
പത്രപ്രവർത്തന മേഖലയിലെ കുലപതിയായിരുന്ന അന്തരിച്ച ഇ. സോമനാഥിന്‍റെ നാമം ഇനി അരുണാചൽ പ്രദേശിലെ തിവാരിഗാവി വനത്തിനുള്ളിലും മുഴങ്ങിക്കേൾക്കും. പരിസ്ഥിതിയോടും പ്രകൃതിയോടും അദ്ദേഹം പുലർത്തിയിരുന്ന തീക്ഷ്ണമായ സ്നേഹത്തിനുള്ള സ്മരണാഞ്ജലിയായി, വടക്കുകിഴക്കൻ കാടുകളിൽ നിന്ന് പുതുതായി കണ്ടെത്തിയ തവളയിനത്തിന് ഗവേഷകർ അദ്ദേഹത്തിന്റെ പേര് നൽകി. 'ലെപ്റ്റോബ്രാച്ചിയം സോമാനി' എന്നാണ് ഈ പുതിയ അതിഥിയുടെ ശാസ്ത്രീയ നാമം.
മലയാളികളുടെ പ്രിയങ്കരനായ പത്രപ്രവർത്തകൻ ഇ. സോമനാഥ് തന്‍റെ അസാമാന്യമായ റിപ്പോർട്ടിംഗ് വൈഭവം പോലെ തന്നെ പ്രകൃതിയെയും പക്ഷികളെയും ഏറെ പ്രണയിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഈ പരിസ്ഥിതി സ്നേഹത്തെ മാനിച്ചാണ് പ്രശസ്ത ഉഭയജീവി ഗവേഷകൻ ഡോ. സത്യഭാമ ദാസ് ബിജു നേതൃത്വത്തിലുള്ള സംഘം ഈ പേര് തിരഞ്ഞെടുത്തത്.
അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലുള്ള തിവാരിഗാവിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്. ഇതിന്റെ പ്രത്യേകതകൾ ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഗവേഷണ സംഘം ഈ യാത്രയിൽ സോമാനിക്ക് പുറമെ മറ്റൊരു സ്പീഷീസിനെ കൂടി കണ്ടെത്തിയിട്ടുണ്ട്. 'ലെപ്റ്റോബ്രാച്ചിയം മെച്ചുക' (Leptobrachium mechuka) എന്നാണ് ഇതിന്റെ പേര്. അരുണാചലിലെ മെച്ചുക നഗരത്തിന് സമീപത്തെ പുൽമേടുകളിൽ നിന്നും വനങ്ങളിൽ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. ഏകദേശം 60 മില്ലീമീറ്ററോളം വലിപ്പമുള്ള ഇവ സോമാനിയിൽ നിന്ന് ജനിതകമായും രൂപപരമായും വ്യത്യസ്തമാണ്.
യുഎസ് ആസ്ഥാനമായുള്ള രാജ്യാന്തര ജേണൽ 'പിയർ ജെ' (PeerJ)-ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്.ഡി. ബിജുവിനൊപ്പം ഡൽഹി സർവകലാശാലയിലെ ഗവേഷകരും ഈ ദൗത്യത്തിൽ പങ്കാളികളായി. വ്യത്യസ്തമായ പരിണാമ പാതയിലൂടെ വളർന്നവയാണ് ഈ രണ്ട് സ്പീഷീസുകളുമെന്ന് ജനിതക പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകൃതിക്ക് വേണ്ടി പേന ചലിപ്പിച്ച ഒരു മനുഷ്യനുള്ള ഏറ്റവും വലിയ ബഹുമതി തന്നെയാണ് ഈ കണ്ടെത്തൽ.