നോബൽ : ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തിന്‍റെ തുകയെത്ര?

Published : Oct 10, 2025, 08:35 PM IST
Alfred Bernhard Nobel

Synopsis

ഡൈനാമൈറ്റിന്‍റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബലിന്‍റെ വിൽപത്രമാണ് നോബൽ സമ്മാനത്തിന്‍റെ സാമ്പത്തിക അടിസ്ഥാനം. നോബൽ ഫൗണ്ടേഷൻ ഈ ഫണ്ട് കൈകാര്യം ചെയ്യുകയും, ഫൗണ്ടേഷന്‍റെ സാമ്പത്തിക ശേഷി അനുസരിച്ച് സമ്മാനത്തുകയിൽ വർഷംതോറും മാറ്റങ്ങൾ വരികയും ചെയ്യുന്നു.  

 

ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് നോബൽ സമ്മാനം. പേരിനൊപ്പം സമ്മാനത്തുകയിലും പുരസ്കാരം ഏറെ 'വിലമതിക്കുന്നു'. അതേസമയം ഇതുവരെയുള്ള ചരിത്രത്തില്‍ സമ്മാനത്തുക പലപ്പോഴും ഏറിയും കുറഞ്ഞുമാണ് സമ്മാനിക്കപ്പെട്ടിട്ടുള്ളത്. ഇത് നോബൽ ഫൗണ്ടേഷന്‍റെ അതാത് കലത്തെ സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കിയാണ്. സാമ്പത്തിക ശേഷിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സമ്മാനത്തുകയിലും പ്രതിഫലിക്കുന്നുവെന്നര്‍ത്ഥം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്ന മേഖലകളിലാണ് നോബൽ സമ്മാനം നല്‍കുന്നത്. അതില്‍ തന്നെ ഒരു മേഖലയില്‍ ഒന്നിൽ കൂടുതല്‍ ആളുകളാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ സമ്മനത്തുക തുല്യമായി വീതിച്ച് നല്‍കുന്നു.

നോബൽ സമ്മാനത്തിന്‍റെ സാമ്പത്തിക ഉറവിടം

ഡൈനാമൈറ്റിന്‍റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബലിന്‍റെ വിൽപത്രമാണ് നോബൽ സമ്മാനത്തിന്‍റെ അടിസ്ഥാനം. 1895-ൽ അദ്ദേഹം തയ്യാറാക്കിയ വിൽപത്രത്തിൽ, തന്‍റെ സമ്പാദ്യത്തിന്‍റെ സിംഹഭാഗവും (ഏകദേശം 31 ദശലക്ഷം സ്വീഡിഷ് ക്രോണർ) മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകാനായി മാറ്റിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ തുക "സുരക്ഷിതമായ സെക്യൂരിറ്റികളിൽ" നിക്ഷേപിക്കാനും അതിൽ നിന്നുള്ള പലിശ എല്ലാ വർഷവും സമ്മാനമായി നൽകാനുമായിരുന്നു അദ്ദേഹത്തിന്‍റെ വില്പത്രത്തിലെ നിർദ്ദേശം. 1900-ൽ ഈ വിൽപത്രത്തിന്‍റെ അടിസ്ഥാനത്തിൽ നോബൽ ഫൗണ്ടേഷൻ സ്ഥാപിക്കപ്പെട്ടു. ഫൗണ്ടേഷന്‍റെ പ്രധാന ചുമതല ഈ ഫണ്ട് കൈകാര്യം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുക എന്നതാണ്.

