
ഓഫീസിലേക്ക് പോകാൻ ഓട്ടോ ബുക്ക് ചെയ്തതിന് പിന്നാലെയുണ്ടായ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവം പങ്കുവച്ച് യുവതി. ലിങ്ക്ഡ്ഇന്നിലാണ് യുവതിക്കുണ്ടായ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. യാത്ര പൂർത്തിയാകുന്നതിന് മുമ്പ് പാതിവഴിയിൽ വണ്ടി നിർത്തി ഓട്ടോ ഡ്രൈവർ തന്നെ ചോദ്യം ചെയ്തു എന്നാണ് അദിതി ഗൻവീർ എന്ന യുവതി പറയുന്നത്.
ഇന്നലെ ഓട്ടോ ഡ്രൈവർ തന്നെ ഓഫീസിലെത്താൻ ഒരു കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ഇറക്കിവിട്ടു എന്നാണ് യുവതി എഴുതുന്നത്. ഇത്രയും ദൂരം പോകാനാവില്ല എന്നും പറഞ്ഞാണ് ഇറക്കിവിട്ടത്. ആകെ 19 കിലോമീറ്ററാണ് യാത്ര ഉണ്ടായിരുന്നത്, അതിൽ 18 കിലോമീറ്റർ ഓടിയ ശേഷമാണ് ഇതുണ്ടായത് എന്നും യുവതി എഴുതുന്നു.
അതുകൊണ്ടും തീർന്നില്ല. യുവതിയോട് പലവിധ ചോദ്യങ്ങൾ ചോദിക്കാനും അയാൾ മടിച്ചില്ല. ഇത്രയും ദൂരെ എന്തിനാണ് ജോലി ചെയ്യുന്നത് എന്നതായിരുന്നു ഒരു ചോദ്യം. അവിടം കൊണ്ടും നിർത്താതെ അവളുടെ ശമ്പളവും അയാൾ കണക്കുകൂട്ടി നോക്കി. ഈ റൈഡ് താൻ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന് അയാൾ പറഞ്ഞെന്നും യുവതി എഴുതുന്നു.
എന്തായാലും, ഇങ്ങനെയൊക്കെ സംഭവിച്ചാൽ വൺ സ്റ്റാർ റേറ്റിംഗ് നൽകി മുന്നോട്ട് പോവുക എന്നും അദിതി എഴുതുന്നു. നിരവധിപ്പേരാണ് അദിതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
'18 കിലോമീറ്റർ നന്നായി വണ്ടിയോടിച്ചു, ബാക്കി ഒരു കിലോമീറ്ററിന് പകരം ഉപദേശവും എന്നായിരുന്നു' ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ പറഞ്ഞത്, 'ഓട്ടോയിൽ വരാൻ അത് വലിയ ദൂരം തന്നെയാണ്' എന്നാണ്. അതേസമയം, ശരിക്കും ഇത് ഓട്ടോയാത്രയെ കുറിച്ച് തന്നെയാണോ ജീവിതയാത്രയെ കുറിച്ച് പ്രതീകാത്മകമായി എഴുതിയതാണോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.