മകളെ കൊന്നവരുടെ വധശിക്ഷക്ക് സാക്ഷിയാകാൻ നിർഭയയുടെ അമ്മയ്ക്ക് ആഗ്രഹം; സാധിച്ചുകൊടുക്കാൻ നിയമമുണ്ടോ?

Published : Mar 19, 2020, 09:17 AM IST
മകളെ കൊന്നവരുടെ വധശിക്ഷക്ക് സാക്ഷിയാകാൻ നിർഭയയുടെ അമ്മയ്ക്ക് ആഗ്രഹം; സാധിച്ചുകൊടുക്കാൻ നിയമമുണ്ടോ?

Synopsis

വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് കഴുമരത്തിനരികെ ജയിൽ സൂപ്രണ്ട്, മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് ഉണ്ടാവുക പതിവ്. മറ്റാർക്കെങ്കിലും കഴുമരത്തിനടുത്തേക്ക് പ്രവേശനമുണ്ടോ? 

2012 -ൽ നടന്ന ഒരു കൊടും ക്രൂരകൃത്യത്തിനുള്ള പരമാവധി ശിക്ഷ, കുറ്റവാളികൾ എന്ന് സുപ്രീം കോടതിക്ക് സംശയാതീതമായി ബോധ്യം വന്ന നാലുപേർക്ക്, 2020 മാർച്ച് 20 -ന് നൽകപ്പെടും. ദില്ലിയിലെ പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് ഇന്നും നിലനിൽക്കുന്നു. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല എന്നുണ്ടെങ്കിൽ നാളെ രാവിലെ കൃത്യം 5.30 -ന് ആ നാലുപേരും കഴുമരത്തിലേറ്റപ്പെടും. വധശിക്ഷ പരമാവധി വൈകിക്കാനുള്ള ശ്രമങ്ങൾ കുറ്റവാളികളുടെ ഭാഗത്തുനിന്ന് ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്.

അതിനിടെ, നിർഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചത് ഇങ്ങനെ, " 20 മാർച്ചിന്റെ പ്രഭാതം, ഞങ്ങളുടെ ജീവിതത്തിന്റെ പ്രഭാതമായിരിക്കും. എന്റെ മോളോട് ഈ ക്രൂരകൃത്യം ചെയ്തവരെ തൂക്കിലേറ്റും വരെ എന്റെ പോരാട്ടം തുടരും". അതോടൊപ്പം, തന്നെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാൻ അനുവദിക്കണം എന്നും ആശാദേവി തിഹാർ ജയിൽ അധികൃതരോട് അഭ്യർത്ഥിച്ചു. " എന്റെ മകളെ അവർ നിഷ്കരുണം കൊന്നുകളഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ, ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാൻ ആർക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് കൊടുക്കണം എന്ന്. സാധിക്കുമെങ്കിൽ, അത് നടപ്പിലാക്കുന്നത് എനിക്കുകൂടി കാണാനുള്ള അവസരം ഉണ്ടാക്കിത്തരണം"

 

 

എന്നാൽ, നിയമപ്രകാരം ഈ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് ആകുമോ? എന്താണ് ഇതുസംബന്ധിച്ച് നിയമത്തിൽ പറയുന്നത്? ആർക്കൊക്കെ കാണാം, ആർക്കൊക്കെ കണ്ടുകൂടാ ഈ വധശിക്ഷ നടപ്പിലാക്കൽ? 

വധശിക്ഷ വരെയുള്ള തടവുപുള്ളികളുടെ പരിചരണത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാനാവുക ജയിൽ മാനുവലിലാണ്. ഓരോ സംസ്ഥാനത്തിനും വെവ്വേറെ ജയിൽ മാനുവൽ ഉണ്ട്. നാല് കുറ്റവാളികളും കഴുമരം പ്രതീക്ഷിച്ച് കഴിയുന്നത് ദില്ലിയിലെ തിഹാർ ജയിലിൽ ആണ്. വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിലാണ് അവർക്ക് ബന്ധുക്കളെ കാണാനും, അന്തിമാഭിലാഷങ്ങൾ നിറവേറ്റാനും ഒക്കെയുള്ള അവസരം നൽകപ്പെടുന്നത്. 

