താടിരോമങ്ങൾ മുറിച്ച് കൊടുക്കരുത്, ഷേവ് ചെയ്‍ത് നൽകരുത്, ബാർബർമാർക്ക് താലിബാൻ നിർദ്ദേശം, ലംഘിച്ചാൽ കടുത്ത ശിക്ഷ

Published : Sep 27, 2021, 10:43 AM IST
താടിരോമങ്ങൾ മുറിച്ച് കൊടുക്കരുത്, ഷേവ് ചെയ്‍ത് നൽകരുത്, ബാർബർമാർക്ക് താലിബാൻ നിർദ്ദേശം, ലംഘിച്ചാൽ കടുത്ത ശിക്ഷ

Synopsis

കാബൂളിലെ ഒരു ബാര്‍ബര്‍ പറഞ്ഞത് താലിബാനികള്‍ വന്ന് തങ്ങളോട് താടിരോമങ്ങള്‍ ട്രിം ചെയ്‍ത് നൽകരുത് എന്ന് പറയുകയായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ പിടികൂടാനും രഹസ്യാന്വേഷണ സംഘത്തെ അയക്കുമെന്നും പറഞ്ഞു എന്നാണ്. 

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ (Helmand province) ബാർബർമാർക്ക് പുതിയ നിര്‍ദ്ദേശവുമായി താലിബാൻ (Taliban). ഇതു പ്രകാരം താടി ഷേവ് ചെയ്യുന്നതും താടിരോമങ്ങള്‍ മുറിച്ചുമാറ്റുന്നതും നിരോധിച്ചിരിക്കുകയാണ്. അത് ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം ലംഘിക്കുന്നുവെന്നാണ് താലിബാന്‍ ഇതിന് കാരണമായി പറയുന്നത്. ആരെങ്കിലും ഇത് ലംഘിച്ച് താടിവെട്ടിക്കൊടുക്കുകയോ ഷേവ് ചെയ്ത് കൊടുക്കുകയോ ചെയ്താൽ കടുത്ത ശിക്ഷാനടപടികൾ തന്നെ ഉണ്ടാകുമെന്നും താലിബാന്‍ നയം വ്യക്തമാക്കുന്നു. 

കാബൂളി ( Kabul ) -ലെ ചില ബാര്‍ബര്‍മാരും സമാനമായ നിര്‍ദ്ദേശം തങ്ങള്‍ക്കും ലഭിച്ചുവെന്ന് പറഞ്ഞതായി ബിബിസി(BBC) എഴുതുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് വളരെ കര്‍ശനമായ ഭരണരീതി തന്നെയായിരിക്കും താലിബാന്‍ പിന്തുടരാന്‍ പോകുന്നത് എന്നതിലേക്കാണ്. നേരത്തെ, പഴയ ഭരണകാലത്തേത് പോലെയാവില്ല തങ്ങളുടെ ഭരണം എന്ന് താലിബാന്‍ പറഞ്ഞിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും നല്ലതല്ല. പഴയതുപോലെ കഠിനമാവും താലിബാന്‍ ഭരണകാലം എന്നതിലേക്ക് തന്നെയാണ് അവിടെ നടക്കുന്ന സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്. 

കഴിഞ്ഞ മാസം അധികാരം ഏറ്റെടുത്തതിനു ശേഷം, താലിബാൻ എതിരാളികൾക്ക് കടുത്ത ശിക്ഷ തന്നെ നടപ്പാക്കി. ശനിയാഴ്ച, താലിബാന്‍ സംഘം നാല് പേരെ വെടിവെച്ച് കൊന്നു. തട്ടിക്കൊണ്ടുപോകലിന് ശ്രമിക്കവെ താലിബാന്‍റെ വെടിയേറ്റ് ഇവര്‍ കൊല്ലപ്പെട്ടതാണ് എന്നാണ് വിശദീകരണം. വെടിവച്ച് കൊന്നു എന്ന് മാത്രമല്ല, ഇവരുടെ മൃതദേഹങ്ങൾ ഹെറാത്ത് പ്രവിശ്യയിലെ തെരുവുകളിൽ തൂക്കിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു താലിബാൻ. താലിബാൻ സ്ഥാപകരിലൊരാളും ആദ്യ താലിബാൻ ഭരണകാലത്ത് നീതിന്യായ മന്ത്രിയുമായിരുന്ന മുല്ലാ നൂറുദ്ദീൻ തുറാബി എ പി വാർത്താ ഏജൻസിയോട് കൈവെട്ടും പരസ്യമായ വധശിക്ഷയും അഫ്ഗാനിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരം ശിക്ഷാനടപടികൾ ഉണ്ടായത് എന്ന കാര്യവും ശ്രദ്ധേയമാണ്. 

