37,000 രൂപയ്ക്ക് പിഞ്ചുമകളെ വില്‍ക്കേണ്ടി വന്ന അമ്മ, പട്ടിണിമരണങ്ങള്‍, ദുരന്തമൊഴിയാതെ അഫ്ഗാനിസ്ഥാന്‍

By Web TeamFirst Published Oct 27, 2021, 12:11 PM IST
Highlights

'ഞങ്ങൾ പട്ടിണിയിലാണ്. വീട്ടിൽ മൈദയും, എണ്ണയുമില്ല. ഞങ്ങളുടെ കൈയിൽ ഒന്നുമില്ല. എന്റെ മകളുടെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. പക്ഷേ എനിക്കത് ചെയ്യേണ്ടി വന്നു,' അദ്ദേഹം പറഞ്ഞു. 

താലിബാൻ(Taliban) അധികാരത്തിൽ വന്നതിന് ശേഷം അഫ്ഗാനിസ്ഥാൻ(Afghanistan) കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. രാജ്യത്തുടനീളം പട്ടിണിയും, ദാരിദ്ര്യവും മാത്രമാണ് ഇന്ന്. മുൻപ് വിദേശത്ത് നിന്ന് ലഭിച്ചിരുന്ന ഫണ്ടുകളായിരുന്നു രാജ്യത്തെ പിടിച്ച് നിർത്തിയിരുന്നത്. എന്നാൽ, താലിബാൻ അധികാരത്തിൽ കയറിയതിനെ ശേഷം വിദേശ ഫണ്ടുകൾ ഇല്ലാതായി. ഇതോടെ രാജ്യത്ത് പിഞ്ചുകുട്ടികൾ അടക്കം പട്ടിണിയിലാണ്. പല അഫ്ഗാൻ കുടുംബങ്ങളും ഇപ്പോൾ അതിജീവിക്കാനായി സ്വന്തം പെൺമക്കളെ വിൽക്കേണ്ട ഗതികേടിലാണ്.  

മക്കൾ പട്ടിണികിടന്ന് മരിക്കുന്നത് കാണാനാകാതെ തന്റെ പെൺകുഞ്ഞിനെ വെറും 37,000 രൂപയ്ക്ക് വിറ്റ ഒരു അമ്മയെ കുറിച്ച് ബിബിസി റിപ്പോർട്ടർ യോഗിത ലിമായെ സംസാരിക്കുന്നു. വാങ്ങുന്നയാൾ പേര് വെളിപ്പെടുത്താത്ത ഒരു മനുഷ്യനായിരുന്നു. മുട്ടിലിഴയുന്ന പ്രായത്തിലുള്ള ആ പെൺകുഞ്ഞിനെ വാങ്ങുന്ന അയാളുടെ ആവശ്യം ഞെട്ടിക്കുന്നതാണ്. തന്റെ മകന് വിവാഹം കഴിക്കാനായി ആ പെൺകുട്ടിയെ വളർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് അയാളുടെ അവകാശവാദം. എന്നാൽ അയാളുടെ ഉദ്ദേശ്യം അത് തന്നെയാണോ എന്നതിന് യാതൊരു ഉറപ്പുമില്ല. അയാൾ 18000 രൂപ മുൻകൂറായി നൽകി. കുറച്ച് മാസത്തേക്ക് ആ കുടുംബത്തിന് ആഹാരം വാങ്ങാൻ ഈ പണം ഉതകും. കുഞ്ഞിന് നടക്കാറായാൽ ബാക്കി പണം നൽകി അവളെ അയാൾ കൊണ്ടുപോകും.  

'എന്റെ മറ്റ് കുട്ടികൾ പട്ടിണി കിടന്ന് മരിക്കാറായി. അതിനാൽ എനിക്ക് എന്റെ മകളെ വിൽക്കേണ്ടി വന്നു. എനിക്ക് വല്ലാത്ത സങ്കടമുണ്ട്. അവൾ എന്റെ കുട്ടിയാണ്. എന്റെ മകളെ വിൽക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,' അമ്മ ബിബിസിയോട് പറഞ്ഞു. ഇത് ഒരമ്മയുടെ മാത്രം സങ്കടമല്ല. അവിടെയുള്ള നിരവധി അമ്മമാർ ചങ്ക് പറിച്ച് നൽകുന്ന വേദനയോടെയാണ് സ്വന്തം പെൺമക്കളെ തീർത്തും അപരിചിതരായവർക്ക് വിൽക്കുന്നത്.  കുഞ്ഞിന്റെ അച്ഛന് ആക്രി വിൽക്കുന്ന ജോലിയാണ്. പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് തന്നെ അതിജീവിക്കാൻ പാടുപെട്ടിരുന്ന അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ മുഴുപ്പട്ടിണിയിലാണ്.

