അവിടെ നിന്നും ഇവിടം വരെ അവള്‍ എത്തിയതിനു പിന്നിൽ വലിയൊരു യുദ്ധം തന്നെയുണ്ട്...

By Speak UpFirst Published Jun 10, 2019, 3:11 PM IST
Highlights

എന്‍റെ മോൾക്ക് എട്ടു വയസുള്ളപ്പോൾ ടൗൺഹാളിലോ മറ്റോ വെച്ച് നടന്ന ഒരു പരിപാടി. സ്റ്റാന്‍ഡ് അപ്പ് കോമഡി ആണ്. ഒരു പ്രശസ്തന്‍റെ. അമ്മുവിനെ ബാത്‌റൂമിൽ കൊണ്ട് പോയി തിരിച്ചു വന്നു ഹാളിൽ കയറുകയാണ് ഞങ്ങൾ. ഉടനെ മൈക്കിൽ ഉച്ചത്തിൽ എന്തോ പറഞ്ഞതിന്റെ തുടർച്ച എന്നോണം അയാളുടെ ശബ്ദം മുഴങ്ങി.

തമാശ എന്ന സിനിമയിലെ ജീവിതം അറിയണം എങ്കിൽ നിങ്ങൾ എന്റെ മകളെ അറിയണം. ചുവപ്പിച്ച മുടിയിഴകളും, ആഭരണങ്ങൾ പടി കടത്തിയ ഒഴിഞ്ഞ കയ്യും കഴുത്തും, ഹൈ ബ്രാൻഡ്‌സ് മേക്കപ്പ് ഐറ്റംസ് കൊണ്ട് ക്ലാസ്സി മേക്കപ്പ് ഇട്ട, ഓഫ്‌ ഷോൾഡറും കട്ട് ഷോൾഡറും ഷോർട്സും ഇടുന്ന, കണ്ടാൽ ഒരു വട്ടം കൂടി നോക്കി നിൽക്കാൻ തോന്നുന്ന നിഷ്കളങ്കമായ ചിരിയുള്ള ആത്മവിശ്വാസം തുടിക്കുന്ന സുന്ദരിയായ പെൺകുട്ടിയെ...

പക്ഷെ, ഇതെല്ലാം കാണണം എങ്കിൽ ആദ്യ കാഴ്ച്ചയിൽ നിങ്ങളുടെ കണ്ണുകൾ തലച്ചോറിലേക്ക് നൽകുന്ന 'തടിച്ചി കുട്ടി' എന്ന സന്ദേശം താണ്ടി അവളിലേക്ക് നോക്കാനുള്ള പക്വത നിങ്ങളിൽ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറവാണ്. നിങ്ങളുടെ കാഴ്ചയുടേത് മാത്രം. കാരണം ഇതിനു പിന്നിൽ ഒരു ജന്മത്തെ അദ്ധ്വാനം ഉണ്ട്, വേദനയുണ്ട്.

ഇന്നലെ തീയേറ്ററിൽ 'തമാശ' എന്ന സിനിമ കണ്ടിറങ്ങുമ്പോൾ ഞങ്ങളുടെ ഉള്ളിൽ, അവളുടെ അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ ഈ കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവമായിരുന്നു.

ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇത്തിരി ലേറ്റ് ആയി എത്തിയപ്പോൾ അവിടെ സ്റ്റേജിൽ ചാക്യാർ കൂത്ത് നടന്നു കൊണ്ടിരിക്കയാണ്. പാഞ്ചാലി പരിണയം കഥ. "വിവാഹ ജോടികൾ ആയ അര്‍ജുനനെയും പാഞ്ചാലിയെയും കണ്ട് ലോകം മൊത്തം അത്ഭുതപ്പെട്ടു പോയി. അങ്ങനെ വേണം ജോടികൾ ഉണ്ടാവാൻ. അല്ലാതെ ചിലരെ കണ്ടിട്ടില്ലേ? നീണ്ടു മെലിഞ്ഞ് ഒത്ത പുരുഷന് പന്ത് പോലൊരു ഭാര്യ. ഉരുണ്ടു ഉരുണ്ടു ഇങ്ങനെ പോകുന്ന കാണാം ഒന്നും പത്തും പോലെ." -ഇങ്ങനെ തുടങ്ങി പലതരം വൃത്തികെട്ട ഉദാഹരങ്ങളുമായി അയാൾ അരങ്ങു തകർക്കയാണ്. 

