സ്വകാര്യ വിവരം ചോര്‍ത്താന്‍ ഡിറ്റക്ടീവിനെ വെച്ചു;  അദാനിക്കെതിരെ ഓസ്‌ട്രേലിയയില്‍ പുതിയ വിവാദം

By Web TeamFirst Published Oct 28, 2020, 5:57 PM IST
Highlights

ഗലിലി ബ്ലോക്കേഡ് എന്ന പരിസ്ഥിതി സംഘടനയുടെ ദേശീയ വക്താവായ ബെന്‍ പെന്നിംഗ്‌സിനെയും കുടുംബത്തെയും നിരീക്ഷിക്കാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തി, വീടുപരിശോധനയ്ക്ക് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്.

മെല്‍ബണ്‍: അദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയയില്‍ പുതിയ വിവാദം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഗലിലി ബ്ലോക്കേഡ് എന്ന പരിസ്ഥിതി സംഘടനയുടെ ദേശീയ വക്താവായ ബെന്‍ പെന്നിംഗ്‌സിനെയും കുടുംബത്തെയും നിരീക്ഷിക്കാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തി, വീടുപരിശോധനയ്ക്ക് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. ആക്ടിവിസ്റ്റിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഡിറ്റക്ടീവ് നടത്തിയ ശ്രമങ്ങളുടെ രേഖകള്‍ അടക്കം ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ പുറത്തുവിട്ടു. എന്നാല്‍, ആരോപണങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. 

അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയന്‍ കമ്പനിയായ 'അദാനി ഓസ്‌ട്രേലിയ' ക്വീന്‍സ് ലാന്റില്‍ സ്ഥാപിച്ച കല്‍ക്കരി ഖനിക്കെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. ഇതിന് നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംഘടനയുടെ നേതാവാണ് ബെന്‍ പെന്നിംഗ്‌സ്. ഇദ്ദേഹത്തെയും കുടുംബത്തെയും പിന്തുടരാനും ഫോട്ടോകള്‍ പകര്‍ത്താനും വീടു പരിശോധിക്കാനും അദാനി ഗ്രൂപ്പ് ശ്രമം നടത്തി എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.  ആക്ടിവിസ്റ്റും മകളും പോവുന്ന ചിത്രങ്ങള്‍ കമ്പനിക്കു വേണ്ടി പകര്‍ത്തിയതായും ഭാര്യയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതായും കോടതി രേഖകള്‍ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.  

 

ബെന്‍ പെന്നിംഗ്‌സ്

 

ബെന്‍ പെന്നിംഗ്‌സിനെതിരെ അദാനി ഗ്രൂപ്പ് ക്വീന്‍സ് ലാന്റ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു, കരാറുകാരെ പിന്തിരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കമ്പനി പരാതിയില്‍ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെന്‍ പെന്നിംഗ്‌സിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്താന്‍ തങ്ങളുടെ ആളുകളെ അനുവദിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇക്കാര്യം പരിശോധിച്ച ക്വീന്‍സ് ലാന്റ് സുപ്രീം കോടതി രണ്ട് ആവശ്യങ്ങളും തള്ളി. ഇത് വ്യക്തികളെ അപമാനിക്കാനും കുടുംബത്തിന് ദുരിതം സൃഷ്ടിക്കാനുമേ സഹായിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിനു പിന്നാലെയാണ്, അദാനി ഗ്രൂപ്പ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ വിശദവിവരങ്ങള്‍ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടത്. പെന്നിങ്‌സിനെക്കുറിച്ച് അന്വേഷിച്ച സ്വകാര്യ ഡിറ്റക്ടീവ് ഗാരി ആന്‍ഡ്രൂ സ്വീറ്റിന്റെ റിപ്പോര്‍ട്ട് അടക്കം അദാനി ഗ്രൂപ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ നിയമപക്രാരം സ്വകാര്യതാ ലംഘനം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ അദാനി ഗ്രൂപ്പ് ചെയ്തതിന്റെ തെളിവുകളാണ് കോടതിക്കു മുന്നില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്ടിവിസ്റ്റിനെ പിന്തുടര്‍ന്ന് നിരീക്ഷിക്കാനും ഫോട്ടോകളടക്കം സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാനും, അദാനി ഗ്രൂപ്പിനു വേണ്ടി കേസ് നടത്തുന്ന നിയമസ്ഥാപനം ആവശ്യപ്പെട്ടതായി ഡിറ്റക്ടീവ് സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് പെന്നിംഗ്‌സ് ഒമ്പതു വയസ്സുകാരിയായ മകള്‍ക്കൊപ്പം റോഡില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ കോടതി രേഖകളിലുണ്ട്. പെന്നിങ്‌സിന്റെ ഭാര്യയെ പിന്തുടര്‍ന്നതായും അവരുടെ ഫേസ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതായും ഡിറ്റക്ടീവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