ഫണ്ടിന്‍റെ പരിപാലനവും നിക്ഷേപവും

തുടക്കത്തിൽ, ആൽഫ്രഡ് നോബലിന്‍റെ നിർദ്ദേശ പ്രകാരം 'സുരക്ഷിതമായ സെക്യൂരിറ്റികളിൽ' മാത്രമായിരുന്നു നോബൽ ഫൗണ്ടേഷൻ നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ കാലക്രമേണ, പണപ്പെരുപ്പം കാരണം സമ്മാനത്തുകയുടെ യഥാർത്ഥ മൂല്യം കുറഞ്ഞുവന്നു. ഇതിനെത്തുടർന്ന്, 1950-കളിൽ സ്വീഡിഷ് ഗവൺമെന്‍റിന്‍റെ അനുമതിയോടെ നോബൽ ഫൗണ്ടേഷൻ തങ്ങളുടെ നിക്ഷേപ നയത്തിൽ മാറ്റങ്ങൾ വരുത്തി. റിയൽ എസ്റ്റേറ്റ്, സ്റ്റോക്കുകൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ നിക്ഷേപം നടത്താൻ തുടങ്ങി. ഇതോടെ ഫൗണ്ടേഷന്‍റെ ആസ്തി വർധിക്കുകയും സമ്മാനത്തുക കാലത്തിനനുസരിച്ച് ഉയർത്താൻ സാധിക്കുകയും ചെയ്തു. 1946-ൽ ലഭിച്ച നികുതിയിളവും ഫൗണ്ടേഷന്‍റെ വളർച്ചയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറി.

സമ്മാനത്തുകയിലെ മാറ്റങ്ങൾ

1901-ൽ ആദ്യമായി നോബൽ സമ്മാനം നൽകുമ്പോൾ ഓരോ വിഭാഗത്തിലെയും സമ്മാനത്തുക 1,50,782 സ്വീഡിഷ് ക്രോണർ ആയിരുന്നു. പിന്നീട് പല വർഷങ്ങളിലും സമ്മാനത്തുകയിൽ വ്യത്യാസങ്ങൾ വന്നു. അതേസമയം നോബൽ ഫൗണ്ടേഷന്‍റെ സാമ്പത്തിക ഭദ്രതയെ ആശ്രയിച്ചാണ് ഓരോ വർഷത്തെയും സമ്മാനത്തുക നിശ്ചയിക്കുന്നത്. 2012-ൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സമ്മാനത്തുക 20% കുറച്ചിരുന്നു. എന്നാൽ, പിന്നീട് ഫൗണ്ടേഷന്‍റെ നിക്ഷേപങ്ങൾ ലാഭത്തിലായതോടെ സമ്മാനത്തുകയും വർധിപ്പിച്ചു. 2023-ൽ ഇത് 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 8.1 കോടി രൂപ) ആയി ഉയർത്തി. ഒന്നിലധികം പേർ ഒരു സമ്മാനം പങ്കിടുമ്പോൾ ഈ തുക അവർക്കിടയിൽ തുല്യമായി വീതിച്ചു നൽകുകയാണ്. സ്വർണ്ണ മെഡലും ഡിപ്ലോമയും ഇതിന് പുറമെയാണ്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആൽഫ്രഡ് നോബലിന്‍റെ വിൽപത്രത്തിൽ ഉണ്ടായിരുന്നില്ല. 1968-ൽ സ്വീഡന്‍റെ കേന്ദ്ര ബാങ്കായ സ്വെറിഗ്സ് റിക്സ്ബാങ്ക് (Sveriges Riksbank) ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ആൽഫ്രഡ് നോബലിന്‍റെ സ്മരണാർത്ഥമാണ് ഇത് നൽകുന്നത്. ഇതിന്‍റെ സാമ്പത്തിക കാര്യങ്ങൾ നിർവഹിക്കുന്നത് സ്വെറിഗ്സ് റിക്സ്ബാങ്ക് ആണെങ്കിലും, വിജയിയെ തെരഞ്ഞെടുക്കുന്നത് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തന്നെയാണ്. ചുരുക്കത്തിൽ, ആൽഫ്രഡ് നോബലിന്‍റെ ദീർഘവീക്ഷണവും നോബൽ ഫൗണ്ടേഷന്‍റെ കാര്യക്ഷമമായ സാമ്പത്തിക അച്ചടക്കവുമാണ് ഒരു നൂറ്റാണ്ടിലേറെയായി നോബൽ സമ്മാനത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായി നിലനിർത്തുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