ഒരു കത്തി എടുത്തു കുത്തി അങ്ങ് കൊന്നാലോ എന്ന തോന്നലോടെയാണ് അത് കണ്ട് മുഴുമിപ്പിച്ചത്. ഇത് എന്‍റെ മാത്രം തോന്നൽ ആണോ എന്നറിയാൻ ഉണ്ണി ഏട്ടനോട് വണ്ടിയിൽ കയറുമ്പോൾ ഇത് സൂചിപ്പിച്ചു. മറുപടി ഞാൻ പോലും മറന്നു പോയൊരു സംഭവം ആയിരുന്നു. 

എന്‍റെ മോൾക്ക് എട്ടു വയസുള്ളപ്പോൾ ടൗൺഹാളിലോ മറ്റോ വെച്ച് നടന്ന ഒരു പരിപാടി. സ്റ്റാന്‍ഡ് അപ്പ് കോമഡി ആണ്. ഒരു പ്രശസ്തന്‍റെ. അമ്മുവിനെ ബാത്‌റൂമിൽ കൊണ്ട് പോയി തിരിച്ചു വന്നു ഹാളിൽ കയറുകയാണ് ഞങ്ങൾ. ഉടനെ മൈക്കിൽ ഉച്ചത്തിൽ എന്തോ പറഞ്ഞതിന്റെ തുടർച്ച എന്നോണം അയാളുടെ ശബ്ദം മുഴങ്ങി.

'ദേ അവളെ കണ്ടോ? അവളെ പോലെ. നല്ല കഴിപ്പായിരിക്കും ല്ലേ!! 'ഒരു സദസ്സ് മുഴുവൻ തിരിഞ്ഞു നോക്കി. കൂട്ടച്ചിരി മുഴങ്ങി. ഒരു ടെഡ്ഡി ബിയര്‍ പോലെ ഓമനത്തം ഉള്ള ഒരു എട്ടു വയസുകാരി കുനിഞ്ഞ ശിരസ്സോടെ അവളുടെ അച്ഛന്റെ മറവിലേക്ക് നീങ്ങി. നിസ്സഹായരായി ഒരു അച്ഛനും അമ്മയും അവളെ മുറുകേ പിടിച്ചു. ഉണ്ണിയേട്ടന്റെ സ്വരത്തിൽ അപ്പോഴും ആ പതർച്ച ഉണ്ടായിരുന്നു, 'മരണം വരെ ഞാൻ ആ ദിവസം മറക്കില്ല, അയാളോട് ക്ഷമിക്കില്ല' എന്ന് പറയുമ്പോൾ!!

അവിടുന്ന് ഇവിടം വരെ എന്റെ മകൾ എത്തിയതിനു പിന്നിൽ വലിയൊരു യുദ്ധം തന്നെയുണ്ട്. കാണുന്ന മാത്രയിൽ ചാടി വീണു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന, ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന ഉപദേശകർക്ക് അറിയാത്ത വലിയ അധ്വാനങ്ങൾ. അത്ര കൊച്ച് പ്രായം മുതൽ വിശ്വസിക്കാവുന്ന എല്ലാ സ്ലിമ്മിങ് സ്ഥാപനങ്ങളിലും ആശുപത്രികളിലും മകളുടെ കയ്യും പിടിച്ചു കയറി ഇറങ്ങുന്ന അമ്മയും, അതിനു വേണ്ടി എന്ന് പറയുമ്പോൾ കാശ് അതിനി എത്ര തുകയായാലും മുടക്കാൻ തയ്യാറുള്ള അച്ഛനും..

ഹോസ്റ്റലിൽ നിന്നും, 'ആന്റി ഇവൾ ഒരു ആപ്പിൾ മാത്രമേ കഴിക്കുന്നുള്ളൂ...' എന്ന് വേവലാതിപ്പെട്ടു വരുന്ന വിളികളും. നിങ്ങൾക്ക് എന്തറിയാം? എങ്ങനെ അറിയാം? അവൾക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല, സ്കൂൾ ജീവിതത്തിൽ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല, കുടുംബ സംഗമങ്ങളിൽ സമാധാനം ഉണ്ടായിരുന്നില്ല. 
ഉണ്ടായിരുന്നത് പബ്ലിക്കിനെ ഫേസ് ചെയ്യാൻ മടിക്കുന്ന 'സോഷ്യല്‍ ആങ്സൈറ്റി' എന്ന മാനസികാവസ്ഥ ആയിരുന്നു.

