ശകുന്തളാ ദേവിയെ ഞെട്ടിക്കും വേഗത്തിൽ കണക്കുകൂട്ടി നീലകണ്ഠ ഭാനുപ്രകാശ്, ഗണിതശാസ്തത്തിലെ ഉസൈൻ ബോൾട്ട്..!

By Web TeamFirst Published Aug 26, 2020, 10:03 AM IST
Highlights

ഒരാൾ ഏതെങ്കിലും പ്രയാസമുള്ള കണക്ക് ഞൊടിയിടയിൽ ചെയ്തു കാണിച്ചാൽ ഉടൻ ചോദ്യം വരും, എന്താണ് നിങ്ങളുടെ ട്രിക്ക് എന്ന്..! എന്തോ തട്ടിപ്പുകൊണ്ടാണ് ഈ മനക്കണക്കുകൾ ചെയ്യുന്നത് എന്ന് ആ കഴിവിനെ നിസ്സാരവൽക്കരിക്കാനും ശ്രമം നടക്കും. 

ആരാണ് നീലകണ്ഠ ഭാനുപ്രകാശ്? ഒറ്റവാക്കിൽ പറഞ്ഞാൽ അയാൾ ഗണിതത്തിലെ ഉസൈൻ ബോൾട്ട് ആണ്. ഇരുപതു വയസ്സ് തികയും മുമ്പ് കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് സ്വർണ്ണമെഡൽ നേടിയിട്ടുണ്ട് ഈ വിദ്വാൻ. ഗണിതം മനസ്സിന്റെ ട്രപ്പീസുകളിയാണെന്ന് വിശ്വസിക്കുന്ന ഭാനു ആഗ്രഹിക്കുന്നത് നമ്മളിൽ പലർക്കുമുള്ള മാത്‍സ് ഫോബിയക്ക് അന്ത്യം കുറയ്ക്കാനാണ്. 

ഹൈദരാബാദ് സ്വദേശിയായ നീലകണ്‌ഠ ഭാനുവിന്റെ തലച്ചോറിനുള്ളിൽ സദാസമയവും അക്കങ്ങളിങ്ങനെ പേനരിക്കും പോലെ ഇഴഞ്ഞു നടക്കും. ബോർഡിലോ പേപ്പറിലോ എന്തെങ്കിലും കണക്കുകൾ കൂട്ടാൻ വേണ്ടി വിട്ടുകൊടുത്താൽ ആ നിമിഷം അയാളുടെ സകല രോമങ്ങളും എഴുന്നുനിൽക്കും. നിമിഷാർദ്ധ നേരത്തെ രോമാഞ്ചത്തിനുള്ളിൽ തന്നെ അയാളുടെ മസ്തിഷ്‌കം, ആ ചോദ്യത്തിന്റെ, അതെത്ര കാഠിന്യമുള്ളതായാലും ശരി, ഉത്തരം കണ്ടെത്തിയിരിക്കും. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്റർ ആണ് നീലകണ്‌ഠ.

 

'


നീലകണ്‌ഠ മെന്റൽ മാത്സിനെ തുലനം ചെയ്യുന്നത് സ്പ്രിന്റിങുമായിട്ടാണ്. ഒരാൾ വേഗത്തിൽ സ്പ്രിന്റ് ചെയ്യുന്നത് കണ്ടാൽ ആരും തന്നെ അയാളുടെ കഴിവിൽ ഒരു സംശയവും ചോദിക്കാറില്ല. എന്നാൽ, ഒരാൾ ഏതെങ്കിലും പ്രയാസമുള്ള കണക്ക് ഞൊടിയിടയിൽ ചെയ്തു കാണിച്ചാൽ ഉടൻ ചോദ്യം വരും, എന്താണ് നിങ്ങളുടെ ട്രിക്ക് എന്ന്..! എന്തോ തട്ടിപ്പുകൊണ്ടാണ് ഈ മനക്കണക്കുകൾ ചെയ്യുന്നത് എന്ന് ആ കഴിവിനെ നിസ്സാരവൽക്കരിക്കാനും ശ്രമം നടക്കും. പിന്നെ വരുന്ന ചോദ്യമിതാണ്, കമ്പ്യൂട്ടറും കാൽക്കുലേറ്ററും ഒക്കെയുള്ള ഇക്കാലത്ത് ഇങ്ങനെ മനക്കണക്ക് കൂട്ടുന്നതിലൊക്കെ വല്ല കാര്യവുമുണ്ടോ? അതിനും നീലകണ്‌ഠക്ക് മറുപടിയുണ്ട്.  "ബോൾട്ട് 9.8 സെക്കന്റുകൊണ്ട് 100 മീറ്റർ ദൂരം ഓടിയെത്തുമ്പോൾ അയാളെ സകലരും പ്രശംസകൾ കൊണ്ട് മൂടും. "ഇവിടെ സൂപ്പർ കാറും, ബുള്ളറ്റ് ട്രെയിനും ഒക്കെ ഉള്ളപ്പോൾ നിങ്ങളിങ്ങനെ വേഗത്തിലോടാൻ വേണ്ടി മിനക്കെടുന്നതെന്തിനാണ്? " എന്നെന്താണ് ആരും ബോൾട്ടിനോട് ചോദിക്കാത്തത്?

സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത നേട്ടങ്ങൾ, അത് കായികമായിട്ടായാലും, മാനസികമായിട്ടായാലും നേടാൻ എന്നും മനുഷ്യൻ ശ്രമിച്ചുപോന്നിട്ടുണ്ട്. അതിൽ ഒന്നാണ് ഈ മെന്റൽ കാൽക്കുലേഷനും. ഏറെ സാധനയും പരിശീലനവും ജന്മസിദ്ധമായ പ്രതിഭയും ഒന്നിച്ചുണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി ചെയ്യാൻ സാധിക്കൂ.

ശകുന്തളാ ദേവിയെപ്പോലുള്ള ചില ജീനിയസ്സുകൾക്ക് ജന്മനാൽ കിട്ടിയ സിദ്ധിയാണുള്ളത്. എന്നാൽ നീലകണ്ഠ അങ്ങനെ ആയിരുന്നില്ല. അഞ്ചാം വയസ്സിൽ നടന്ന ഒരു ഗുരുതര അപകടമാണ് നീലകണ്ഠയുടെ ജീവിതത്തിലേക്ക് അക്കങ്ങളുടെ ഉത്സവം കൊണ്ടുവന്നത്. അപകടത്തിൽ തലക്ക് സാരമായ പരിക്കേറ്റ നീലകണ്ഠ ഒരു വർഷത്തോളം ശയ്യാവലംബിയായിരുന്നു. അച്ഛനും അമ്മയും ഒക്കെ അന്ന് ഭയന്നത് കുഞ്ഞിന്റെ കാണാനും കേൾക്കാനും സംസാരിക്കാനും നടക്കാനും ഒക്കെയുള്ള കഴിവിനെ ഈ അപകടം ബാധിച്ചേക്കും എന്നായിരുന്നു. അങ്ങനെ കിടക്കയിൽ തന്നെ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട കാലത്താണ് നീലകണ്ഠ മെന്റൽ മാത്സിൽ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതും തന്റെ കഴിവുകൾ തിരിച്ചറിയുന്നതും.

 

 

എന്തിലും കണക്കിന്റെ ഒരു പാറ്റേൺ കണ്ടെത്താൻ നീലകണ്ഠ ശ്രമിക്കാറുണ്ട്. അത് യാത്ര ചെയ്യുമ്പോൾ കാണുന്ന വണ്ടികളുടെ നമ്പർ ആയാലും ഇന്റർനെറ്റിൽ കാണുന്ന ഇംഗ്ലീഷ് പോസ്റ്റുകളിലെ വാക്കുകൾ ആയാലും ശരി അതിന്റെ ഒക്കെ അലകും പിടിയും അഴിച്ച് അവൻ നമ്പറുകളാക്കി മാറ്റി അതിൽ പാറ്റേൺ കണ്ടെത്തും. നിങ്ങൾ നീലകണ്ഠയുടെ മുന്നിൽ ഇരുന്ന് അവനോട് സംസാരിക്കുമ്പോൾ, നിങ്ങൾക്ക് മറുപടി തരുന്നതിനിടെ അവന്റെ മസ്തിഷ്‌കം നിങ്ങൾ എത്ര തവണ കണ്ണിമ വെട്ടി എന്നുവരെ കണക്കുകൂട്ടിക്കൊണ്ടാവും ഇരിക്കുന്നത്. 

വർഷങ്ങളായി, ശകുന്തളാ ദേവി, സ്‌കോട്ട് ഫ്ലാൻസ്ബെർഗ് എന്നിവരുടെ പേരിലുണ്ടായിരുന്ന പല റെക്കോർഡുകളും ഇന്ന് നീലകണ്ഠ തിരുത്തിക്കുറിച്ചിട്ടുണ്ട്. ആകെ, നാല് ലോകറെക്കോർഡുകളും, അമ്പത് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് എൻട്രികളും ഇന്ന് നീലകണ്ഠ ഭാനുപ്രകാശിന്റെ പേരിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഹ്യൂമൻ കാൽക്കുലേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ, ഗണിത ശാസ്ത്രത്തിലെ ബിരുദപഠനവും പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ഈ ഇരുപത്തൊന്നുകാരൻ ഇപ്പോൾ. 

click me!