നരേനും കുഞ്ഞുങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന പച്ചപ്പിന്റെ ലോകം, അഭയകേന്ദ്രമാണിവിടം!

By Web TeamFirst Published Aug 29, 2021, 4:10 PM IST
Highlights

ഓരോ ദിവസവും നരേനും കുട്ടികളും വെള്ളവുമായി കുന്നുകയറി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വീട്ടിലെ കുട്ടികളുടെ എണ്ണവും അവിടെ പച്ചപ്പും കൂടി. പാട്ടുകളിലൂടെയും മറ്റും അദ്ദേഹം ആളുകളെ മരങ്ങളുടെയും വന്യജീവികളുടെയും പ്രാധാന്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. 

ശാന്താലി സമുദായത്തിലെ അംഗമായ നരേൻ ഹൻസ്ഡ, പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ അജോധ്യ മലനിരകളാൽ ചുറ്റപ്പെട്ട ചെറുതും എന്നാൽ മനോഹരവുമായ ഒരിടത്താണ് താമസിക്കുന്നത്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം 2012 -ൽ തന്റെ ജന്മഗ്രാമമായ ജഹജ്പൂര് വിട്ടു. തന്‍റെ ഇഷ്ടങ്ങളെ പിന്തുടര്‍ന്നായിരുന്നു അത്. റേഡിയോ ആർട്ടിസ്റ്റ് ലസാരാം ടുട്ടുവിൽ നിന്ന് സംഗീത പാഠങ്ങൾ പഠിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഉപജീവനത്തിനായി അദ്ദേഹം തെരുവുകളിൽ പ്രകടനം നടത്തി. താമസിയാതെ, അദ്ദേഹത്തിന്റെ കഴിവുകൾ പ്രദേശവാസികൾക്കിടയിൽ വളരെ പ്രചാരത്തിലായി. ജില്ലയിലുടനീളമുള്ള ഗ്രാമങ്ങളിലേക്ക് അദ്ദേഹം പ്രകടനവുമായി യാത്ര ചെയ്തു. 

അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചപ്പോൾ, അദ്ദേഹം പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും ജാർഖണ്ഡ്, ബീഹാർ, ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ലസാരാം സംഭാവന ചെയ്ത ഭാലിടുങ്ങ്രി ഗ്രാമത്തിലെ അരയേക്കർ സ്ഥലത്ത് താമസമുറപ്പിച്ചെങ്കിലും കച്ചേരികൾ അവതരിപ്പിക്കാൻ അദ്ദേഹം യാത്ര തുടർന്നു. എന്നിരുന്നാലും, 2015 -ൽ, ബോറുവകോച്ച ഗ്രാമത്തിലെ ഒരു പ്രകടനത്തിനിടെ, അപ്രതീക്ഷിതമായ ഒരു അഭ്യർത്ഥന അദ്ദേഹത്തിന് ലഭിച്ചു. 

ആ ഗ്രാമത്തിലെ നാല് അനാഥരായ കുഞ്ഞുങ്ങളെ സഹായിക്കാമോ എന്ന് ഗ്രാമവാസികള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. തനിച്ചായതിനാൽ ഈ കുട്ടികളെ ദത്തെടുക്കണമെന്നും അവർക്ക് അഭയം നൽകണമെന്നും ഗ്രാമവാസികള്‍ അഭ്യർത്ഥിച്ചു. കുട്ടികളുടെ ദയനീയാവസ്ഥ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങി അവരെ അദ്ദേഹം സ്വീകരിച്ചു. 

കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവും നിറവേറ്റുന്നതിനായി, സംഭാവനകൾ സ്വീകരിക്കാന്‍ സിദോ കൻഹു മിഷൻ ഫൗണ്ടേഷൻ നരേൻ ആരംഭിച്ചു. ഇന്ന്, ജില്ലയിലുടനീളമുള്ള 30 അനാഥരുടെ സംരക്ഷകനാണ് നരേൻ. ഒപ്പം 400 കുട്ടികള്‍ക്ക് മിഷന്‍ വിവിധ ശാഖകള്‍ വഴി സൌജന്യ ക്ലാസുകള്‍ നല്‍കുന്നു. 

ഈ സ്കൂളുകള്‍ വഴി രക്ഷിതാക്കള്‍ക്ക് പഠിപ്പിക്കാന്‍ കഴിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസം നല്‍കുന്നത്. വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം പരിസ്ഥിതിക്ക് വേണ്ടിയും നരേന്‍ പ്രവര്‍‌ത്തിക്കുന്നു. 43 ഏക്കര്‍ മരുഭൂമിക്ക് സമാനമായ പ്രദേശമാണ് അദ്ദേഹവും കുട്ടികളും ചേര്‍ന്ന് പച്ചപ്പ് പുതച്ചതാക്കിയത്. സമീപത്തെ പ്രദേശങ്ങളുടെ പച്ചപ്പ് നഷ്ടമാകുന്നത് കണ്ടതാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ അദ്ദേഹത്തിന് പ്രേരണയായത്. നരേന്‍റെയും കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ട വനം വകുപ്പ് അവരെ സഹായിക്കാന്‍ തീരുമാനിച്ചു. 

ഓരോ ദിവസവും നരേനും കുട്ടികളും വെള്ളവുമായി കുന്നുകയറി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വീട്ടിലെ കുട്ടികളുടെ എണ്ണവും അവിടെ പച്ചപ്പും കൂടി. പാട്ടുകളിലൂടെയും മറ്റും അദ്ദേഹം ആളുകളെ മരങ്ങളുടെയും വന്യജീവികളുടെയും പ്രാധാന്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. 

അതുപോലെ തന്നെ ആശ്രയമില്ലാതെ നിന്ന അഞ്ച് സ്ത്രീകള്‍ക്കും നരേന്‍റെ എന്‍ജിഒ ആശ്രയമായി. അതിലൊരാള്‍ ഒരു വിധവയാണ്. വിധവകളെ മന്ത്രവാദിനികളായി കണക്കാക്കുന്ന ഒരിടത്തുനിന്നാണ് അവരെത്തിയത്. എന്തൊക്കെയായാലും ഈ മഹാമാരി സമയം നരേന് സാമ്പത്തികമായി പ്രയാസം തന്നെ. ഓൺലൈനിലാണ് കച്ചേരി ഏറെയും നടത്തുന്നത്. 


 

click me!