'ഞങ്ങൾ പട്ടിണിയിലാണ്. വീട്ടിൽ മൈദയും, എണ്ണയുമില്ല. ഞങ്ങളുടെ കൈയിൽ ഒന്നുമില്ല. എന്റെ മകളുടെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. പക്ഷേ എനിക്കത് ചെയ്യേണ്ടി വന്നു,' അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നൂറ്റാണ്ടുകളായി ശൈശവ വിവാഹം നടന്നുവരുന്നു. എന്നാൽ രാജ്യത്തെ മോശമായ സാമ്പത്തിക സാഹചര്യം ഇതുപോലെയുള്ള നിരവധി കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു.    

ദശാബ്ദങ്ങളുടെ സംഘർഷവും, വ്യാപകമായ അഴിമതിയും മൂലം തകർന്ന ഒരു ദരിദ്ര രാജ്യമാണ് അഫ്ഗാനിസ്ഥാൻ. മുൻപ് തന്നെ, രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനത്തോളം വിദേശ ഫണ്ടുകളെ ആശ്രയിച്ചായിരുന്നു. കൂടാതെ, മഹാമാരി, വരൾച്ച, ഇപ്പോൾ നടന്ന അധികാര കൈമാറ്റം എല്ലാം  സ്ഥിതിഗതികളെ കൂടുതൽ വഷളാക്കി. രാജ്യം ഇപ്പോൾ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. സഹായങ്ങൾ നിലച്ചപ്പോൾ ഭക്ഷ്യവില കുതിച്ചുയർന്നു. കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. തൊഴിലാളികൾക്ക് ശമ്പളമില്ല. ബിസിനസുകൾ അടച്ചുപൂട്ടുന്നു. അതിജീവിക്കാനായി കുടുംബങ്ങൾ അവരുടെ സ്വന്തമായതെല്ലാം, കുട്ടികൾ ഉൾപ്പെടെ, വിൽക്കാൻ നിർബന്ധിതരാകുന്നു.

രാജ്യത്തെ ഏകദേശം 22.8 ദശലക്ഷം ആളുകൾ വരും മാസങ്ങളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം മരണപ്പെടുമെന്നും, ഒരു ദശലക്ഷം കുട്ടികൾ ചികിത്സയില്ലാതെ മരിക്കാനുള്ള സാധ്യതയുണ്ടെന്നും വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ദശലക്ഷക്കണക്കിന് ഡോളർ വേണ്ടിവരും. എന്നാൽ താലിബാൻ ആ സംഭാവനകൾ കൊള്ളയടിക്കുമെന്ന ഭയത്താൽ വിദേശ രാജ്യങ്ങൾ പണം തടഞ്ഞുവയ്ക്കുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

ഈ ആഴ്ച തലസ്ഥാനമായ കാബൂളിൽ എട്ട് കുട്ടികൾ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പിതാവ് ക്യാൻസർ ബാധിച്ച് മരിക്കുകയും അമ്മ ഹൃദ്രോഗം മൂലം മരിക്കുകയും ചെയ്തതിനെത്തുടർന്ന് കുട്ടികൾ അനാഥരായി തീർന്നു. തുടർന്ന് വിശന്ന് വലഞ്ഞ ആ എട്ട് കുട്ടികളും  ഒടുവിൽ പട്ടിണി കിടന്ന് മരിക്കുകയായിരുന്നു. ഒരുകാലത്ത് അഫ്ഗാനിസ്ഥാന്റെ ഗ്രാമപ്രദേശങ്ങളിൽ മാത്രമായി നിലനിന്നിരുന്ന ദാരിദ്ര്യം ഇപ്പോൾ വലിയ നഗരങ്ങളിലേയ്ക്കും വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ലോക നേതാക്കൾ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദേശം 1 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ താലിബാൻ കൈക്കലാക്കാതെ ജനങ്ങളിലേയ്ക്ക് ആ തുക എങ്ങനെ എത്തിക്കുമെന്ന ആലോചനയിലാണ് ലോകരാജ്യങ്ങൾ.  

click me!