'എന്‍റെ പൂർവ്വികരിൽ അടിമകളും അടിമ ഉടമകളും ഉണ്ടായിരുന്നു': കുടുംബ ചരിത്രം വെളിപ്പെടുത്തി മാർപ്പാപ്പ

Published : Jul 30, 2026, 12:29 PM IST
Pope Leo XIV

Synopsis

ലിയോ പതിനാലാമൻ മാർപ്പാപ്പ തന്‍റെ കുടുംബത്തിന് അമേരിക്കയിലെ അടിമത്ത ചരിത്രവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി. അമ്മയുടെ പൂർവ്വികരിൽ അടിമകളും അടിമ ഉടമകളും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ മാതൃവഴിയിലെ പൂർവ്വികർ ലൂസിയാനയിലെ 'സ്വതന്ത്ര കറുത്ത വർഗ്ഗക്കാർ' ആയിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.

ന്‍റെ കുടുംബത്തിന്‍റെ വംശാവലിയെക്കുറിച്ചും അമേരിക്കയിലെ അടിമത്ത ചരിത്രവുമായുള്ള കുടുംബ ബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തി ലിയോ പതിനാലാമൻ മാർപ്പാപ്പ. അമ്മയുടെ വഴിയിലുള്ള പൂർവ്വികരിൽ അടിമകളായിരുന്നവരും അടിമ ഉടമകളായിരുന്നവരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലെ 'ബോർഗോ ലൗദാത്തോ സി' പരിസ്ഥിതി കേന്ദ്രത്തിൽ നടന്ന, ബോച്ചെല്ലിയും 164 കുട്ടികളും അണിനിരന്ന സംഗീതച്ചടങ്ങിൽ പങ്കെടുത്ത ശേഷം എൻബിസി ലേഖകൻ ടോം ലാമാസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 70 -കാരനായ മാർപ്പാപ്പയുടെ ഈ തുറന്നുപറച്ചിൽ.

'കുടിയേറിപ്പാർത്തവർ, അടിമകളും ഉടമകളും'

ചിക്കാഗോയിൽ ജനിച്ച വളർന്ന വ്യക്തി എന്ന നിലയിൽ അമേരിക്കയിലെ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം കുടുംബചരിത്രം പങ്കുവെച്ചത്. "എന്‍റെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. അമ്മയുടെ വഴിയിലുള്ള കുടുംബ ചരിത്രം പരിശോധിച്ചാൽ അടിമകളായിരുന്നവരും അതേസമയം അടിമകളുടെ ഉടമകളായിരുന്നവരും അതിലുമുണ്ടായിരുന്നുവെന്ന് കാണാം. ഇത്തരമൊരു പശ്ചാത്തലത്തിൽ വളർന്നുവന്ന അനുഭവമാണ് അമേരിക്ക നൽകുന്ന ഏറ്റവും വലിയ ധനങ്ങളിലൊന്നായി എന്നെത്തന്നെ തിരിച്ചറിയാൻ സഹായിക്കുന്നത്. വർഷങ്ങളായി അമേരിക്കൻ ജീവിതത്തിന്‍റെ ഭാഗമായുള്ള തത്വങ്ങൾ ഞാൻ ഇപ്പോഴും മുറുകെ പിടിക്കുന്നു." ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിമുഖത്തിനിടെ പറഞ്ഞു.

മാർപ്പാപ്പയുടെ വംശാവലി രേഖകൾ

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ യഥാർത്ഥ പേര്. 19 -ാം നൂറ്റാണ്ടിലെ സെൻസസ് രേഖകളെ അടിസ്ഥാനമാക്കി വംശാവലി ഗവേഷകനായ ജാരി ഹൊനോറ തയ്യാറാക്കിയ പഠനം അനുസരിച്ച് മാർപ്പാപ്പയുടെ മാതൃവഴിയിലെ വിവരങ്ങൾ ഇങ്ങനെയാണ്: മാതൃവഴിയിലെ പൂർവ്വികർ: അമ്മ മിൽഡ്രെഡ് ആഗ്നസ് മാർട്ടിനെസിന്‍റെ മാതാപിതാക്കൾ ലൂസിയാനയിലെ 'സ്വതന്ത്ര കറുത്ത വർഗ്ഗക്കാർ' ആയിരുന്നു. ഹെയ്തിയൻ വംശജനായ ജോസഫ് മാർട്ടിനെസും മുലാറ്റോ വംശജയായ ലൂയിസ് ബാക്വിയസുമായിരുന്നു അദ്ദേഹത്തിന്‍റെ അമ്മയുടെ മാതാപിതാക്കൾ. 1887 -ൽ ന്യൂ ഓർലിയൻസിൽ വിവാഹിതരായ ഇവർ ക്രിയോൾ വിഭാഗക്കാർ കൂടുതലായി താമസിച്ചിരുന്ന സെവന്ത് വാർഡിലാണ് ജീവിച്ചിരുന്നത്. 1910 -ഓടെ ഇവർ ചിക്കാഗോയിലേക്ക് കുടിയേറുകയും 'വെളുത്ത വർഗ്ഗക്കാരായി' ജീവിതം നയിക്കുകയുമായിരുന്നു. 1912 -ലെ ജനന സർട്ടിഫിക്കറ്റിൽ മാർപ്പാപ്പയുടെ അമ്മയെ 'വെളുത്ത വർഗ്ഗക്കാരി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർപ്പാപ്പയുടെ പിതാവ് ലൂയിസ് മാരിയസ് പ്രെവോസ്റ്റ് രണ്ടാം ലോകമഹാ യുദ്ധത്തിൽ യുഎസ് നേവി ഓഫീസറായിരുന്നു. പിതാവിന്‍റെ മുത്തച്ഛൻ ഇറ്റലിയിലെ സിസിലിയിൽ നിന്നും മുത്തശ്ശി ഫ്രാൻസിലെ നോർമണ്ടിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്.

PREV
Read more Articles on
click me!

Recommended Stories

ഭാര്യയെ കണ്ടത് വിമാനത്താവളത്തിലെ 90 സെക്കൻഡ് മാത്രം; സ്റ്റാർട്ടപ്പ് ജീവിതത്തിലെ പ്രണയ യാഥാർഥ്യം പങ്കുവെച്ച് സിഇഒ
'നിങ്ങൾ സ്വന്തം കാര്യം നോക്കൂ...'; പാർക്കിംഗ് ലോട്ടിലെ സ്വകാര്യ നിമിഷം പകർത്തി പങ്കുവച്ച യുവതിക്കെതിരെ രൂക്ഷവിമർശനം