
നിങ്ങളൊരു വിമാനത്തിൽ കയറാൻ പോകുന്നു, അതിൽ നിങ്ങൾ മാത്രമേ യാത്രക്കാരായുള്ളൂ. എന്താവും അവസ്ഥ? ആകെ അമ്പരന്ന് പോകും, സന്തോഷിക്കണോ, ഭയക്കണോ ഒന്നും മനസിലാവാത്ത അവസ്ഥ വരും അല്ലേ? ഏതായാലും, അതേ അനുഭവമാണ് ഈ അമ്മയ്ക്കും മകൾക്കും ഉണ്ടായത്.
25 -കാരിയായ സോ ഡോയ്‌ലും അമ്മയായ 59 -കാരി കിമ്മി ചെഡലുമാണ് ആ യാത്രക്കാർ. ഇരുവരും ക്രിസ്മസ് അവധി ആഘോഷിക്കുന്നതിന് വേണ്ടി എമിറേറ്റ്സ് വിമാനത്തിൽ സേഷെൽസിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പോവുകയായിരുന്നു. എന്നാൽ, എക്കോണമി ക്ലാസിലെത്തിയ അവരെ അമ്പരപ്പിച്ചുകൊണ്ട് അവിടെയുള്ള യാത്രക്കാർ അവർ മാത്രമായിരുന്നു. ടിക്ടോക്കിലൂടെ അമ്മയും മകളും തന്നെയാണ് ഈ മനോഹരമായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് എമിറേറ്റ്സിൽ യാത്ര ചെയ്യുന്നത് ഈ സ്ത്രീകൾ മാത്രമാണ് എന്നും അവരുടെ ക്രിസ്മസ് ആശംസകൾ നേരുന്നു എന്നും ക്യാപ്റ്റൻ പറയുകയും ചെയ്തു. വിമാനം അവരുടേത് മാത്രമായി മാറിയതു പോലെയായിരുന്നു അമ്മയുടേയും മകളുടേയും അവസ്ഥ. ഒരു ടാക്സിയൊക്കെ ബുക്ക് ചെയ്ത് പോകും പോലെ. ഡോയ്‍ൽ സീറ്റുകൾക്കിടയിലൂടെ നടക്കുന്നതും നൃത്തം ചെയ്യുന്നതും അവളുടെ ആഹ്ലാദം പ്രകടിപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു.
'ഞങ്ങൾ മാത്രമായിരിക്കും അവിടെ ഉണ്ടാവുക എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മറ്റ് നാലുപേർ കൂടി വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നെങ്കിലും അവർ ഫസ്റ്റ് ക്ലാസിലായിരുന്നു. അവർ നമ്മളിൽ നിന്നും വേറെ തന്നെ ആയിരുന്നു. അതുകൊണ്ട് അതിലുണ്ടായിരുന്ന ആളുകൾ ഞങ്ങൾ രണ്ടുപേർ മാത്രമായി' എന്നാണ് ആഹ്ലാദവും ആശ്ചര്യവും മറച്ചു വയ്ക്കാതെ ഡോയ്‍ൽ പറഞ്ഞത്.
'അത് മൺസൂൺ സീസണായിരുന്നു. അതുപോലെ ക്രിസ്മസും. അതായിരിക്കാം ആരും സേഷെൽസിൽ നിന്നും യാത്ര ചെയ്യാതിരുന്നത്' എന്നാണ് ഡോയ്ൽ പറയുന്നത്. 'അതൊരു ഭയങ്കര രസമുള്ള യാത്രയായിരുന്നു. ഞങ്ങൾ ഫ്ലൈറ്റ് അറ്റൻഡന്റുമാരോട് സംസാരിച്ചു. ഒരുപാട് വീഡിയോകൾ എടുത്തു. അമ്മയെ കാബിൻ ക്ര്യൂവിന്റെ യൂണിഫോം വരെ ധരിപ്പിച്ചു' എന്നും ഡോയ്‍ൽ പറയുന്നു. ഏതായാലും, ഡോയ്ൽ പോസ്റ്റ് ചെയ്ത വീഡിയോ മില്ല്യൺ കണക്കിന് ആളുകളാണ് കണ്ടത്. 'അമ്മയുടേയും മകളുടേയും ഭാഗ്യം' എന്നാണ് പലരും കമന്റ് ചെയ്തത്.
നമ്മളായാലും കൊതിച്ചുപോകും അങ്ങനെ ഒരു യാത്ര അല്ലേ?
വായിക്കാം: കാമുകി കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി സംസാരിക്കുന്നു, അവളെ ഇട്ടിട്ടുപോണോ എന്ന് യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം