സ്ഥലം മാറി, താമസം മാറി, എന്നിട്ടും ദിവസവും സ്വന്തം നാട്ടിലെ മരച്ചുവട്ടിലിരിക്കാൻ എത്തുന്നൊരു വൃദ്ധൻ!

By Web TeamFirst Published Nov 23, 2021, 2:36 PM IST
Highlights

കഴിഞ്ഞ പതിനഞ്ചു വർഷമായി അദ്ദേഹം ദിവസവും ഇതിന്റെ ചുവട്ടിൽ എത്തുന്നു. പകൽ മുഴുവൻ ഇവിടെ ചിലവഴിക്കുന്ന അദ്ദേഹം രാത്രി തിരികെ മകന്റെ അടുത്തേയ്ക്ക് പോകുന്നു.

നമ്മൾ ജനിച്ച് വളർന്ന നാട്ടിൽ തന്നെ മരണം വരെ കഴിയാൻ സാധിക്കുകയെന്നത് ഒരു ഭാഗ്യമാണ്. പലപ്പോഴും ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തം നാടും വീടും ഒക്കെ ഉപേക്ഷിച്ച് പല സ്ഥലങ്ങളിലേയ്ക്കും പോകേണ്ടി വരാറുണ്ട്. എന്നാൽ, അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ സുഹൃത്തുക്കളോടൊപ്പം എന്നും ഒത്തുകൂടാറുള്ള ഇടത്ത് വന്ന് സൊറപറയുമ്പോൾ ഉണ്ടാകുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. അതുപോലെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സ്വന്തം നാട് ഉപേക്ഷിച്ച് പോകാൻ മടിച്ച ഒരു വൃദ്ധനുണ്ട് ഓൾഡ് ഡെൽഹി(Old Delhi)യിൽ. അദ്ദേഹത്തിന്റെ പേര് നേം സിങ്(Nem Singh).  

ഒന്നര പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം ഓൾഡ് ഡെൽഹിയിൽ നിന്ന് ന്യൂ ഡൽഹിയിലെ രോഹിണിയിലേക്ക് താമസം മാറിയത്. എന്നാൽ, അതിനുശേഷം ഒരു ദിവസം പോലും മുടങ്ങാതെ അദ്ദേഹം തന്റെ ജന്മസ്ഥലത്തേക്ക് യാത്രചെയ്യുന്നു. ഓൾഡ് ഡെൽഹിയിൽ കുച്ച ലാൽമാൻ പ്രദേശത്തെ ആൽമരത്തിന്റെ ചുവട്ടിൽ പകൽ മുഴുവൻ ചിലവഴിക്കുന്നു. അവിടെയിരുന്ന് തന്റെ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുന്നു. പുതിയ സ്ഥലത്തെത്തിയിട്ടും ഓൾഡ് ഡെൽഹിയിലെ തന്റെ കൂട്ടുകാരെയും, അയൽവാസികളെയും വിട്ട് പോകാൻ അദ്ദേഹത്തിന് മനസ്സ് വരുന്നില്ല. എവിടെയ്ക്ക് പറന്ന് പോയാലും, തിരികെ കൂട്ടിലേക്ക് എത്തുന്ന പക്ഷിയെ പോലെ അദ്ദേഹം എന്നും രാവിലെ ആൽമര ചുവട്ടിൽ തിരികെ എത്തുന്നു. ആൽമരത്തിന്റെ ചുവട്ടിലിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും അടുത്ത് വന്ന് സൗഹൃദം പുതുക്കുന്നു.  

കുട്ടിക്കാലം മുതൽ അദ്ദേഹം ജീവിച്ചത് ഈ ആൽമരത്തിന്റെ പരിസരത്താണ്. ഒരു പ്രസ്സിലായിരുന്നു അദ്ദേഹത്തിന് ജോലി. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ ദിനചര്യ ഇതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ കുടുംബ വീട് വിൽക്കുകയുണ്ടായി. അതിനെ തുടർന്ന്, ഡൽഹി ജൽ ബോർഡ് ജീവനക്കാരനായ മകന്റെ സർക്കാർ അനുവദിച്ച ഫ്‌ളാറ്റിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ താമസം. തന്നെ മകൻ പൊന്നുപോലെ നോക്കുന്നുവെങ്കിലും, ഈ തെരുവും, ഈ മരച്ചുവടുമാണ് തന്റെ യഥാർത്ഥ വീടെന്ന് അദ്ദേഹം പറയുന്നു.  

അതുകൊണ്ട് തന്നെ, കഴിഞ്ഞ പതിനഞ്ചു വർഷമായി അദ്ദേഹം ദിവസവും ഇതിന്റെ ചുവട്ടിൽ എത്തുന്നു. പകൽ മുഴുവൻ ഇവിടെ ചിലവഴിക്കുന്ന അദ്ദേഹം രാത്രി തിരികെ മകന്റെ അടുത്തേയ്ക്ക് പോകുന്നു. "ഇവിടെ എല്ലാവർക്കും എല്ലാവരേയും അറിയാം. എന്നാൽ ന്യൂഡൽഹിയിലെ ഫ്ലാറ്റിൽ ആരും പരസ്പരം സംസാരിക്കാറില്ല. ഒരാൾ വീട്ടിൽ ഇരുന്ന് എത്ര നേരം ടെലിവിഷൻ കാണും? ഇതാണ് എന്റെ സ്ഥലം, ഇവിടെയുള്ളവർ എല്ലാം എന്നോട് സംസാരിക്കുന്നു. ഒരു ദിവസം ഞാൻ വന്നില്ലെങ്കിൽ, എന്തേ വരാതിരുന്നതെന്ന് ചോദിക്കുന്നു. ഇവിടെ എല്ലാവരും എന്നെ സ്നേഹിക്കുന്നു. ഈ സ്ഥലം വിട്ടതിന് ശേഷം എന്തിനാണ് ഇവിടെ വരുന്നത് എന്ന് ആരും ചോദിക്കാറില്ല. ഞാൻ എന്റെ കുട്ടിക്കാലം മുഴുവൻ ഇവിടെ ചെലവഴിച്ചു. ഞാൻ ജനിച്ചത് ഇവിടെയാണ്. ഇത് എന്റെ സ്വന്തം സ്ഥലമാണ്. ഞാൻ ഇവിടെ നിന്ന് പോയാലും, ഇവിടം എന്റേതാണ്" അദ്ദേഹം എഎൻഐയോട് പറഞ്ഞു.

മഴയായാലും, കൊടുങ്കാറ്റായാലും അദ്ദേഹം തന്റെ യാത്ര മുടക്കാറില്ല. അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന്റെ കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഊന്നുവടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത് തന്നെ. എന്നിട്ടും ഇനിയും ഈ സ്ഥലത്തേക്ക് വരണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് നിറയെ. തന്റെ കാലുകൾ ചലിക്കുന്ന കാലമത്രയും താൻ ഇവിടെ വരുമെന്ന് അദ്ദേഹം പറഞ്ഞു.  

click me!