
അയൽക്കാരനായ യുവാവിൽ നിന്നും കടുത്ത വംശീയാധിക്ഷേപവും ഭീഷണിയും. ഇന്ത്യയിലേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നതായി കുടുംബം. ബ്രിസ്‌ബേനിലെ മോർണിങ്‌സൈഡ് പ്രദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുടുംബത്തിന് നേരെയാണ് ഭീഷണിയുണ്ടായതായി പരാതി. തന്നെ പൊലീസ് ഒഴിപ്പിക്കാൻ കാരണം അടുത്ത വീട്ടിലെ ഇന്ത്യൻ കുടുംബമാണെന്ന് തെറ്റിദ്ധരിച്ച ഹാർലി ആദംസ് എന്ന 19 -കാരനാണ് അയൽപക്കത്തെ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. യൂണിറ്റ് ബ്ലോക്ക് മുഴുവനും സ്ഫോടനം നടത്തി തകർക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തുടർന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് ഇയാൾക്കെതിരെ വിദ്വേഷ കുറ്റകൃത്യവും (hate crime) ഭീഷണിപ്പെടുത്തലും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രതിക്ക് ജാമ്യം അനുവദിച്ചു
ബുധനാഴ്ച ബ്രിസ്‌ബേൻ മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരായ ആദംസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇലക്ട്രോണിക് മോണിറ്ററിംഗ് ഡിവൈസ് ധരിക്കണമെന്നാണ് കോടതിയുടെ പ്രധാന നിർദ്ദേശം. പൊലീസ് പ്രോസിക്യൂട്ടർ സർജന്റ് മാറ്റ് കാഹ്‌ലർ ഈ സംഭവത്തെ 'അസാധാരണമായ വംശീയ അതിക്രമം' എന്നാണ് വിശേഷിപ്പിച്ചത്. തനിക്കെതിരെ ഇന്ത്യൻ കുടുംബം യാതൊരു പരാതിയും നൽകിയിട്ടില്ലെന്ന് വ്യക്തമായപ്പോൾ പ്രതി ഖേദം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് കടുത്ത ഭീതിയിലായ ഇന്ത്യൻ കുടുംബം വാടകക്കരാർ റദ്ദാക്കി ഇന്ത്യയിലേക്ക് തിരികെ പോകാൻ ആലോചിക്കുന്നതായി 7ന്യൂസ് ബ്രിസ്‌ബേൻ മാധ്യമപ്രവർത്തകൻ മൈക്കൽ ഹാമൻഡ് അറിയിച്ചു. പ്രതിയുടെ നിരന്തരമായ മോശം പെരുമാറ്റം കാരണം സമുച്ചയത്തിലെ മറ്റ് താമസക്കാരും വീടൊഴിഞ്ഞു പോകുന്നുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, അക്രമണങ്ങളും ഭീഷണികളും കോടതി ഗൗരവമായാണ് കാണുന്നതെന്ന് മജിസ്ട്രേറ്റ് പീറ്റർ സാഗേഴ്സ് പ്രതിക്ക് മുന്നറിയിപ്പ് നൽകി.