെ സഹായത്തോടെ സെമിത്തേരിയില്‍  ഒരു വലിയ കുഴിയെടുത്ത് അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ട്രക്കിനെയും മണ്ണിട്ട് മൂടി. സംഭവം എല്ലാം നന്നായി നടന്നെങ്കിലും, ഒരു പ്രശ്നം പറ്റി. ട്രക്കില്‍ അച്ഛനെ സംസ്‌കരിക്കാന്‍ കുടുംബം അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. ഇതോടെ നിയമലംഘനത്തിന് കുടുംബത്തിന്  കനത്ത പിഴ അടക്കേണ്ടി വന്നു. 

എന്തുതന്നെയായാലും, അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ്  കുടുംബാംഗങ്ങള്‍.  

അന്തരിച്ച അദാന്‍ അരാന സ്ഥലത്തെ ഒരു പ്രമാണിയായിരുന്നു. അതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. പ്യൂര്‍ട്ടോ സാന്‍ കാര്‍ലോസിലെ ദേവാലയത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ ശവസംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പങ്കിട്ടു. 

ഇതോടെയാണ് സംഭവം ലോകമറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയക്കാരനെ തന്റെ പ്രിയപ്പെട്ട മെഴ്സിഡസ് ലിമോസിനില്‍ അടക്കം ചെയ്ത ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  
 

click me!