വധശിക്ഷ നടപ്പിലാക്കുന്ന സമയം, അതിനു സാക്ഷ്യം വഹിക്കാൻ പ്രതികൾക്ക് ഏതെങ്കിലും പുരോഹിതന്മാരുടെ സാന്നിധ്യം ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ അപേക്ഷ വരുന്ന പക്ഷം, അതാത് ജയിലിന്റെ സൂപ്രണ്ട് അതിനുവേണ്ട സംവിധാനം ചെയ്തു നൽകും. വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് കഴുമരത്തിനരികെ ജയിൽ സൂപ്രണ്ട്, മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് ഉണ്ടാവുക പതിവ്.

മറ്റാർക്കെങ്കിലും ഈ  സമയത്ത് കഴുമരത്തിനടുത്തേക്കോ, അത് കാണാൻ പാകത്തിന് ദൂരെയെവിടെയെങ്കിലുമോ പ്രവേശനമുണ്ടോ?  തിഹാർ ജയിലിലെ നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്ന ദില്ലി ജയിൽ മാനുവൽ പ്രകാരം, ഇല്ല. എന്നാൽ, ബോംബെ ജയിൽ മാനുവൽ പ്രകാരം, തൂക്കിലേറ്റപ്പെടുന്നവരുടെ അതിക്രമത്തിന് ഇരയായവരുടെ അടുത്ത ബന്ധുക്കളായ പുരുഷന്മാർക്ക്, പരമാവധി 12 പേർക്ക്, വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനുള്ള അവകാശമുണ്ട് എന്നാണ്. ഇവിടെയും സ്ത്രീകൾക്ക് വധശിക്ഷ നടപ്പിലാക്കൽ കാണാൻ അനുവാദമില്ല. എന്തായാലും, തിഹാറിൽ ബാധകമാവുന്നത് ദില്ലി ജയിൽ മാനുവൽ ആണ്, അതുപ്രകാരം, ആർക്കും തന്നെ അനുമതി ഇല്ല. 

 

മേല്പറഞ്ഞത് നിയമം. എന്നാൽ നിയമത്തിൽ പറയാത്ത ഒരു കാര്യം ചില ജയിലുകളിൽ ചെയ്യുന്ന കീഴ്വഴക്കമുണ്ട്. അവിടെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അല്ലാത്ത, എന്നാൽ കൊടും കുറ്റവാളികളാണ് എന്ന് ജയിൽ അധികൃതർക്ക് തോന്നുന്ന ചിലരെ, ഈ വധശിക്ഷ നടപ്പിലാക്കലിന് സാക്ഷിയാകും അവർ. ജയിലിൽ നിന്നിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഈ ദൃശ്യം അവരെ സഹായിച്ചേക്കും എന്ന തോന്നലിലാണ് ഇങ്ങനെ ചെയ്യുന്നത്. 

ജയിൽ മനുവലിൽ പറഞ്ഞ ചട്ടങ്ങൾ അക്ഷരം പ്രതി അനുസരിച്ചാൽ നിർഭയയുടെ അമ്മയുടെ ഈ ആഗ്രഹം സാധിക്കാനാവില്ല. എന്നാൽ, ഇതൊരു സ്‌പെഷ്യൽ കേസ് ആയി പരിഗണിച്ച് ഒറ്റത്തവണ പതിവിനു വിരുദ്ധമായി തിഹാർ ജയിൽ സൂപ്രണ്ട് പ്രവർത്തിക്കുമോ, ആശാ ദേവി എന്ന ആ അമ്മയുടെ ആഗ്രഹം സാധിക്കുമോ എന്ന് ശിക്ഷ നടപ്പിലാക്കുമ്പോൾ മാത്രമേ അറിയാനാകൂ..! 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!