മൊബൈൽ ടവറും പാലവും മുതൽ റെയിൽ പാളം വരെ, വിചിത്രമായ ചില മോഷണങ്ങൾ

By Web TeamFirst Published Feb 9, 2023, 12:00 PM IST
Highlights

കാലപ്പഴക്കം കാരണം ഉപേക്ഷിച്ചിരിക്കുകയായിരുന്ന പാലമാണ് മോഷ്ടാക്കൾ പട്ടാപ്പകൽ കടത്തി കൊണ്ടുപോയത്. ജലസേചന വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് എന്ന വ്യാജേന എത്തിയ മോഷ്ടാക്കളുടെ സംഘം അറുപതടി നീളവും 500 ടൺ ഭാരവുമുള്ള പാലം പൊളിച്ചു കടത്തുകയായിരുന്നു.

ഇന്ത്യയിൽ സംഭവിക്കുന്ന ചില വിചിത്രമായ കാര്യങ്ങൾ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയം തോന്നും. അതിലൊന്ന് അടുത്തിടെ നടന്ന ചില മോഷണങ്ങളാണ്. ലോകത്തെല്ലായിടത്തും മോഷണങ്ങൾ നടക്കുന്നുണ്ട്. അതിലെന്താണ് ഇത്ര പറയാൻ എന്നാണോ? ഈ മോഷണങ്ങൾ ചില അതിവിചിത്രങ്ങളായ മോഷണങ്ങളാണ്. അതിൽ റെയിൽവേ ട്രാക്ക് മുതൽ മൊബൈൽ ടവർ വരെ പെടുന്നു. 

രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽ പാളം

ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ഈ മോഷണം നടന്നത്. സമസ്തിപുർ റെയിൽവേ ഡിവിഷന് കീഴിലുള്ള പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ കടത്തിയത്. ഇവിടെയുണ്ടായിരുന്ന മിൽ അടച്ചതോടെ ഈ ഭാ​ഗത്തേക്കുള്ള തീവണ്ടി ​ഗതാ​ഗതം നിലച്ചിരുന്നു. അതിനാൽ തന്നെയാണ് മോഷ്ടാക്കൾക്ക് റെയിൽപാളം മോഷ്ടിച്ച് എളുപ്പം രക്ഷപ്പെടാൻ സാധിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമസ്തിപൂർ ഡിആർഎം ഒരു സംഘത്തെ നിയോഗിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്തിട്ടുണ്ട്. 

അറുപതടി നീളമുള്ള ഇരുമ്പുപാലം

ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് ഈ വിചിത്രമായ മോഷണം നടന്നത്. അമിയാവർ ഗ്രാമത്തിൽ അറ-സോണെ കനാലിനു മുകളിലൂടെയുള്ള പാലം 1972 -ൽ നിർമ്മിച്ചതാണ്. കാലപ്പഴക്കം കാരണം ഉപേക്ഷിച്ചിരിക്കുകയായിരുന്ന പാലമാണ് മോഷ്ടാക്കൾ പട്ടാപ്പകൽ കടത്തി കൊണ്ടുപോയത്. ജലസേചന വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് എന്ന വ്യാജേന എത്തിയ മോഷ്ടാക്കളുടെ സംഘം അറുപതടി നീളവും 500 ടൺ ഭാരവുമുള്ള പാലം പൊളിച്ചു കടത്തുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ​ഗ്യാസ് കട്ടറും മണ്ണുമാന്തി യന്ത്രവും അടക്കം ഉപയോ​ഗിച്ച് മോഷണം നടന്നത്. മൂന്നുദിവസമെടുത്തായിരുന്നു പാലം പൊളിച്ച് കടത്തിയത്. ഈ മൂന്ന് ദിവസവും അധികൃതർ ഇതൊന്നും അറിഞ്ഞതുപോലുമില്ല. 

റോഡ് മോഷണം

ഇതുപോലെ വിചിത്രമായ ഒരു മോഷണം തന്നെയാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ നടന്നതും. അവിടെ ഒരു ​ഗ്രാമത്തിൽ ഒരു കിലോമീറ്റർ നീളമുള്ള റോഡാണ് ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായത്. വിചിത്രമായ ഈ മോഷണത്തെക്കുറിച്ച് പരാതി നൽകാൻ ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചും നാട്ടുകാരും രാവിലെ മഞ്ഞോളിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ റോഡ് ഉണ്ടായിരുന്നു എന്നും എന്നാൽ രാവിലെ റോഡ് കാണാനില്ല എന്നുമായിരുന്നു പരാതി. 

മൊബൈൽ ടവർ കാണാനില്ല

പട്നയിലെ സബ്സിബാ​ഗിലാണ് മൊബൈൽ ടവർ മോഷണം നടന്നത്. എയർസെൽ 2006 -ൽ സ്ഥാപിച്ചതായിരുന്നു മോഷണം പോയ ഈ മൊബൈൽ ടവർ. ഷഹീൻ ഖയൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് പ്രസ്തുത ടവർ സ്ഥാപിച്ചിരുന്നത്. 2017 -ൽ ഈ ടവർ ജിടിഎൽ കമ്പനിക്ക് വിൽക്കുകയും ചെയ്തിരുന്നു. ടവർ കുറച്ചുമാസങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു. അതിനാൽ തന്നെ കമ്പനി ഷഹീൻ ഖയൂമിന് വാടക നൽകിയിരുന്നുമില്ല. ഇതേ തുടർന്ന് ടവർ മാറ്റണം എന്ന് ഖയൂം ആവശ്യപ്പെട്ടിരുന്നു. അധികം കഴിയും മുമ്പാണ് കുറച്ചാളുകൾ വന്ന് ടവർ മാറ്റിസ്ഥാപിക്കാൻ എന്നും പറഞ്ഞ് ടവറും കൊണ്ടുപോയത്. എന്നാൽ, വന്നത് മോഷ്ടാക്കളായിരുന്നു എന്ന് തിരിച്ചറിയുന്നത് 5ജി സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനി ടെക്നീഷ്യൻമാർ സർവെ നടത്താൻ എത്തിയപ്പോഴാണ്. ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ‌ ഉൾപ്പടെ ആയിരുന്നു മോഷ്ടിച്ചു പോയത്. 

click me!