 

പെന്നിംഗ്‌സ് ഒമ്പതു വയസ്സുകാരിയായ മകള്‍ക്കൊപ്പം റോഡില്‍ സഞ്ചരിക്കുന്ന ഫോട്ടോ. Courtesy: The Guardian

 

ആക്ടിവിസ്റ്റിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തുന്നതിന് ആവശ്യമായ നിരീക്ഷണങ്ങള്‍ നടത്താന്‍ നിയമസ്ഥാപനം ഡിറ്റക്ടീവിനോട് ഇ- മെയില്‍ വഴി ആവശ്യപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. പെന്നിംഗ്‌സിന്റെ വിലാസവും വിവരങ്ങളും ശേഖരിക്കുക, ഭാര്യയെയും മക്കളെയും കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡിറ്റക്ടീവിനോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന്, താന്‍ പെന്നിംഗ്‌സിനെയും മകളെയും പിന്തുടരുകയും ഫോട്ടോ പകര്‍ത്തുകയും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുകയും ചെയ്തതായി ഡിറ്റക്ടീവ് പറയുന്നു. പെന്നിങ്‌സിന്റെ ഭാര്യയെ പിന്തുടരുകയും ഫേസ്ബുക്ക് പേജ് പരിശോധിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി ഡിറ്റ്ക്ടീവ് സത്യവാങ് മൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്. പെന്നിംഗ്‌സിന്റെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ അറ്റാച്ച്‌മെന്റായി കോടതിയില്‍ നല്‍കിയിട്ടുമുണ്ട്.

അദാനി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയോ അതിനെതിരായ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത തന്നെയും മക്കളെയും പിന്തുടര്‍ന്ന് നിരീക്ഷണം നടത്തിയ സംഭവം അനീതിയും നിയമവിരുദ്ധവുമാണെന്ന് പെന്നിംഗ്‌സിന്റെ ഭാര്യ റേച്ചല്‍ പറയുന്നു. 

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പെന്നിംഗ്‌സും അദ്ദേഹത്തിന്റെ സംഘടനയും മുന്നോട്ടു വന്നിട്ടുണ്ട്. അദാനിയെ പിന്തുണക്കുന്ന ഓസ്‌ട്രേലിയന്‍ രാഷ്ട്രീയ പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടിയെയും എല്‍ എന്‍ പിയെയും പെന്നിംഗ്‌സ് രൂക്ഷമായി വിമര്‍ശിച്ചു. ഒരു ഖനി കമ്പനി എക്‌സിക്യൂട്ടീവിന്റെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തിയതെങ്കില്‍, ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിലപാട് എടുക്കുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ശാസ്ത്രജ്ഞരെയും അദാനിയുടെ കമ്പനിക്കെതിരെ നിലപാട് എടുത്ത ആക്ടിവിസ്റ്റുകളെയും ഉപദ്രവിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികള്‍ നിലപാട് എടുത്തതായും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ സ്ഥാപനത്തിന്റെയും കരാറുകാരുടെയും ജീവനക്കാരുടെയും നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പെന്നിംഗ്‌സിന് എതിരായി കേസ് നല്‍കിയതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. നിയമവിരുദ്ധമായി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും തടയുന്നതിന് നിയമവിധേയമായ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

നാല് വര്‍ഷം മുന്‍പാണ് ഇന്ത്യയിലെ ഊര്‍ജ പദ്ധതികള്‍ക്കായി കല്‍ക്കരി കയറ്റുമതി ചെയ്യാനുളള പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് ക്വീന്‍സ് ലാന്റില്‍ കര്‍മിഷാല്‍ കല്‍ക്കരി ഖനി ആരംഭിച്ചത്. ഖനന പദ്ധതിക്ക് എതിരെ ബ്രിസ്ബണിലും സിഡ്‌നിയിലുമടക്കം ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങിയിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ ഒപ്പ് വച്ച ഓസ്‌ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ നിലനില്‍പ്പിനു ഭീഷണിയാണ് ഖനി എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്, പുതിയ സംഭവവികാസങ്ങള്‍. 
 

click me!