അവിടുന്ന് മേല്പറഞ്ഞ ഗുണങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമായ കോളജിൽ എല്ലാം തികഞ്ഞ കുട്ടികൾക്ക് ഇടയിൽ ആത്മവിശ്വാസത്തിലേക്ക് വളർന്ന മകളെ ഞാൻ ഇന്നലെ സ്‌ക്രീനിലെ ചിന്നുവിൽ കണ്ടു. 'എന്തൊരു ഭംഗി' എന്ന് ചിരി കൊണ്ടും ബോഡി ലാംഗ്വേജ് കൊണ്ടും അറിയാതെ പറയിപ്പിച്ചു പോകുന്ന ചിന്നു എന്ന നായിക.

പക്ഷെ അവളും നിസ്സഹായ ആയി പോകുന്ന ഡാർക്ക്‌ മൊമെന്റ്‌സ്‌ ഉണ്ട്. ഒരു കാര്യവും ഇല്ലാത്ത ഇടപെടലുകൾ കൊണ്ട് നിങ്ങൾ അത് ഉണ്ടാക്കി കൊടുക്കുന്നുണ്ട്. തടിച്ചവരെ മെലിഞ്ഞവരെ കറുത്തവരെ കഷണ്ടിക്കാരെ അങ്ങനെ പലവിധ ആളുകളെ ഈ സോഷ്യൽ മീഡിയയിൽ കണ്ടു മുട്ടുമ്പോൾ ഒരിത്തിരി നേരത്തെ രസത്തിനു വേണ്ടി നിങ്ങൾ ഇട്ടിട്ടു പോകുന്ന കൊള്ളിക്കുന്ന കമന്റുകൾക്ക് അവർ രസമുള്ള ഉത്തരങ്ങൾ നൽകുന്നുണ്ട് എങ്കിൽ അതിനർത്ഥം അവരും നിങ്ങളെ പോലെ ആ തമാശ ആസ്വദിക്കുന്നു എന്നല്ല. അതിനെ മറികടക്കാൻ വലിയ യുദ്ധങ്ങൾ ജയിച്ചവരാണ് എന്നെ അർത്ഥമുള്ളൂ...

എന്റെ ചിത്രങ്ങൾ ചേരുന്ന ആംഗിളിൽ എടുത്തു ക്രോപ് ചെയ്തു ഫിൽറ്റർ ഇട്ടു നല്ലത് മാത്രം ഇവിടെ പങ്കു വെക്കുന്നത് എനിക്കു സൗന്ദര്യം ഉള്ളത് കൊണ്ടല്ല. നമ്മുടെ സമൂഹം ആ കപടതയെ അർഹിക്കുന്നുള്ളൂ എന്ന തിരിച്ചറിവ് കൊണ്ടാണ് !!!

പക്ഷെ ആറടിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന രണ്ടാമത്തെ കുഞ്ഞ് അവളുടെ ഇഷ്ടത്തിന് പോയി മുടി മുഴുവൻ വെട്ടി കളഞ്ഞു സ്ലിം ഫിറ്റ് ജീൻസും ഇട്ടു നെറ്റി ചുളിക്കുന്നവരോട് 'take, a break man!'എന്ന് കൊഞ്ഞനം കാണിച്ചു ജീവിതം അടിച്ചു പൊളിക്കുന്നുണ്ട് എങ്കിൽ, അതിനൊറ്റ അർത്ഥമേയുള്ളൂ, സമൂഹം മാറിയാലും ഇല്ലെങ്കിലും അവളുടെ കുടുംബം മാറി. അവൾ വളരുന്ന അന്തരീക്ഷം ഞങ്ങൾ മാറ്റി. 

തമാശ എന്നതിന്റെ അർത്ഥം എത്ര വിരുദ്ധമായാണ് ചില സന്ദർഭങ്ങളിൽ മിസ് യൂസ് ചെയ്യപ്പെടുന്നത് എന്നു അറിയാന്‍, ഈ ചിത്രം കണ്ടു നോക്കണം... നിങ്ങൾ തളർത്തുന്നവന്‍റെ മാനസിക സംഘര്‍ഷങ്ങളും അതിൽ നിന്നു കര കയറിയവളുടെ ആത്മവിശ്വാസവും എന്തെന്ന് അറിയാൻ, ഞങ്ങളുടെ ഒക്കെ ജീവിതത്തിന്റെ ഒരു പേജെങ്കിലും മറിച്ചു നോക്കാൻ. ഈ ചിത്രം കാണണം!

Have a life ppl!!
 

click me!