അതിർത്തിയുടെ ഏഴയലത്തേക്ക് ചെല്ലുന്ന സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലാൻ ഉത്തരകൊറിയൻ സർക്കാരിന്റെ ഉത്തരവ്

By Web TeamFirst Published Aug 29, 2020, 4:37 PM IST
Highlights

കൊവിഡ് കാരണം സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യത്തു നിന്ന് കിട്ടിയതും കെട്ടിപ്പെറുക്കി സ്ഥലംവിടാനൊരുങ്ങുന്ന  നാട്ടുകാരെ, അതിൽ നിന്ന് തടഞ്ഞു നിർത്താൻ വേണ്ടിയാണ് ഇങ്ങനെയൊരു  'ഷൂട്ട് അറ്റ് സൈറ്റ്' ഭീഷണി

ഉത്തരകൊറിയയും ചൈനയും തമ്മിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വലിയൊരു അതിർത്തി പ്രദേശമുണ്ട്. ആ അതിർത്തിയിലൂടെ നിയമം ലംഘിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന എന്നും ഉത്തര കൊറിയക്ക് ഒരു ഭീഷണി തന്നെ ആയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം കൂടി ഉണ്ടായതോടെ ഉത്തര കൊറിയ ഈ അതിർത്തിയിലെ തങ്ങളുടെ നിലപാടുകൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് എന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ അതിർത്തിയുടെ ഒരു കിലോമീറ്റർ പരിസരത്തെങ്ങാനും ഏതെങ്കിലും പൗരന്മാർ വന്നാൽ, ചോദ്യമോ പറച്ചിലോ ഒന്നും വേണ്ട നേരെ വെടിവെച്ചു കൊന്നുകളഞ്ഞോളാനാണ് പ്യോങ്യാങ്ങിൽ നിന്ന് ബോർഡർ പട്രോൾ സേനയ്ക്ക് കിട്ടിയിട്ടുള്ള കർശനമായ ഉത്തരവ്. ഇപ്പോൾ കൊവിഡ് സാഹചര്യത്തിൽ ഇങ്ങനെയുള്ള സ്വേച്ഛാധിപത്യപരമായ നടപടികളിലേക്ക് കടക്കുക ഉത്തര കൊറിയക്ക് കൂടുതൽ എളുപ്പത്തിൽ സാധിക്കും. 

വ്യാഴാഴ്ച അർധരാത്രി മുതൽക്കാണ് ഈ പുതിയ പോളിസി നടപ്പിലാക്കിയത്. നടപ്പിൽ വരുത്തുന്നതിന്റെ തലേദിവസം മാത്രമാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിർത്തിയെ പൗരന്മാർ സമീപിക്കുന്നത് ഇനി എന്തിന്റെ പേരിലായാലും ശരി, അതിന്റെ വിലയായി സ്വന്തം ജീവൻ തന്നെ നൽകേണ്ടി വരുമെന്ന് പൊലീസ് വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ചൈനയിൽ നിന്ന് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സാധനസാമഗ്രികളുടെ ബലത്തിലാണ് ഉത്തരകൊറിയയിലെ നാടൻ മാർക്കറ്റുകൾ പലതും, വിശേഷിച്ച് അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിലെ മാർക്കറ്റുകൾ പുലരുന്നത് എന്നതിനാൽ ഈ പുതിയ ഭീഷണി അവിടങ്ങളിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഒന്നാണ്. ഈ കള്ളക്കടത്തുകാർ പൊതുവെ ചെയ്തുവരുന്നത് ഈ ബോർഡർ സെക്യൂരിറ്റി ഗാർഡുമാർക്ക് കൈക്കൂലി നൽകി തങ്ങളുടെ സാധനങ്ങൾ ഉത്തര കൊറിയയിലേക്ക് കൊണ്ടുവരികയാണ്. ഉത്തര കൊറിയ വിട്ടോടി ചൈനയിലേക്കോ ദക്ഷിണ കൊറിയയിലേക്കോ പോകാൻ ശ്രമിക്കുന്ന 'ഡിഫെക്ടർ'മാർ അപ്പുറത്ത് ചെന്ന് ചെയ്തുകൂട്ടുന്ന പ്രവൃത്തികളിലും  ഉത്തര കൊറിയൻ സർക്കാരിന് കടുത്ത എതിർപ്പുണ്ടായിരുന്നു.

 

 

 

രാജ്യത്ത് നിരവധിപേർക്ക് കൊവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ മറ്റു രാജ്യങ്ങൾക്കിടയിൽ സജീവമാണ് എങ്കിലും, തങ്ങൾ ഇപ്പോഴും  കൊവിഡ് ഫ്രീ തന്നെയാണ് എന്നാണ് ഉത്തരകൊറിയൻ ഗവണ്മെന്റിന്റെ പക്ഷം. ഇതുവരെ ഒരു കൊവിഡ് പോസിറ്റീവ് കേസുപോലും കൊറിയൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഇങ്ങനെ അതിർത്തിക്ക് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ വെച്ച് പൗരന്മാരിൽ ആരെയെങ്കിലും വെടിവെച്ചു കൊന്നാൽ, തുടർചോദ്യങ്ങൾ ഉണ്ടാവില്ല എന്നാണ് സർക്കാർ പ്രതിനിധികൾ പൊലീസിന് നൽകിയ വാഗ്ദാനം. ഓഗസ്റ്റ് 25 -ണ് ഒരു ടെലഗ്രാമിന്റെ രൂപത്തിലാണ് അതിർത്തി രക്ഷ സേനയ്ക്ക് സുപ്രീം കമാണ്ടിന്റെ ആജ്ഞ വന്നെത്തിയത്. ഒരു പകലിന്റെ മുന്നറിയിപ്പിന് ശേഷം, ഓഗസ്റ്റ് 26 -ന് പാതിരമുതൽ ഉത്തരവ് നടപ്പിലാക്കിക്കൊള്ളാനായിരുന്നു നിർദേശം. 
 
കിം ജോങ് ഉൻ കോമയിലാണ് എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ അയരാജ്യങ്ങളിൽ സജീവമാകവേ, കിം ജോങ് ഉൻ ബുധനാഴ്ച ദിവസം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്തു എന്ന് ഉത്തര കൊറിയയിലെ പ്രധാനപാത്രമായ റോഡോങ് സിൻമുൺ റിപ്പോർട്ട് ചെയ്തു. രാജ്യം കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക തകർച്ചയിലാണ് എന്നും ഒരു അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തിൽ ഉള്ള സമ്പത്തും കൊണ്ട് നാടുവിട്ടോടിപ്പോകാൻ ശ്രമിച്ചേക്കാവുന്ന നാട്ടുകാരെ, അതിൽ നിന്ന് തടഞ്ഞു നിർത്താൻ വേണ്ടിയാണ് ഇങ്ങനെയൊരു  'ഷൂട്ട് അറ്റ് സൈറ്റ്' ഭീഷണി എന്നും ശക്തമായ ഒരു ആക്ഷേപമുണ്ട്. 
 

click me!