
മനുഷ്യരുടെ ചില വിശ്വാസങ്ങൾ കേട്ടാൽ അമ്പരന്ന് പോകുന്നവയാണ്. നമ്മുക്കിടയിൽ തന്നെയുള്ള പല വിശ്വാസങ്ങളും യുക്തിയ്ക്കും ശാസ്ത്രീയതയ്ക്കും നിരക്കാത്തവയാണെന്ന് നമ്മുക്കറിയാമെങ്കിലും അത്തരം പല വിശ്വാസങ്ങളും പലതും നമ്മുടെ ജീവിതത്തിന്‍റെ കൂടി ഭാഗമാണ്. അത്തരമൊരു വിചിത്ര വിശ്വാസത്തിൽപ്പെട്ട് നോർവേയിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ആ വിശ്വസമെന്താണെന്ന് കേട്ടാൽ നിങ്ങളുമൊന്ന് അമ്പരക്കും. ആളുകളെ കൊണ്ട് സ്വർണം വാങ്ങിപ്പിക്കുക. പിന്നീട് അത് ഇരട്ടിക്കുമെന്ന് വിശ്വസിപ്പിച്ച് കാട്ടിൽ ഒളിപ്പിക്കാൻ പ്രേരിപ്പിക്കുക. അങ്ങനെ കാട്ടിൽ ഒളിപ്പിച്ച സ്വർണം പിന്നീട് ഇതേ തട്ടിപ്പുകാർ പോയി എടുക്കും.
കേൾക്കുമ്പോൾ നമ്മുക്ക് അമ്പരപ്പ് തോന്നാം. എന്നാൽ, നോർവേയിൽ ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വർണം വാങ്ങി കാട്ടിൽ ഉപേക്ഷിച്ചാൽ സുരക്ഷിതമായി സൂക്ഷിക്കാമെന്നും പിന്നീട് അതിന്‍റെ വില ഉയരുമ്പോൾ എടുത്ത് വിൽക്കാമെന്നും വിശ്വസിച്ച നോർവേയിലെ ബാങ്ക് ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നത്. ഒടുവിൽ നിക്ഷേപത്തട്ടിപ്പിന്‍റെ ഈ പുതിയ രീതിയെക്കുറിച്ച് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിനിധീകരിക്കുന്ന ഫിനാൻസ് നോർഗെയ്ക്ക് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തേണ്ടിവന്നു. വില ഉയരുമ്പോൾ വിൽക്കാനായി സ്വർണം വാങ്ങി പ്രകൃതിദത്തമായ സ്ഥലങ്ങളിൽ ഒളിപ്പിച്ചവരുടെ സ്വർണം പിന്നീട് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
Scammers have convinced some Norwegians to buy gold and leave it in a forest only for it to be subsequently stolen, according to a warning from the country's banking lobby.
Several bank clients left bullion in nature following promises that "others will keep it safe while the value rises," Finans Norge said in a statement. Read more: https://t.co/yVTPLkWJ3T
📷: Chris Ratcliffe/Bloomberg
— Bloomberg (@business) October 22, 2026
തട്ടിപ്പുകാർ ആദ്യം ഇരകളെ വലിയ തുക ചെലവഴിച്ച് സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നു. പിന്നീട്, മറ്റുള്ളവർ അത് സുരക്ഷിതമായി സൂക്ഷിക്കുമെന്നും അതിനിടെ സ്വർണത്തിന്‍റെ മൂല്യം വർധിക്കുമെന്നും ഇവരെ വിശ്വസിപ്പിക്കുന്നു. അങ്ങനെ സ്വർണം വാങ്ങിയവരെ കൊണ്ട് അത് കാട്ടിലോ മറ്റ് അസാധാരണമായ സ്ഥലങ്ങളിലോ ഒളിപ്പിച്ച് വയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ ഒളിപ്പിക്കുന്ന സ്വർണം തട്ടിപ്പുകാർ എടുക്കും. അതേസമയം ഫിനാൻസ് നോർഗെയുടെ റിപ്പോർട്ടിൽ ഇതിനകം എത്ര രൂപയുടെ സ്വർണമാണ് ഇത്തരമൊരു തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതെന്ന കൃത്യമായ കണക്ക് പുറത്ത് വിട്ടിട്ടില്ല.
ഈ രീതിയിലുള്ള ആദ്യ സംഭവം 2026 -ലെ വസന്തകാലത്ത് റിപ്പോർട്ട് ചെയ്തതായി ഫിനാൻസ് നോർഗെയുടെ തട്ടിപ്പ് പ്രതിരോധ വിഭാഗം മേധാവി ഗ്രി നെർഗാർഡ് പറഞ്ഞു. നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലും സമീപപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരത്തെ ബെർഗനിലും സമാനമായ സംഭവങ്ങൾ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ബാങ്കുകൾ പ്രത്യേക മുന്നറിയിപ്പ് നൽകുന്ന മൂന്ന് തരം തട്ടിപ്പുകളിൽ ഒന്നാണിതെന്നും സംഘടനയുടെ അറിയിപ്പിൽ പറയുന്നു.
2025 -ൽ നോർവേയിലെ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും സാമ്പത്തിക തട്ടിപ്പിലൂടെ 962 ദശലക്ഷം നോർവീജിയൻ ക്രോണറിന്‍റെ (ഏകദേശം 978 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടായി. അതേസമയം, 3.5 ബില്യൺ ക്രോണറിലധികം (ഏകദേശം 3,558 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള തട്ടിപ്പ് ശ്രമങ്ങൾ ബാങ്കുകൾക്ക് തടയാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പുകൾ തിരിച്ചറിയാൻ ജനങ്ങളെ ബോധവത്കരിക്കുന്ന ദേശീയ പ്രചാരണവും ഫിനാൻസ് നോർഗെ ബാങ്കുകളുമായി ചേർന്ന് നടത്തുന്നുണ്ട്. അപരിചിതരുടെ നിർദേശപ്രകാരം സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങി പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്നാണ് അധികൃതരുടെ പ്രധാന മുന്നറിയിപ്പ്.