പുതുതായി, തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ സലൂണുകളിൽ പോസ്റ്റ് ചെയ്ത നോട്ടീസിൽ, മുടി വെട്ടുന്നതിനും താടി വെട്ടുന്നതിനും ബാര്‍ബര്‍മാര്‍ ശരീഅത്ത് നിയമം പാലിക്കണമെന്ന് താലിബാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഒരാള്‍ക്കും ഇതിനെതിരെ പരാതി പറയാന്‍ അധികാരമില്ല എന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. 

കാബൂളിലെ ഒരു ബാര്‍ബര്‍ പറഞ്ഞത് താലിബാനികള്‍ വന്ന് തങ്ങളോട് താടിരോമങ്ങള്‍ ട്രിം ചെയ്‍ത് നൽകരുത് എന്ന് പറയുകയായിരുന്നു. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ പിടികൂടാനും രഹസ്യാന്വേഷണ സംഘത്തെ അയക്കുമെന്നും പറഞ്ഞു എന്നാണ്. 

നഗരത്തിലെ ഏറ്റവും വലുത് എന്ന് കരുതപ്പെടുന്ന സലൂണിലെ ഹെയര്‍ഡ്രസര്‍ പറഞ്ഞത്, തനിക്കൊരു ഫോണ്‍ വന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് വിളിച്ചയാള്‍ പറഞ്ഞത്, അമേരിക്കന്‍ സ്റ്റൈല്‍ പിന്തുടരുന്നത് നിര്‍ത്തിക്കോണം, ആരുടെയും താടിമുറിക്കാനോ ഷേവ് ചെയ്‍ത് നൽകാനോ പാടില്ല എന്നാണ്. 

1996 മുതൽ 2001 വരെ താലിബാൻ ആദ്യമായി അധികാരത്തിലിരുന്നപ്പോൾ, ആകർഷകമായ ഹെയർസ്റ്റൈലുകൾ നിരോധിക്കുകയും പുരുഷന്മാർ താടി വളർത്തണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അഫ്ഗാനിലെ യുവാക്കള്‍ ഹെയര്‍സ്റ്റൈലില്‍ ഫാഷന്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുകയും അത്തരം ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. 

പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ചില ബാര്‍ബര്‍മാര്‍ ഇത്തരം നിയമങ്ങള്‍ തങ്ങളുടെ ഉപജീവനം ഇനി കഠിനമായിരിക്കും എന്ന് പറഞ്ഞതായി ബിബിസി എഴുതുന്നു. 'കുറച്ച് കാലങ്ങളായി യുവാക്കള്‍ ഷേവ് ചെയ്യാനും ട്രെന്‍ഡി ആയിരിക്കാനും തന്‍റെ അടുത്തെത്താറുണ്ട്. എന്നാല്‍, ഇനി ഈ ബിസിനസ് തുടര്‍ന്ന് കൊണ്ടുപോവുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നില്ല' എന്നാണ് അതിലൊരാള്‍ പറഞ്ഞത്. 

'കഴിഞ്ഞ 15 വര്‍ഷമായി തന്‍റെ ജോലി ഇതാണ്. ഫാഷന്‍ സലൂണുകളും ബാര്‍ബര്‍മാരും നിരോധിക്കപ്പെട്ടതോടെ ഇത് ഇനി തുടരാനാവുമെന്ന് എനിക്ക് തോന്നുന്നില്ല' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഹെറാത്തിലുള്ള മറ്റൊരു ബാര്‍ബര്‍ പറഞ്ഞത്, തനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. എങ്കിലും താന്‍ താടി ട്രിം ചെയ്ത് കൊടുക്കുന്നത് നിര്‍ത്തി എന്നാണ്. 'ആളുകളാരും ഇപ്പോൾ ഷേവ് ചെയ്യാന്‍ തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താല്‍ തെരുവില്‍ താലിബാന്‍ അവരെ ലക്ഷ്യം വയ്ക്കുമോ എന്ന് അവര്‍ ഭയക്കുന്നു' എന്നും അദ്ദേഹം പറയുന്നു. 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്