കൊമാഡോ ഡ്രാഗണുകളെ കാണണോ? ഈ തുക നല്‍കണം...

By Web TeamFirst Published Oct 2, 2019, 3:27 PM IST
Highlights

ജൂലൈ മാസത്തില്‍ കൊമാഡോ ഡ്രാഗണുകളെ അനധികൃതമായി കടത്തി വിദേശത്ത് വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണറാണ് ദ്വീപ് അടച്ചിടുമെന്ന് അറിയിച്ചിരുന്നത്. 

ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിലുള്ള നാഷണല്‍ പാര്‍ക്ക് അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഉടുമ്പുകളാണ് കൊമാഡോ ഡ്രാഗണുകള്‍. അവ അധിവസിക്കുന്ന ദ്വീപാണ് കൊമാഡോ ദ്വീപ്. നേരത്തേ ദ്വീപ് ഒരു വര്‍ഷത്തേക്ക് അടച്ചിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ദ്വീപ് അടച്ചിടുന്നില്ല, പകരം $1,000 (ഏകദേശം 70000 രൂപ) അടച്ചാല്‍ ദ്വീപിലേക്ക് പ്രവേശിക്കാം എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 

ജൂലൈയിലാണ് കൊമാഡോ ഡ്രാഗണേയും അവയുടെ അധിവാസകേന്ദ്രത്തേയും സംരക്ഷിക്കുന്നതിനായി ജനുവരി മുതല്‍ ദ്വീപ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്.  ഒരു വര്‍ഷത്തിനുശേഷം ദ്വീപ് തുറക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ദ്വീപ് അടച്ചിടുന്നില്ലെന്നും പകരം ഒരു മെമ്പര്‍ഷിപ്പ് സ്കീം ഏര്‍പ്പാടാക്കുന്നുവെന്നുമാണ്. ഇപ്പോള്‍ വിനോദസഞ്ചാരികള്‍ $10 (ഏകദേശം 700 രൂപ) രൂപ അടച്ചാണ് ദ്വീപിലേക്ക് പ്രവേശിക്കുന്നത്. 2018 -ല്‍ മാത്രം 176,000 പേര്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2008 -ല്‍ ഇത് 44,000 പേരായിരുന്നു. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം വലിയതോതിലാണ് വര്‍ധിച്ചുവന്നിരുന്നത്. 

ജൂലൈ മാസത്തില്‍ കൊമാഡോ ഡ്രാഗണുകളെ അനധികൃതമായി കടത്തി വിദേശത്ത് വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണറാണ് ദ്വീപ് അടച്ചിടുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, അടച്ചിടാതെ പണമടച്ച് സന്ദര്‍ശിക്കാവുന്ന രീതിയില്‍ ദ്വീപിനെ മാറ്റുകയായിരുന്നു. $1,000 രൂപ അടച്ചാല്‍ ഒരു വര്‍ഷം ദ്വീപ് സന്ദര്‍ശിക്കാം. അത് വളരെ ചെറിയ തുകയാണെന്ന് താന്‍ കരുതുന്നതായും ഗവര്‍ണര്‍ പറയുന്നു. ഡ്രാഗണുകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നുണ്ട്. രണ്ടുതരം മെമ്പര്‍ഷിപ്പാണ് സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ പ്രീമിയം മെമ്പര്‍മാര്‍ക്ക് കൊമാഡോ ദ്വീപ് സന്ദര്‍ശിക്കാം. നോണ്‍ പ്രീമിയം മെമ്പര്‍മാര്‍ക്ക് കൊമാഡോ നാഷണല്‍ പാര്‍ക്കിലുള്ള ദ്വീപുകള്‍ സന്ദര്‍ശിക്കാം. അവിടങ്ങളിലും ഡ്രാഗണുകളെ കാണാവുന്നതാണ്. 

ഈ ദ്വീപുകളില്‍ താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ത്തന്നെ ഡ്രാഗണുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞ‌താകുന്നു. ഇത് പരിഹരിക്കുന്നതിനായി ഗ്രാമത്തിലുള്ളവരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. സംരക്ഷണശ്രമങ്ങളില്‍ ഗ്രാമീണരും പങ്കാളിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ക്രൂയിസ് കപ്പലുകളുടെ വരവിനും കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പല്ലികളാണ് കൊമാഡോ ഡ്രാഗണുകള്‍. മൂന്ന് മീറ്റർ (10 അടി) വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 70 കിലോ വരെ ഭാരവുമുണ്ടാകാം. മൂർച്ചയുള്ള പല്ലുകള്‍ കൊണ്ടുള്ള കടിയേറ്റാല്‍ ചിലപ്പോള്‍ വിഷമേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. മനുഷ്യർക്കു നേരേയുള്ള ആക്രമണങ്ങൾ വളരെ വിരളമാണെങ്കിലും കൊമോഡോ ഡ്രാഗണുകളുടെ ആക്രമണം മൂലം മനുഷ്യർ മരിച്ചിട്ടുണ്ട്. 2007 ജൂൺ 4 -ന് എട്ടുവയസ്സുള്ള ഒരാൺകുട്ടിയെ കൊമോഡോ ദ്വീപിൽ വച്ച് ഒരു കൊമോഡോ ഡ്രാഗൺ ആക്രമിക്കുകയും തുടർന്ന് മുറിവുകളിലൂടെ രക്തം വാർന്ന് കുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്.  

ഈ ഡ്രാഗണുകള്‍ അതില്‍ കൂടുതലും കാണപ്പെടുന്നത് കൊമാഡോ ദ്വീപിലാണ്. 1700 എങ്കിലും കാണും എണ്ണം. അടുത്തതായി നാഷണല്‍ പാര്‍ക്കില്‍ തന്നെയുള്ള റിന്‍ക ദ്വീപില്‍ 1000 എണ്ണമെങ്കിലും ഉണ്ട്. യുനെസ്‍കോ ലോക പൈതൃക ഇടങ്ങളില്‍ ഒന്നുമാണ് നാഷണല്‍ പാര്‍ക്ക്. വംശനാശഭീഷണി നേരിടുന്ന ജീവിയായതിനാല്‍ത്തന്നെ സംരക്ഷണശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് അധികൃതര്‍.

click me!